ആഴ്ചകളായുള്ള തിരുത്തലിന് ശേഷം ഇന്ത്യൻ ഓഹരി വിപണിയിൽ ഉണർവ് കണ്ട സമയമാണ്. ഈ നേട്ടം പ്രാഥമിക വിപണിയിലും കാണാനുണ്ട്. അഞ്ച് ഐപിഒകൾ ഈ ആഴ്ച വിപണിയിൽ എത്തുന്നത്. ഇതിൽ മൂന്നെണ്ണം സബ്സ്ക്രിപ്ഷൻ തുറക്കുന്നത് ഇന്നാണ്. വിശാൽ മെഗാമാർട്ട്, മൊബിക്വിക്, സായ് ലൈഫ് സയൻസ് എന്നിവയാണ് ഇന്ന് സബ്സ്ക്രിപ്ഷൻ ആരംഭിച്ച ഐപിഒകൾ. ഗ്രേ മാർക്കറ്റ് അടിസ്ഥാനമാക്കി മികച്ച നിക്ഷേപ താൽപര്യം ഓഹരികളിൽ കാണാൻ സാധിക്കും. മൂന്ന് ഐപിഒകളും വിശദമായി നോക്കാം. 

വിശാൽ മെഗാ മാർട്ട് ഐപിഒ

റീട്ടെയിൽ സൂപ്പർമാർക്കറ്റ് ചെയിനായ വിശാൽ മെഗാമാർട്ടിൻറെ ഐപിഒ സബ്സ്ക്രിപ്ഷൻ ബുധനാഴ്ച ആരംഭിച്ചു. 8,000 കോടി രൂപയാണ് കമ്പനി പ്രാഥമിക വിപണിയിൽ നിന്നും സമാഹരിക്കാൻ ഒരുങ്ങുന്നത്. പ്രമോട്ടർമാർ ഓഹരി വിറ്റഴിക്കുന്ന ഓഫർ ഫോർ സെയിൽ രീതിയിലാണ് വിശാൽ മെഗാമാർട്ടിൻറെ ഐപിഒ. സംയത് സർവീസ് എൽഎൽപിയാണ് ഓഹരി വിൽക്കുന്നത്. 102.56 കോടി ഓഹരികളാണ് പൊതുവിപണിയിലെത്തുക. 

11 ന് ആരംഭിക്കുന്ന സബ്സ്ക്രിപ്ഷൻ വെള്ളിയാഴ്ച അവസാനിക്കും. 74 രൂപയ്ക്കും 78 രൂപയ്ക്കും ഇടയിലാണ് ഐപിഒ വില. വിശാൽ മെഗാമാർട്ടിന്റെ 190 ഓഹരികളുള്ള ഒരുലോട്ട് മുതൽ നിക്ഷേപർക്ക് അപേക്ഷിക്കാം. ഒരു ലോട്ടിന് അപേക്ഷിക്കാൻ ചുരുങ്ങിയത് 14,820 രൂപ വേണം. 50 ശതമാനം യോഗ്യരായ നിക്ഷേപ സ്ഥാപനങ്ങൾക്കും 35 ശതമാനം റീട്ടെയിൽ നിക്ഷേപകർക്കും മാറ്റിവച്ചിട്ടുണ്ട്. ഒക്ടോബർ 16ന് അലോട്ട്മെൻറ് പൂർത്തിയാക്കി ഓഹരികൾ 18 ന് ലിസ്റ്റ് ചെയ്യും. 

Also Read: ഐപിഒ റദ്ദാക്കി സെബി; ഈ കമ്പനിയുടെ ഓഹരി കയ്യിലുള്ളവര്‍ക്ക് പണം തിരികെ നല്‍കും

രാജ്യത്തൊട്ടാകെ പ്രവർത്തിക്കുന്ന ഫാഷൻ ഫോക്കസ്ഡ് ഹൈപ്പർമാർക്കറ്റ് ചെയിനാണ് കമ്പനി. ഇടത്തരം വരുമാനക്കാരാണ് കമ്പനിയുടെ പ്രധാന ഉപഭോക്താക്കൾ. സ്വന്തം ഉല്‍പന്നങ്ങൾക്കൊപ്പം തേഡ് പാർട്ടി ബ്രാൻഡ് ഉല്‍പന്നങ്ങളും കമ്പനി വിൽക്കുന്നു. സെപ്റ്റംബർ 30 വരെയുള്ള കണക്ക് പ്രകാരം, 414 ന​ഗരങ്ങളിലായി 645 ഫ്രാഞ്ചൈസി ഔട്ട്ലെറ്റുകൾ കമ്പനിക്കുണ്ട്.

