lulu-retail-ipo

ലുലു റീട്ടെയിൽ ഐപിഒയ്ക്ക് വൻ പ്രതികരണം. തിങ്കളാഴ്ച പ്രാഥമിക ഓഹരി വിൽപ്പന ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ മുഴുവൻ ഓഹരികളും സബ്സ്ക്രൈബ് ചെയ്യപ്പെട്ടു. ഓഹരിയൊന്നിന് 1.94 മുതൽ 2.04 ദിർഹം (44.40 രൂപ മുതൽ 46.70 രൂപ) വരെയാണ് കമ്പനി നിശ്ചയിച്ച ഇഷ്യുവില. നവംബർ അഞ്ച് വരെ നിക്ഷേപകർക്ക് സബ്സ്ക്രിഷന് അവസരമുണ്ട്. അന്തിമ വില നവംബർ ആറിന് പ്രഖ്യാപിക്കും. 

ഇഷ്യു വില പ്രകാരം 143 കോടി ഡോളറിന്റെ ഐപിഒ ആണ് ലുലു റീട്ടെയിലന്റേത്. അതായത് ഏകദേശം 11,889 കോടി രൂപയാണ് കമ്പനി ഐപിഒയിലൂടെ സമാഹരിക്കുക. യുഎഇയിൽ ഈ വർഷം ഇതുവരെ നടത്തിയ ഐപിഒകളിൽ ഏറ്റവും വലുതാണ് ലുലു റീട്ടെയിൽ ഐപിഒ. ഓയിൽ സർവീസ് കമ്പനിയായ എൻഎംഡിസി എനർജിയുടെ 87.7 കോടി ഡോളറിന്റെ (7,275.1 കോടി രൂപ) ഐപിഒ ആണ് രണ്ടാമത്. 

ഐപിഒയ്ക്ക് ശേഷം ലുലു റീട്ടെയിൽ ഹോൾഡിങിൽ യൂസഫലി കുടുംബത്തിന് 60 ശതമാനം ഓഹരി പങ്കാളിത്തമാണ് ഉണ്ടായിരിക്കുക. നേരത്തെ 2021 ൽ അബുദാബി ഡെവലപ്മെന്റ് ഹോൾഡിങ് കമ്പനിക്ക് 20 ശതമാനം ഓഹരികൾ യുസഫലി വിറ്റിരുന്നു. 

ലുലു റീട്ടെയിലിന്റെ 25 ശതമാനം ഓഹരികളാണ് ഐപിഒയിലൂടെ വിറ്റഴിക്കുന്നത്. 258.2 കോടി ഓഹരികൾ വരുമിത്. ഐപിഒയിലെ 89 ശതമാനം ഓഹരികളും യോഗ്യരായ നിക്ഷേപ സ്ഥാപനങ്ങൾ (ക്യുഐബി) ക്കായി നീക്കി വെച്ചിട്ടുള്ളത്. 10 ശതമാനമാണ് റീട്ടെയിൽ നിക്ഷേപകർക്കായി മാറ്റിവെച്ചിട്ടുള്ളത് ഒരു ശതമാനം ഓഹരികൾ യോഗ്യരായ ജീവനക്കാർക്കാണ്.

റീട്ടെയിൽ നിക്ഷേപകർക്ക് കുറഞ്ഞത് 5000 ദിർഹത്തിന്റെ ഓഹരികൾക്ക് അപേക്ഷ സമർപ്പിക്കാം. തുടർന്ന് 1000 ദിർഹത്തിന്റെ ​ഗുണിതങ്ങളായും അപേക്ഷിക്കാം. മിനിമം 1,000 ഓഹരികളാണ് റീട്ടെയിൽ നിക്ഷേപകർക്ക് ലഭിക്കുക. ഓഹരി അനുവദിച്ച റീട്ടെയിൽ നിക്ഷേപകർക്ക് 12 ന് എസ്എംഎസ് വഴി വിവരം ലഭിക്കും. ഓഹരി ലഭിക്കാത്തവർക്ക് 13 ന് റീഫണ്ട് ലഭിക്കും.14 ന് ലിസ്റ്റ് ഓഹരി അബുദാബി സെക്യൂരിറ്റിസ് എക്‌സ്‌ചേഞ്ചിൽ ലിസ്റ്റ് ചെയ്യും.

Google News Logo Follow Us on Google News

ENGLISH SUMMARY:

Lulu retail IPO; Shares fully subscribed with in hours.