bear-market

TOPICS COVERED

തുടര്‍ച്ചയായ ആറാം ദിവസവും നഷ്ടത്തിലേക്ക് വീണ് ഇന്ത്യന്‍ ഓഹരി വിപണി. എച്ച്ഡിഎഫ്സി ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് തുടങ്ങിയ മുന്‍നിര ഓഹരികളുടെ പിന്‍ബലത്തില്‍ നഷടം കുറച്ച് സൂചികകള്‍ ക്ലോസ് ചെയ്തത്. ബാങ്കിങ്, ഓട്ടോ ഓഹരികളില്‍ പ്രകടമായ വാങ്ങല്‍ താല്‍പര്യം സൂചികകളില്‍ നേട്ടമുണ്ടാക്കിയെങ്കിലും എഫ്എംസിജി ഓഹരികളില്‍ കണ്ട ശക്തമായ വില്‍പ്പനയാണ് ഇടിവിലേക്ക് കൊണ്ടെത്തിച്ചത്.  

Also Read: അബുദാബി സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്ത് ലുലു റീറ്റെയില്‍; ഓഹരി നഷ്ടത്തില്‍

നിഫ്റ്റി 26.35 പോയന്‍റ് നഷ്ടത്തില്‍ 23,532 ലും സെന്‍സെക്സ് 110 പോയന്‍റ് നഷ്ടത്തില്‍ 77,580 ലും ക്ലോസ് ചെയ്തു. സൂചികകളില്‍ ഒരാഴചയുണ്ടായ നഷ്ടം 2.50 ശതമാനമാണ്. നിഫ്റ്റി മിഡ്കാപ് സൂചിക 0.45 ശതമാനവും നിഫ്റ്റി സ്മോള്‍ കാപ് സൂചിക 0.81 ശതമാനവും നേട്ടമുണ്ടാക്കി. ഒരാഴ്ചയ്ക്കിടെ 4.6 ശതമാനം നഷ്ടമാണ് സൂചികയിലുണ്ടായത്. ഗുരു നാനാക്ക് ജയന്തി പ്രമാണിച്ച് വെള്ളിയാഴ്ച ഓഹരി വിപണിക്ക് അവധിയാണ്.

എഫ്എംസിജി, പവർ, പിഎസ്‍യു ബാങ്ക്, ഓയിൽ ആൻഡ് ഗ്യാസ് എന്നി സെക്ടറില്‍ സൂചികകള്‍ 0.3-1 ശതമാനം ഇടിഞ്ഞു. ഓട്ടോ, മീഡിയ, റിയാലിറ്റി സെക്ടറുകള്‍ 0.6-2 ശതമാനം വരെ നേട്ടമുണ്ടാക്കി.

Also Read: എന്തൊരു നഷ്ടം! അംബാനി ഗ്രൂപ്പിന്‍റെ ഭാഗമായ ഈ കമ്പനിക്ക് നഷ്ടം 12,548 കോടി രൂപ; കാരണമിതാ 

നിഫ്റ്റിയില്‍ എച്ച്‌യുഎൽ, ബിപിസിഎൽ, ടാറ്റ കൺസ്യൂമർ, നെസ്‌ലെ, ബ്രിട്ടാനിയ തുടങ്ങിയവ നഷ്ടത്തിലാണ്. രണ്ടാം പാദഫലത്തിന് പിന്നാലെ ഐഷര്‍ മോട്ടോര്‍സ് ആറു ശതമാനം നേട്ടമുണ്ടാക്കി. ഹിറോ മോട്ടോക്രോപ്പ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്ഡിഎഫ്സി ലൈഫ്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നി ഓഹരികളാണ് നിഫ്റ്റിയില്‍ നേട്ടമുണ്ടാക്കിയത്. 

അഞ്ച് ദിവസമായി ഇടിവ് തുടരുന്ന സുസ്ലോണ്‍ എനര്‍ജി അഞ്ച് ശതമാനം നേട്ടത്തില്‍ അപ്പര്‍ സര്‍ക്യൂട്ട് തൊട്ടു. ശില്‍പമെഡികെയര്‍, ദീപക് നിട്രെറ്റ്, അപ്പോളോ ടയേഴ്സ് എന്നിവ രണ്ടാം പാദഫലത്തിന് പിന്നാലെ നേട്ടമുണ്ടാക്കി. സോമാറ്റോ, ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസ് എന്നിവ ആറു ശതമാനം വരെ ഉയര്‍ന്നു. 

ഇടിവിനുള്ള കാരണങ്ങള്‍ 

ഡോളറിനെതിരെ രൂപയുടെ മൂല്യം സര്‍വകാല ഇടിവിലേക്ക് വീണതാണ് ഓഹരി വിപണിയിലെ ഇടിവിന്‍റെ ഒരു കാരണം. ഡോളറിനെതിരെ രൂപ രണ്ടു പൈസ ഇടിഞ്ഞ് 84.41 നിലവാരത്തിലെത്തി. തുടരുന്ന വിദേശ നിക്ഷേപകരുടെ പിന്മാറ്റവും ശക്തമായ ഡോളറും രൂപയ്ക്ക് തിരിച്ചടിയായി.

ഡോളര്‍ സൂചിക നവംബറില്‍ 1.80 ശതമാനം ഉയര്‍ന്നു. 10 വര്‍ഷ യുഎസ് ബോണ്ട് യീല്‍ഡ് 4.42 ശതമാനത്തിലെത്തി. ഇതോടെ യുഎസ് ബോണ്ടിലേക്ക് നിക്ഷേപം മാറുന്നതും  രൂപയ്ക്ക് തിരിച്ചടിയായി. 