കമ്പനിയുടെ പ്രതീക്ഷിക്കുന്ന വിപണി മൂല്യം 35,168.01 കോടി രൂപയാണ്, 2024  സാമ്പത്തിക വർഷം 17.41 ശതമാനം വരുമാന വളർച്ചയും 43.78 ശതമാനം ലാഭം വളർച്ചയും രേഖപ്പെടുത്തിയിട്ടുണ്ട്.  

ലിസ്റ്റ് ചെയ്യാത്ത ഓഹരികൾ വ്യാപാരം ചെയ്യുന്ന ഗ്രേമാർക്കറ്റിൽ വിശാൽ മെഗാമാർട്ട് ഓഹരികൾക്ക് വലിയ ഡിമാൻറ് കാണാനുണ്ട്. ഇൻവെസ്റ്റർഗെയിൻ.കോം പ്രകാരം ഐപിഒ ആരംഭിക്കുന്നതിന് മുൻപായി 19 രൂപയിലാണ് ഓഹരിയുടെ ഗ്രേ മാർക്കറ്റിലെ പ്രീമിയം(ജിഎംപി).

ഐപിഒയിലെ ഉയർന്ന വിലയായ 78 രൂപയേക്കാൾ 19 രൂപ അധികം നൽകി നിക്ഷേപകർ ഓഹരി സ്വന്തമാക്കാൻ തയ്യാറാണെന്നാണ് ഇത് കാണിക്കുന്നത്. തുടക്കത്തിൽ 25 രൂപ വരെ ഓഹരിയുടെ ജിഎംപി ഉയർന്നിരുന്നു. നിലവിലെ ജിഎംപി പ്രകാരം, ഓഹരി 97 രൂപയ്ക്ക് ലിസ്റ്റ് ചെയ്യാൻ സാധ്യതയുണ്ട്.

Also Read: ഈ ആഴ്ച പിഴച്ചു; കരുത്ത് വീണ്ടെടുത്ത് സ്വര്‍ണം; 58,000 കടന്ന് മുന്നോട്ട്

മൊബിക്വിക് ഐപിഒ

572 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഫിൻടെക് കമ്പനിയായ വൺ മൊബിക്വിക് സിസ്റ്റത്തിൻറെ ഐപിഒ. 2.05 കോടി പുതിയ ഓഹരികളാണ് ഐപിഒ വഴി വിറ്റഴിക്കുന്നത്.  265-279 രൂപ ഇഷ്യുവിലയുള്ള ഐപിഒ 13 ന് അവസാനിക്കും. 18 നാണ് ഓഹരിയുടെ ലിസ്റ്റിങ്. 53 ഓഹരികളുള്ള ഒരുലോട്ട് മുതൽ നിക്ഷേപർക്ക് അപേക്ഷിക്കാം. ഇതിനായി കുറഞ്ഞത് 14,787 രൂപ വേണം. 

ഐപിഒയിലൂടെ സമാഹരിക്കുന്ന പണം ​പേയ്‌മെൻ്റ് സേവനങ്ങളിൽ വളരാൻ ഉപയോ​ഗിക്കുമെന്നാണ് കമ്പനി വ്യക്തമാക്കിയിട്ടുള്ളത്., എഐ, മെഷീൻ ലേണിംഗ് എന്നിവയിലെ ഗവേഷണത്തിനും ഇൻഫ്രാസ്ട്രക്ചർ വിപുലീകരണത്തിനും പണം നീക്കിവെയ്ക്കും. 

2008 ൽ  ആരംഭിച്ച കമ്പനി ഡിജിറ്റൽ പെയ്മെൻറ് സർവീസിനൊപ്പം, ക്രെഡിറ്റ് , ഇൻവെസ്റ്റ്മെന്റ് പ്രൊഡക്ട്സ് എന്നി സേവനങ്ങളും നൽകുന്നുണ്ട്. 2024 ജൂണിലെ കണക്ക് പ്രകാരം  മൊബിക്വികിന് നിലവിൽ 161 ദശലക്ഷം ഉപഭോക്താക്കളും 4.26 ദശലക്ഷം റീട്ടെലിയേഴ്സുമുണ്ട്.  മൊത്ത ഇടപാട് മൂല്യം അനുസരിച്ച് പിപിഐ വാലറ്റ് വിഭാഗത്തിൽ 23.11 ശതമാനം വിപണി വിഹിതവുമായി ഇന്ത്യയിലെ ഏറ്റവും വലിയ വാലറ്റ് കമ്പനിയെന്ന സ്ഥാനം മൊബിക്വിക്കിനാണ്. 

