‘ചീഫ് ഓഫ് സ്റ്റാഫ് ജോലി! 20 ലക്ഷം അങ്ങോട്ട് നല്‍കണം! ശമ്പളമില്ല’; സൊമാറ്റോയുടെ വിചിത്രമായ ഓഫറിനു പിന്നാലെ 24 മണിക്കൂറിനുള്ളില്‍ ലഭിച്ചത് 10,000-ത്തിലധികം അപേക്ഷകളെന്ന് സൊമാറ്റോ സ്ഥാപകനും സിഇഒയുമായ ദീപീന്ദർ ഗോയല്‍. ‘പണമുള്ളവര്‍, പണമില്ലെന്ന് പറയുന്നവര്‍, പണമില്ലാത്തവര്‍, ശരാശരി സാമ്പത്തികമുള്ളവര്‍ എന്നിങ്ങനെ എല്ലാ വിഭാഗത്തില്‍ നിന്നു തങ്ങള്‍ക്ക് അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്നും പലതും നന്നായി ചിന്തിച്ചതിന് ശേഷം വന്ന അപേക്ഷകളാണെന്നും ദീപീന്ദർ ഗോയല്‍ എക്സില്‍ പങ്കുവച്ച പോസ്റ്റില്‍ പറയുന്നു. അതേസമയം, ഇന്ന് വൈകിട്ട് ആറുമണിയോടെ അപേക്ഷിക്കാനുള്ള സമയം അവസാനിക്കുമെന്നും അടുത്ത അപ്‍ഡേറ്റിനായി കാത്തിരിക്കണമെന്നും അദ്ദേഹം കുറിച്ചു.
സിഇഒയുടെ ഓഫിസും സ്റ്റാഫിനെയും നിയന്ത്രിക്കലാണ് ചീഫ് ഓഫ് സ്റ്റാഫിന്‍റെ ജോലി. പക്ഷേ ഓഫറില്‍ ദീപീന്ദര്‍ പറയുന്ന വ്യവസ്ഥകളാണ് വിചിത്രം. ജോലി കിട്ടണമെങ്കില്‍ 20 ലക്ഷം രൂപ അങ്ങോട്ട് നല്‍കണം. ആദ്യവര്‍ഷം ശമ്പളമില്ല. രണ്ടാംവര്‍ഷത്തിന്‍റെ തുടക്കത്തില്‍ത്തന്നെ ശമ്പളം ചര്‍ച്ചചെയ്യാമെന്നും ഗോയല്‍ പരസ്യത്തില്‍ പറയുന്നു. ‘ചീഫ് ഓഫ് സ്റ്റാഫ് എന്ന റോളില്‍ അമൂല്യമായ തൊഴില്‍ പരിചയമാണ് കിട്ടുക. അതും ലോകത്തെ ഏറ്റവും മികച്ച സ്റ്റാര്‍ട്ടപ്പുകളിലൊന്നില്‍. ഏറ്റവും മികച്ച മാനേജ്മെന്‍റ് സ്കൂളുകളില്‍ നിന്ന് കിട്ടുന്ന ഡിഗ്രിയേക്കാള്‍ പത്തിരട്ടി മൂല്യം അതിനുണ്ട്’. അതുതന്നെയാണ് ഓഫറിന്‍റെ ഏറ്റവും വലിയ സവിശേഷതയെന്ന് ദീപീന്ദര്‍ ഗോയല്‍ വ്യക്തമാക്കി. പണം നോക്കിപ്പോകുന്നവരെയല്ല, പഠിക്കാന്‍ വിശപ്പും സാമാന്യബുദ്ധിയും സഹാനുഭൂതിയും ധാരാളമുള്ള, തൊഴില്‍പരിചയം തീരെയില്ലാത്ത ആളുകളെയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
20 ലക്ഷം രൂപ സൊമാറ്റോയ്ക്കല്ല, ‘ഫീഡിങ് ഇന്ത്യ’ എന്ന സാമൂഹ്യസേവന വിഭാഗത്തിനുള്ള സംഭാവനയാണ്. എന്നാല്‍ ഇത് പണം ലാഭിക്കാനുള്ള തന്ത്രമായി കാണേണ്ട. ജോലി കിട്ടുന്നയാള്‍ നിര്‍ദേശിക്കുന്ന സന്നദ്ധ–സാമൂഹ്യസേവന സംഘടനയ്ക്ക് സൊമാറ്റോ 50 ലക്ഷം രൂപ നല്‍കും. ഒരുവര്‍ഷം ശമ്പളമില്ലാതെ ‘ചീഫ് ഓഫ് സ്റ്റാഫ്’ ജോലി പൂര്‍ത്തിയാക്കുന്നയാള്‍ തുടരാന്‍ അര്‍ഹനാണെങ്കില്‍ അയാള്‍ക്ക് 50 ലക്ഷത്തില്‍ കുറയാത്ത ശമ്പളവും ഗോയല്‍ ഓഫര്‍ ചെയ്യുന്നുണ്ട്.
അതേസമയം, ഈ വിചിത്ര ഓഫര്‍ സൊമാറ്റോയുടെ മാര്‍ക്കറ്റിങ് തന്ത്രമാണെന്ന് വിരമര്‍ശിക്കുന്നവരുമുണ്ട്. ഈ ഓഫര്‍ കഴിവുള്ള അതേസമയം സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഉദ്യോഗാര്‍ഥികളെ പ്രതികൂലമായി ബാധിക്കുമെന്ന് വ്യവസായി ഹർഷ് ഗോയങ്ക ഉൾപ്പെടെയുള്ളവര്‍ അഭിപ്രായപ്പെടുന്നു. ‘20 ലക്ഷം രൂപ നല്‍കാന്‍ കഴിവുള്ളവര്‍ വരും അല്ലാത്തവര്‍ ഒഴിവാക്കപ്പെടും. പഠനം എന്ന നിലയിലാണെങ്കിലും ജോലിക്ക് പണം ചോദിക്കുന്നത് ചൂഷമാണ്. രണ്ടാം വർഷത്തെ ശമ്പളത്തിലും വ്യക്തതയില്ല. ഇത് ധാർമ്മിക ആശങ്കകൾ ഉയർത്തുന്നു’ ഹർഷ് ഗോയങ്ക എക്സില്‍ കുറിച്ചു.