വിദേശ നിക്ഷേപകരുടെ വില്‍പ്പനയാണ് മറ്റൊരു കാരണം. തുടര്‍ച്ചയായ 32–ാം വ്യാപാര സെഷനിലാണ് വിദേശ നിക്ഷേപകര്‍ വില്‍പ്പനക്കാരാകുന്നത്. ചൊവ്വാഴ്ച 364.35 കോടി രൂപയുടെ ഇന്ത്യന്‍ ഓഹരികള്‍ വിദേശ നിക്ഷേപകര്‍ വിറ്റു. നവംബറിലിത് 23,911 കോടി രൂപയായി. 

പണപ്പെരുപ്പം സംബന്ധിച്ച ആശങ്കയും മാന്ദ്യ ഭീതിയുമാണ് വിപണിയെ അലട്ടുന്ന മറ്റൊരു ഘടകം. വിദേശ ബാങ്കുകള്‍ തുടര്‍ച്ചയായി പലിശ നരക്ക് കുറയ്ക്കുമ്പോഴും ഇന്ത്യയില്‍ റിസര്‍വ് ബാങ്ക് പലിശ നിരക്ക് നിലനിര്‍ത്തുകയാണ്.

പണപ്പെരുപ്പവും രൂപയുടെ ഇടിവും പ്രധാന കാരണങ്ങളായി തുടരുകയാണ്, രൂപയുടെ ഇടിവ് ഇറക്കുമതി ചെലവ് കൂട്ടുകയും പണപ്പെരുപ്പത്തിന് കാരണമാവുകയും ചെയ്യുന്നു. ഒക്ടോബറിലെ റീട്ടെയില്‍ പണപ്പെരുപ്പം 6.21 ശതമനമായി. ഒരു വര്‍ഷത്തിനിടെ ആര്‍ബിഐയുടെ ക്ഷമതാ പരിധിയായ ആറു ശതമാനം കടക്കുന്നത് ആദ്യമാണ്. 

ഇതിനൊപ്പമാണ് ഇന്ത്യന്‍ കമ്പനികളുടെ മോശം പാദഫലങ്ങള്‍. ജൂലൈ– സെപ്റ്റംബര്‍ പാദ ഫലങ്ങള്‍ 2020 തിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലവാരത്തിലാണെന്ന് ജെഫേഴ്സ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. സെപ്റ്റംബര്‍ പാദഫലം രേഖപ്പെടുത്തിയ 121 കമ്പനികളിൽ 63 ശതമാനവും 2025 സാമ്പത്തിക വര്‍ഷത്തിലേക്കുള്ള വരുമാന പ്രലചനം കുറച്ചതായി ജെഫറീസ് അഭിപ്രായപ്പെട്ടു. ഇത് സാമ്പത്തിക മാന്ദ്യത്തിന്‍റെ വെല്ലുവിളികളിലേക്കാണ് വിരള്‍ ചൂണ്ടുന്നതെന്നാണ് ജെഫേഴ്സ് റിപ്പോര്‍ട്ട്. 

ഇനി നിഫ്റ്റി എങ്ങോട്ട്

വിദേശ നിക്ഷേപകരുടെ തുടര്‍ച്ചയായ വില്‍പ്പനയ്ക്ക് പിന്നാലെ നിഫ്റ്റി സര്‍വകാല ഉയരമായ 26,277 നിലവാരത്തില്‍ നിന്നും 10 ശതമാനം ഇടിവിലാണ് വ്യാപാരം നടക്കുന്നത്. ഇനിയും പത്ത് ശതമാനം കൂടി ഇടിയാന്‍ സാധ്യതയെന്നാണ് വിദഗ്ധര്‍ നല്‍കുന്ന സൂചന.  സെപ്റ്റംബര്‍ 27 ന് സര്‍വകാല ഉയരം തൊട്ടതിന് പിന്നാലെ 1.20 ലക്ഷം കോടി രൂപയാണ് ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്നും വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. മോശം രണ്ടാം പാദഫലങ്ങളും ചൈനീസ് ഉത്തേജന പാക്കേജുകളും വില്‍പ്പനയ്ക്ക് ഊര്‍ജമായി.  

വിദേശ നിക്ഷേപ സ്ഥാപനമായ സിഎല്‍എസ്എയുടെ ലോറൻസ് ബാലൻകോയുടെ വിലയിരുത്തല്‍ പ്രകാരം ഇന്ത്യന്‍ വിപണിയിലെ ഇടിവ് 2025 ന്‍റെ ആദ്യ പാദം വരെ തുടര്‍ന്നേക്കാം എന്നാണ്. സര്‍വകാല ഉയരത്തില്‍ നിന്നും നിഫ്റ്റി 10 ശതമാനം ഇടിഞ്ഞ രണ്ട് സാഹചര്യങ്ങളാണ് നേരത്തെയുണ്ടായിരുന്നത്. 2022 സെപ്റ്റംബറിലും 2023 മാര്‍ച്ചിലും സൂചിക വേഗത്തില്‍ തിരികെ കയറി. 

(Disclaimer: ഈ ലേഖനം ഓഹരി വാങ്ങാനോ വിൽക്കാനോ ഉള്ള നിർദേശമോ ഉപദേശമോ അല്ല. ഓഹരി നിക്ഷേപം വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങൾ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധൻറെ ഉപദേശം തേടുകയോ ചെയ്യുക)

ENGLISH SUMMARY:

Sensex and Nifty extended decline for sixth day. What's the reason for todays crash.