2024 സാമ്പത്തിക വർഷം 62 ശതമാനം വരുമാന വളർച്ചയോടെ 875 കോടി രൂപയുടെ വരുമാനം കമ്പനി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2023 ൽ 84 കോടി രൂപ നഷ്ടം രേഖപ്പെടുത്തിയ കമ്പനി 2024 സാമ്പത്തിക വർഷം 14 കോടി രൂപ അറ്റാദായം രേഖപ്പെടുത്തിയിട്ടുണ്ട്. 

ഗ്രേമാർക്കറ്റിൽ മികച്ച ഡിമാന്‍ഡ്  മൊബിക്വികിനും കാണാം. 136 രൂപയാണ് ഓഹരിയുടെ ​ഗ്രേ മാർക്കറ്റ് പ്രീമിയം. 48 ശതമാനം നേട്ടത്തിൽ 415 രൂപയ്ക്ക് ലിസ്റ്റ് ചെയ്തേക്കാമെന്നാണ് ഇത് കാണിക്കുന്നത്. 

സായ് ലൈഫ് സയൻസ് ഐപിഒ

ഇന്ന് ആരംഭിച്ച മൂന്നാമത്തെ ഐപിഒയാണ് സായ് ലൈഫ് സയൻസിൻറേത്. 1.73 കോടി പുതിയ ഓഹരികളും പ്രമോട്ടർമാർ വിറ്റഴിക്കുന്ന 3.18 കോടി ഓഹരികളുടെ ഒഎഫ്എസും ചേർന്ന 3042.62 കോടി രൂപയുടെ ഐപിഒ ആണ് കമ്പനിയുടേത്. 522-549 രൂപയാണ് ഐപിഒ വില. കുറഞ്ഞത് 27 ഓഹരികൾ മുതൽ നിക്ഷേപിക്കാനാകും. 14,823 രൂപയുടെ കുറഞ്ഞ നിക്ഷേപമുണ്ടെങ്കിൽ അപേക്ഷിക്കാം. കടങ്ങൾ തീർക്കാനും പൊതുകോർപ്പറേറ്റ് പ്രവർത്തനങ്ങൾക്കുമാണ് കമ്പനി ഐപിഒ തുക ഉപയോഗിക്കുകയെന്നാണ് കമ്പനി വ്യക്തമാക്കിയിട്ടുള്ളത്. 

ബയോടെക് കമ്പനികൾക്കും ആഗോള ഫാർമസ്യൂട്ടിക്കൽ സ്ഥാപനങ്ങൾക്കും ആവശ്യമായ ന്യു കെമിക്കൽ എൻറിറ്റീസ് നിർമിക്കുന്ന കമ്പനിയാണ് സായ് ലൈഫ് സയൻസ്. കമ്പനിയുടെ ഓഹരികളും ഗ്രേ മാർക്കറ്റിൽ കുതിക്കുകയാണ്. 31 രൂപയാണ് ഏറ്റവും ഒടുവിലെ പ്രീമിയം. അഞ്ച് ശതമാനം നേട്ടത്തിൽ 580 രൂപയിൽ ഓഹരി ലിസ്റ്റ് ചെയ്യാനുള്ള സാധ്യതയാണ് ഇത് കാണിക്കുന്നത്. 

(Disclaimer: ഈ ലേഖനം ഓഹരി വാങ്ങാനോ വിൽക്കാനോ ഉള്ള നിർദേശമോ ഉപദേശമോ അല്ല. ഓഹരി നിക്ഷേപം വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങൾ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധൻറെ ഉപദേശം തേടുകയോ ചെയ്യുക)

ENGLISH SUMMARY:

After weeks of corrections, the Indian stock market is showing signs of recovery, with this momentum extending to the primary market as well. This week, five IPOs are set to hit the market, with three opening for subscription today: Vishal Megamart, MobiKwik, and Sai Life Sciences. Based on grey market trends, these IPOs are generating strong investor interest. Let's take a closer look at these three offering.