gold-investment

കേരളത്തിലെ മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളില്‍ വലിയ വര്‍ധന. വിവിധ മ്യൂച്വല്‍ ഫണ്ട് വിഭാഗങ്ങളിലായി ഒക്ടോബര്‍ മാസത്തിലെ മലയാളികളുടെ ആകെ നിക്ഷേപ മൂല്യം 85,416.59 കോടി രൂപയായി. ഇതില്‍ വലിയൊരു സംഖ്യയുടെ നിക്ഷേപം വന്നത് ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളിലേക്കും ബാലന്‍സ്ഡ് ഫണ്ടുകളിലുമാണ്. അതോടൊപ്പം ഗോള്‍ഡ് ഇടിഎഫിലേക്കുള്ള മലയാളി നിക്ഷേപത്തിലും വലിയ വര്‍ധന കാണാം. 

കേരളത്തില്‍ നിന്ന് ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളിലേക്കുള്ള ആകെ നിക്ഷേപ മൂല്യം (അസറ്റ് അണ്ടര്‍ മാനേജ്മെന്‍റ്–AUM) 64,478.07 കോടി രൂപയാണ്. ഇക്വിറ്റിയിലും ബോണ്ടിലും നിക്ഷേപിക്കുന്ന ബാലന്‍ഡ് ഫണ്ടിലെ എയുഎം 6856.43 കോടി രൂപയാണ്. ലിക്വിഡ് സ്കീമുകളില്‍ 5893.91 കോടി രൂപയും മറ്റു ഡെറ്റ് ഫണ്ടുകളിലേക്ക് 6451.82 കോടി രൂപയുമാണ് മലയാളി നിക്ഷേപകരുടെ പണമുള്ളത്. 

വിദേശത്ത് നിക്ഷേപിക്കുന്ന ഫണ്ട് ഓഫ് ഫണ്ട്സില്‍ 396.40 കോടിയുടെ നിക്ഷേപം. സ്വര്‍ണ ഇടിഎഫുകളിലുള്ള ആകെ നിക്ഷേപം 234.15 കോടി രൂപയിലെത്തി. മറ്റ് ഇടിഎഫുകളിലെ നിക്ഷേപം 1105.80 കോടി രൂപയാണ്.

ഇതോടെ ചരിത്രത്തിലാദ്യമായി മലയാളികളുടെ മ്യൂച്വല്‍ ഫണ്ട് നിക്ഷേപം 85,000 കോടി രൂപ കടന്നതായി അസോസിയേഷൻ ഓഫ് മ്യൂച്വൽഫണ്ട്സ് ഇൻ ഇന്ത്യയുടെ കണക്കുകൾ വ്യക്തമാക്കുന്നു. 

സ്വര്‍ണം വാങ്ങാന്‍ ഇടിഎഫ് 

കേരളത്തില്‍ സ്വര്‍ണ വില കുതിച്ചുയര്‍ന്ന മാസങ്ങളില്‍ മലയാളികള്‍ സ്വര്‍ണം വാങ്ങാന്‍ ഇടിഎഫ് തിരഞ്ഞെടുത്തതായി കാണാം. 2024 ലെ 10 മാസങ്ങളിലും സ്വര്‍ണ ഇടിഎഫിലേക്കുള്ള മലയാളി നിക്ഷേപം വര്‍ധിക്കുകയാണ്.

ആഭരണം വാങ്ങാനുള്ള അധിക ചെലവ് ഒഴിവാക്കി സ്വര്‍ണ ഇടിഎഫ് വാങ്ങി മലയാളി സ്വര്‍ണത്തിലെ ലാഭമുണ്ടാക്കുന്നു എന്നാണ് കണക്കുകള്‍ കാണിക്കുന്നത്. രാജ്യാന്തര വില 2,790 ഡോളര്‍ കടന്നതോടെ കേരളത്തില്‍ ഒരുവേള സ്വര്‍ണ വില 59,000 കടന്നിരുന്നു. ഈ മാസങ്ങളിലാണ് ഇടിഎഫിലേക്കുള്ള നിക്ഷേപം 200 കോടിക്ക് മുകളിലെത്തിയത്.  

