zomato-welcomes-swiggy-to-stock-market

ബിസിനസ് രംഗത്തെ ഭീമന്‍മാര്‍ക്കിടയിലെ കേട്ടുപഴകിയ വൈര്യത്തിന്‍റെ കഥകള്‍ പഴങ്കഥകളാക്കുകയാണ് ഓൺലൈൻ ഭക്ഷണ വിതരണ മേഖലയിലെ ഭീമനായ സൊമാറ്റോ. തങ്ങളുടെ എതിരാളിയായ സ്വിഗ്ഗിയെ ഓഹരി വിപണിയിലേക്ക് സ്വാഗതം ചെയ്ത് സൊമാറ്റോ കുറിച്ച വരികളാണ് വൈറലാകുന്നത്. സ്വിഗ്ഗി ഓഹരികൾ വിപണിയില്‍ ലിസ്റ്റ് ചെയ്യപ്പെട്ടതിന് പിന്നാലെയാണ് സൊമാറ്റോയുടെ ട്വീറ്റ്.

‘നീയും ഞാനും...ഈ മനോഹരമായ ലോകത്ത്’ എന്നാണ് സൊമാറ്റാ എക്സില്‍ കുറിച്ചത്. ഒപ്പം ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് (ബിഎസ്ഇ) കെട്ടിടത്തിന് മുന്നിൽ സ്വിഗ്ഗി, സൊമാറ്റോ ഡെലിവറി എക്സിക്യൂട്ടീവുകള്‍ നില്‍ക്കുന്ന ചിത്രവും പങ്കുവച്ചിട്ടുണ്ട്. സ്റ്റോക്ക് എക്സ്ചേഞ്ചിന് മുന്നിലെ സ്ക്രീനിൽ 'സ്വിഗ്ഗി ലിസ്റ്റ് ചെയ്തു' എന്നു എഴുതിയിരിക്കുന്നതായും കാണാം. സൊമാറ്റോയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലാണ് പോസ്റ്റ്.

പിന്നാലെ ഇതേ പോസ്റ്റ് പങ്കിട്ട് സൊമാറ്റോ സിഇഒ ദീപീന്ദർ ഗോയലും രംഗത്തെത്തി. സ്വിഗ്ഗിയുടെ വിജയകരമായ ലിസ്റ്റിങ്ങിനെ അഭിനന്ദിച്ച്, അഭിനന്ദനങ്ങൾ സ്വിഗ്ഗി! ഇന്ത്യയെ ഒരുമിച്ച് സേവിക്കാന്‍ മറ്റൊരു കൂട്ട് വേറെയില്ലെന്നാണ് ദീപീന്ദർ ഗോയല്‍ കുറിച്ചത്. സൊമാറ്റോയുടെ ട്വീറ്റിന് 'ഇറ്റ്സ് ഗിവിങ് ജയ് ആൻഡ് വീരു' എന്ന് സ്വിഗ്ഗി നൽകിയ മറുപടിയും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിട്ടുണ്ട്. ഷോലെ സിനിമയിലെ ജയ്-വീരു സൗഹൃദത്തെ ഓർമപ്പെടുത്തിയായിരുന്നു സ്വിഗ്ഗിയുടെ മറുപടി.

2021 ജൂലൈ 23 ന് സൊമാറ്റോ ലിസ്റ്റ് ചെയ്തപ്പോഴും കമ്പനി സമാനമായ ചിത്രം പോസ്റ്റ് ചെയ്തിരുന്നു. 'സൊമാറ്റോ ലിസ്റ്റ് ചെയ്തു' എന്നെഴുതിയ  സ്റ്റോക്ക് എക്സ്ചേഞ്ചിന് മുന്നിലെ സ്ക്രീനിൽ നോക്കിനിൽക്കുന്ന സൊമാറ്റോ ഡെലിവറി ബോയിയുടെ ചിത്രമായിരുന്നു അന്ന് പങ്കിട്ടത്. ഇതേ ചിത്രത്തില്‍ സ്വിഗ്ഗി ഡെലിവറി ബോയിയെയും ചേര്‍ത്താണ് സൊമാറ്റോയുടെ പുതിയ ട്വീറ്റ്. അതേസമയം 390 രൂപ ഇഷ്യൂ വിലയുണ്ടായിരുന്ന സ്വിഗ്ഗി ഓഹരികൾ 7.69 ശതമാനം നേട്ടത്തിൽ 420 രൂപയിലാണ് ലിസ്റ്റ് ചെയ്തത്. 18 ശതമാനം നേട്ടത്തോടെ 464 രൂപയിലായിരുന്നു ക്ലോസിങ്.

ENGLISH SUMMARY:

The well-known rivalry between giants in the business world is becoming a thing of the past, thanks to Zomato, a major player in the online food delivery sector. Zomato's welcoming words for its competitor Swiggy are going viral. This tweet from Zomato came right after Swiggy's shares were listed on the market.