മഹാരത്ന പദവിയുള്ള കേന്ദ്ര പൊതുമേഖലാ കമ്പനിയായ എന്‍ടിപിസിയുടെ സബ്സിഡിയറി, എൻടിപിസി ഗ്രീൻ എനർജിയുടെ ഐപിഒ ചൊവ്വാഴ്ച സബ്സ്ക്രിപ്ഷന് തുറക്കും. 10,000 കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യമിട്ടുള്ള ഐപിഒയില്‍ 92.59 കോടി ഓഹരികളാണ് വിറ്റഴിക്കുന്നത്. 22 ന് ഐപിഒ സബ്സ്ക്രിപ്ഷന്‍ അവസാനിക്കും.
102-108 രൂപ നിലവാരത്തിലാണ് എന്‍ടിപിസി ഗ്രീന്‍ എനര്‍ജിയുടെ ഐപിഒ വില. 138 ഓഹരികളുള്ള ഒരു ലോട്ട് മുതല്‍ നിക്ഷേപകര്‍ക്ക് അപേക്ഷിക്കാം. ഏറ്റവും കുറഞ്ഞത് 14,904 രൂപയുണ്ടെങ്കില്‍ എന്‍ടിപിസി ഗ്രീന്‍ എനര്‍ജി ഓഹരികള്‍ക്ക് അപേക്ഷിക്കാനാകും. നവംബര്‍ 27 ന് ഓഹരി ബിഎസ്ഇയിലും എന്‍എസ്ഇയിലും ലിസ്റ്റ് ചെയ്യും.
75 ശതമാനം ഓഹരികള്‍ യോഗ്യരായ നിക്ഷേപ സ്ഥാപനങ്ങള്‍ക്കും 15 ശതമാനം ഓഹരികള്‍ സ്ഥാപനേതര നിക്ഷേപകര്‍ക്കും 10 ശതമാനം റീട്ടെയില്‍ നിക്ഷേപകര്‍ക്കും മാറ്റിവച്ചിട്ടുണ്ട്. കമ്പനി ജീവനക്കാര്‍കര്‍ക്ക് ഓഹരി ഒന്നിന് അഞ്ച് രൂപ ഡിസ്കൗണ്ടോടെ 200 കോടി രൂപയുടെ ഓഹരികൾ നീക്കിവെച്ചിട്ടുണ്ട്. മാതൃകമ്പനിയായ എൻടിപിസിയുടെ ഓഹരികൾ കൈവശമുള്ളവർക്കായി 1,000 കോടി രൂപയുടെ ഓഹരികളും മാറ്റിവച്ചിട്ടുണ്ട്.
സോളർ, വിൻഡ് എനർജി, ഗ്രീൻ ഹൈഡ്രജൻ തുടങ്ങിയ പുനരുപയോഗ ഊർജോൽപാദന പദ്ധതികളിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനിയാണ് എൻടിപിസി ഗ്രീൻ എനർജി. 2022 ലാണ് കമ്പനി ആരംഭിക്കുന്നത്. 25.67 ജിഗാവാട്ട് ശേഷിയാണ് കമ്പനിക്കുള്ളത്. ഇതില്‍ 20.32 ജിഗാവാട്ട് സോളാര്‍ എനര്‍ജിയും 5.35 ജിഗാവാട്ട് വിന്‍റ് എനര്‍ജിയുമാണ്. ഐപിഒയിലൂടെ സമാഹരിക്കുന്ന തുകയുടെ പ്രധാന ഉപയോഗം കമ്പനിയുടെ സബ്സിഡിയറിയായ എന്‍ടിപിസി റിന്യൂവബിള്‍ എനര്‍ജിയിലേക്കുള്ള നിക്ഷേപത്തിനാണ്.
അദാനി ഗ്രീന്‍ എനര്‍ജി, റിന്യു എനര്‍ജി ഗ്ലോബല്‍ എന്നിവയാണ് എന്‍ടിപിസി ഗ്രീന്‍ എനര്‍ജിയുടെ മുഖ്യ എതിരാളികള്‍. ഇതില്‍ അദാനി ഗ്രീന്‍ എനര്‍ജിയുടെ ശേഷി മറ്റ് രണ്ട് കമ്പനികളേക്കാളും അധികമാണ്. എന്‍ടിപിസി എന്ന ബ്രാന്‍ഡിന് കീഴിലായതിനാല്‍ ദീർഘകാല കരാറുകളിലെ പങ്കാളിത്തം പ്രയോജനപ്പെടുത്താൻ ഗ്രീന്‍ എനിര്‍ജി കമ്പനിക്ക് സഹായകമാകും. റിന്യൂവബിൾ എനർജിയിൽ വൈദഗ്ധ്യമുള്ള പരിചയസമ്പന്നരായ മാനേജ്മെന്‍റ്, ശക്തമായ ക്രെഡിറ്റ് റേറ്റിംഗുകൾക്കൊപ്പം വർധിച്ചുവരുന്ന വരുമാനം, വൈവിധ്യവത്കരിച്ച പോര്‍ട്ട്ഫോളിയോ എന്നിവ കമ്പനിക്കുള്ള ഗുണങ്ങളാണ്.
പവർ പർച്ചേസ് കരാറുകള്‍ക്ക് പെർഫോമൻസ് ബാങ്ക് ഗ്യാരന്‍റി ആവശ്യമാണ്. ഇത് സാമ്പത്തിക ഫലങ്ങളെ പ്രതികൂലമായി ബാധിക്കാന്‍ ഇടയുണ്ട്. കമ്പനിയുടെ പുനരുപയോഗ ഊർജോൽപാദന പദ്ധതികള്‍ ആറു സംസ്ഥാനങ്ങളിലായാണ് വ്യാപിച്ചു കിടക്കുന്നത്. എന്നാല്‍ 60 ശതമാനം പ്രവര്‍ത്തനങ്ങളും കേന്ദ്രീകരിക്കുന്നത് രാജസ്ഥാനിലാണ്. ഇവിടെയുണ്ടാകുന്ന സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക പ്രശ്നങ്ങള്‍ കമ്പനിക്ക് തിരിച്ചടിയാണ്. കമ്പനിയുടെ 87 ശതമാനം വരുമാനവും അഞ്ച് ഉപഭോക്താക്കളില്‍ നിന്നാണ്.
നവംബര്‍ ഒന്‍പതിന് ഗ്രേ മാര്‍ക്കറ്റില്‍ 25 രൂപ പ്രീമിയത്തിലായിരുന്നു ഓഹരി വ്യാപാരം ചെയ്തിരുന്നത്. എന്നാലിത് തിങ്കളാഴ്ച ഒരു രൂപയായി കുറഞ്ഞിട്ടുണ്ട്. ഗ്രേ മാര്‍ക്കറ്റിലെ കുറഞ്ഞ താല്‍പര്യമാണ് ഇത് കാണിക്കുന്നത്. 108 രൂപ ഇഷ്യു വിലയുള്ള ഓഹരി 0.93 ശതമാനം നേട്ടത്തില്‍ 109 രൂപയില്‍ ലിസറ്റ് ചെയ്യാനുള്ള സാധ്യതയാണ് കാണിക്കുന്നത്.
(Disclaimer: ഈ ലേഖനം ഓഹരി വാങ്ങാനോ വിൽക്കാനോ ഉള്ള നിർദേശമോ ഉപദേശമോ അല്ല. ഓഹരി നിക്ഷേപം വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങൾ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധൻറെ ഉപദേശം തേടുകയോ ചെയ്യുക)