Also Read: മൂക്കും കുത്തി സ്വര്‍ണ വില; രണ്ടാഴ്ചയ്ക്കിടെ കുറഞ്ഞത് 2,720 രൂപ; ഇന്നും വില കുറഞ്ഞു

സെപ്റ്റംബര്‍ മാസത്തില്‍ 213 കോടി രൂപയായിരുന്നു മലയാളികളുടെ സ്വര്‍ണ ഇടിഎഫ് നിക്ഷേപങ്ങളുടെ ആകെ മൂല്യം. ഓഗസ്റ്റിലിത് 204.20 കോടി രൂപയും ജൂലായില്‍ 177.06 കോടി രൂപയുമായിരുന്നു.

ജൂണ്‍– 175.24 കോടി രൂപ, മേയ്– 169.78 കോടി രൂപ, ഏപ്രില്‍– 165.22 കോടി രൂപ, മാര്‍ച്ച്– 150.08 കോടി രൂപ, ഫെബ്രുവരി– 141.57 കോടി രൂപ, ജനുവരി– 137.09 എന്നിങ്ങനെയാണ് മലയാളി ഇടിഎഫ് വഴി സ്വര്‍ണം വാങ്ങിയതിന്‍റെ കണക്ക്.

Also Read: 500 ഓളം സ്വിഗ്ഗി ജീവനക്കാര്‍ ഇന്ന് കോടിപതിയാകും; എങ്ങനെ?

സ്വര്‍ണ ഇടിഎഫ്

ഇന്ത്യൻ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത, ആഭ്യന്തര സ്വർണ വില ട്രാക്ക് ചെയ്യുന്ന എക്‌സ്‌ചേഞ്ച്-ട്രേഡഡ് ഫണ്ടാണ് ഗോൾഡ് ഇടിഎഫ്. ഇലക്ട്രോണിക് രൂപത്തിൽ സ്വർണം വാങ്ങാനുള്ള മാർ​ഗമാണിത്. കുറഞ്ഞ തുകയ്ക്ക് വാങ്ങാനുള്ള സൗകര്യം, കുറഞ്ഞ നിക്ഷേപച്ചെലവ്, ട്രേഡ് ചെയ്യാനുള്ള എളുപ്പം എന്നിവ കാരണം ഗോള്‍ഡ് ഇടിഎഫുകൾക്ക് വലിയ സ്വീകാര്യതയുണ്ട്.

സ്വർണ വിലയെ അടിസ്ഥാനമാക്കിയാണ് ഗോള്‍ഡ് ഇടിഎഫുകളുടെ പ്രവർത്തനം. ഡീ–മെറ്റീരിയലൈസ്ഡ് രൂപത്തിലുള്ള ഉള്ള ഭൗതിക സ്വർണത്തെ പ്രതിനിധീകരിക്കുന്ന യൂണിറ്റുകളാണിവ. ഗോൾഡ് ഇടിഎഫുകൾ വാങ്ങുക എന്നതിനർത്ഥം ഇലക്ട്രോണിക് രൂപത്തിൽ സ്വർണം വാങ്ങുന്നു എന്നാണ്. ഓരോ യൂണിറ്റുകളായാണ് ​ഗോൾഡ് ഇടിഎഫിൽ നിക്ഷേപിക്കാൻ സാധിക്കുക.

ഇക്വിറ്റിയോടും പ്രീയം

ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളിലേക്കും മലയാളികള്‍ നിക്ഷേപം വര്‍ധിപ്പിക്കുന്നുണ്ട്. ജനുവരിയില്‍ 45696.15 കോടി രൂപയായിരുന്നു ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളിലേക്കുള്ള മലയാളിയുടെ നിക്ഷേപം. ഇത് 64,478 കോടിക്ക് മുകളിലാണിപ്പോള്‍. അതേസമയം സെപ്റ്റംബറില്‍ ഇക്വിറ്റി നിക്ഷേപം 64643.25 കോടി രൂപയായിരുന്നു. 

ENGLISH SUMMARY:

Malayalai investment in Gold ETF rose to Rs 234 Crore in October.