നിക്ഷേപകരിൽ നിന്നുള്ള ഉയർന്ന ഡിമാന്‍ഡ് കാരണം ലുലു റീട്ടെയിലിന്‍റെ ഓഹരി വിൽപന 30 ശതമാനമാക്കി ഉയർത്തി. 25 ശതമാനം ഓഹരികൾ അതായത് 258.2 കോടി ഓഹരികൾ വിൽക്കാനായിരുന്നു ആദ്യ തീരുമാനം. അതാണ് 309.86 കോടി ഓഹരികളായി ഉയർത്തിയത്. അധികമായി വിൽക്കുന്ന അഞ്ച് ശതമാനം ഓഹരി ഇൻസ്റ്റിറ്റ്യൂഷണൽ നിക്ഷേപകർക്കായാണ് നീക്കിവച്ചിരിക്കുന്നത്.
ഓഹരിയൊന്നിന് 1.94 മുതൽ 2.04 ദിർഹം (44.40 രൂപ മുതൽ 46.70 രൂപ) വരെയാണ് കമ്പനി നിശ്ചയിച്ച ഇഷ്യുവില. ഒക്ടോബർ 28 ന് ആരംഭിച്ച ഐപിഒയ്ക്ക് നവംബർ അഞ്ച് വരെ നിക്ഷേപകർക്ക് സബ്സ്ക്രിഷന് അവസരമുണ്ട്. അന്തിമ വില നവംബർ ആറിന് പ്രഖ്യാപിക്കും.
അതേസമയം വലിയ നിക്ഷേപ പിന്തുണയാണ് ഓഹരി വിൽപ്പനയ്ക്ക് ലഭിച്ചത്. ഐപിഒയുടെ ആദ്യ മണിക്കൂറിൽ തന്നെ മുഴുവൻ ഓഹരികളും സബ്സ്ക്രൈബ് ചെയ്യപ്പെട്ടിരുന്നു. വൻ ഡിമാൻഡ് കണക്കിലെടുത്താണ് കൂടുതൽ ഓഹരികൾ വിൽക്കാൻ തീരുമാനിച്ചതെന്ന് ലുലു റീട്ടെയ്ൽ അധികൃതർ അറിയിച്ചു.
ആദ്യത്തെ ഓഹരി വിൽപ്പന പ്രകാരം 143 കോടി ഡോളറിന്‍റെ ഓഹരി വിൽപ്പനയാണ് (ഏകദേശം 11,889 കോടി രൂപ) യാണ് കമ്പനി ഐപിഒയിലൂടെ സമാഹരിക്കാൻ ലക്ഷ്യമിട്ടിരുന്നത്. പുതുക്കിയ കണക്ക് പ്രകാരം ഏകദേശം 172 കോടി ഡോളർ (14,396 കോടി രൂപ) യാണ് ഐപിഒ വഴി സമാഹരിക്കുക.
യുഎഇയിൽ ഈ വർഷം ഇതുവരെ നടത്തിയ ഐപിഒകളിൽ ഏറ്റവും വലുതാണ് ലുലു റീട്ടെയിൽ ഐപിഒ. ഓയിൽ സർവീസ് കമ്പനിയായ എൻഎംഡിസി എനർജിയുടെ 87.7 കോടി ഡോളറിന്റെ (7,275.1 കോടി രൂപ) ഐപിഒ ആണ് രണ്ടാമത്.
ഓഹരി അനുവദിച്ച റീട്ടെയിൽ നിക്ഷേപകർക്ക് 12 ന് എസ്എംഎസ് വഴി വിവരം ലഭിക്കും. ഓഹരി ലഭിക്കാത്തവർക്ക് 13 ന് റീഫണ്ട് ലഭിക്കും.14 നാണ് ഓഹരി അബുദാബി സെക്യൂരിറ്റിസ് എക്‌സ്‌ചേഞ്ചിൽ ലിസ്റ്റ് ചെയ്യുക.
പ്രൈസ് ബാൻഡ് പ്രകാരം 45,318 മുതൽ 47,622 കോടി രൂപ വരെയാണ് കമ്പനിയുടെ വിപണി മൂല്യം 546 കോടി രൂപ മുതൽ 574 കോടി രൂപ വരെയാണ് കമ്പനിക്ക് പ്രതീക്ഷിക്കുന്ന വിപണി മൂല്യം.