ലുലു റീട്ടെയിലിന്‍റെ ഓഹരി വില്പനയ്ക്ക് അബുദാബി സെക്യൂരിറ്റി എക്സേഞ്ചിൽ തുടക്കം. നിക്ഷേപകർക്ക് മികച്ച ലാഭം ലഭിക്കുന്നതിനുള്ള പ്രയത്നം ലുലു തുടരുമെന്ന് എം.എ യൂസഫലി വ്യക്തമാക്കി.
ഇന്ത്യക്കാരന്റെ ഉടമസ്ഥയിലുള്ള കമ്പനിയുടെ ജിസിസിയിലെ ഏറ്റവും വലിയ ലിസ്റ്റിങ്ങ് എന്ന റെക്കോർഡോടെയാണ് ലുലു റീട്ടെയ്ൽ ട്രേഡിങ്ങിന് തുടക്കമായത്. അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിൽ യുഎഇ നിക്ഷേപ മന്ത്രി മുഹമ്മദ് ബിൻ ഹസൻ അൽസുവൈദിയും ലുലു ചെയർമാൻ എം.എ യൂസഫലിയും ചേർന്ന് ട്രേഡിങ്ങിന് തുടക്കംകുറിച്ചു.
എഡിഎക്സിലെ നൂറാമത്തെ ലിസ്റ്റിങ് ആണ് ലുലുവിന്റേത്. 2.04 ദിർഹം എന്ന നിലയിലാണ് വ്യാപരം തുടങ്ങിയത്. യുഎഇയുടെയും ജിസിസിയുടെയും വികസനത്തിന് ലുലു നൽകിയ പങ്കാളിത്വം മാതൃകാപരമാണെന്നും ഇപ്പോൾ കൂടുതൽ ജനകീയമായെന്നും മന്ത്രി മുഹമ്മദ് ബിൻ ഹസൻ അൽസുവൈദി പറഞ്ഞു. ലുലുവിന്റെ റീട്ടെയ്ൽ യാത്രയിലെ ചരിത്രമുഹൂർത്തമാണ് ലിസ്റ്റിങ്ങെന്നും നിക്ഷേപകർക്ക് മികച്ച റിട്ടേൺ ലഭ്യമാക്കാനുള്ള ശ്രമം തുടരുമെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി പറഞ്ഞു.
വ്യാപാരം തുടങ്ങി ഒരുഘട്ടത്തിൽ 1.99 ദിർഹം വരെ താഴ്ന്ന ശേഷം പ്രാരംഭവിലയായ 2.04 ദിർഹത്തിൽ ക്ലോസ് ചെയ്യുകയായിരുന്നു. 24 കോടി 80 ലക്ഷം ഓഹരികളാണ് ഇതിനകം കൈമാറ്റം ചെയ്യപ്പെട്ടത്. ലുലു റീട്ടെയിലിന്‍റെ 30 ശതമാനം ഓഹരികളാണ് വിപണിയിൽ ലിസറ്റ് ചെയ്തത്.