യൂട്യൂബ് തുറന്നാൽ കേൾക്കുന്ന വിജയകഥകൾ പോലെ ഒരു കഥ യൂട്യൂബിനും പറയാനുണ്ട്. സെക്കന്‍റുകൾ പണമാക്കി മാറ്റുന്ന യൂട്യൂബിന്‍റെ പിറവി മൂന്ന് 80 കിഡ്സിന്‍റെ തലയിൽ നിന്നാണ്. പ്രായം നോക്കുകയാണെങ്കിൽ ഒരു 2K കിഡോളം പോന്ന യൂട്യൂബ് വരുമാനത്തിൽ 50 ബില്യൺ ഡോളറിന്‍റെ നാഴികകല്ലും പിന്നിട്ടു. യു.എസിലെ പേയ്പാൽ കമ്പനിയിൽ ജോലി ചെയ്തിരുന്ന മൂന്ന് പേരുടെ തലയിൽ പിറന്ന ആശയമാണ് പിന്നീട് ഗൂഗിളിലൂടെ ലോകത്താകമാനം ഏറ്റെടുത്ത യൂട്യൂബ്.
ചാഡ് ഹർലി, സ്റ്റീവ് ചെൻ, ജാവേദ് കരീം എന്നി പേയ്പാൽ ജീവനക്കാരായിരുന്നു യൂട്യൂബിന് പിന്നിൽ. 2005 ലെ വാലൻഡൈൻസ് ഡേയിലാണ് www.youtube.com എന്ന ഡൊമെയ്ൻ സജീവമാകുന്നത്. തുടർന്നുള്ള മാസങ്ങളിൽ വെബ്സൈറ്റ് വികസിപ്പിച്ചു.
ലോഗോയും ട്രേഡ്മാർക്കും അന്നുതന്നെ രജിസ്റ്റർ ചെയ്തു. സാൻമാറ്റിയോയിലെ ഒരു ചെറിയ റെസ്റ്റോറൻ്റിന് മുകളിലുള്ള ഓഫീസായിരുന്നു യൂട്യൂബിന്‍റെ എല്ലാമെല്ലാം. സ്ഥാപകനായ ജാവേദ് കരീമിന്‍റെ ചാനലിൽ നിന്നും അപ്ലോഡ് ചെയ്ത 'മീ ആറ്റ് സൂ' എന്ന വിഡിയോയാണ് യൂട്യൂബിലെ ആദ്യ വീഡിയോ.
ആശയം പിറന്നതിങ്ങനെ
കയ്യിലുള്ള വിഡിയോ പരസ്പരം പങ്കിടാൻ സാധിക്കാതെ വന്നപ്പോഴാണ് യൂട്യൂബ് എന്ന ആശയം വന്നതെന്ന് യൂട്യൂബിന്‍റെ ആദ്യ സിഇഒയും സഹ സ്ഥാപകനുമായിരുന്ന ചാഡ് ഹർലി അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. വിഡിയോയുടെ വലിപ്പവും പ്ലേയർ ഫോർമാറ്റുമായിരുന്നു യൂട്യൂബിന് ആദ്യകാലത്ത് നേരിടേണ്ടി വന്ന വലിയ പ്രതിസന്ധി.
2005-ൽ ആരംഭിച്ചപ്പോൾ, ആളുകൾക്ക് ഡേറ്റിംഗിനെക്കുറിച്ചുള്ള വീഡിയോകൾ അപ്‌ലോഡ് ചെയ്യാൻ കഴിയുന്ന ഒരു പ്ലാറ്റ്‌ഫോമായാണ് യൂട്യൂബ് തുടങ്ങിയതെന്നൊരു കഥയുമുണ്ട്. പക്ഷേ, ഡേറ്റിംഗുമായി ബന്ധപ്പെട്ട വീഡിയോകൾ അപ്‌ലോഡ് ചെയ്യാൻ ആളുകൾക്ക് വലിയ താൽപ്പര്യമൊന്നും തോന്നിയില്ല. ഇതോടെയാണ് രീതി മാറിയത്.
ഗൂഗിളിന്‍റെ വരവ്
ആദ്യ വിഡിയോ ഇട്ട ശേഷം പിന്നെ യൂട്യൂബിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ആരംഭിച്ച് ഒരു വർഷം പൂർത്തിയാക്കുമ്പോഴേക്കും യൂട്യൂബ് ഗൂഗിളിന്‍റെ കയ്യിലെത്തിയിരുന്നു. 2006 ന്‍റെ അവസാനത്തോടെ 1.65 ബില്യൺ ഡോളറിനാണ് (ഏകദേശം 1.16 ലക്ഷം കോടി രൂപ) നഷ്ടത്തിലായിരുന്ന ആ സ്റ്റാർട്ടപ്പിനെ ഗൂഗിൾ ഏറ്റെടുത്തത്.
അതൊരു ശരിയായ തീരുമാനമായിരുന്നു എന്നാണ് ചാഡ് ഹർലിയുടെ വിശ്വാസം. അന്ന് ഞങ്ങൾക്ക് വേറെ വഴിയില്ലായിരുന്നു, ഗൂഗിളിന്‍റെ സഹായമില്ലാതെ യൂട്യൂബിന് ഇന്ന് ഇവിടെ എത്താൻ സാധിക്കുമെന്ന് നോക്കുന്നില്ല എന്നാണ് ചാഡ് ഹർലി പറഞ്ഞത്.
'ഒരുപാട് റിസോഴ്സ് ആവശ്യമുള്ള സമയമായിരുന്നു. ആകെ 67 ജീവനക്കാരായിരുന്നു അക്കാലത്ത് ഉണ്ടായിരുന്നത്. വളരെ കുറച്ച് ഡോളർ നിക്ഷേപം മാത്രമാണ് അക്കാലത്ത് സ്വരൂപിച്ചിരുന്നത്. എല്ലാ ഇൻഡസ്ട്രിയിൽ നിന്നുമുള്ള ഭീഷണി, പരമ്പരാഗത മിഡിയ കമ്പനികളിൽ നിന്നുള്ള കോപ്പിറൈറ്റ് നടപടികൾ, ഇതിനെതിരെ പേരാടനും പിടിച്ച് നിൽക്കാനും വലിയരു വളരാനും കമ്പനി ഏറ്റെടുക്കേണ്ടത് ആവശ്യമായിരുന്നു', എന്നാണ് ചാഡ് അഭിമുഖത്തില്‍ വിശദീകരിക്കുന്നത്
യൂട്യൂബിന്‍റെ വരുമാനം
നഷ്ടത്തിലുള്ള കമ്പനിയെയാണ് ഗൂഗിൾ ഏറ്റെടുക്കുന്നത്. യൂട്യൂബിലുള്ള പല മിക്ക വീഡിയോകളും ക്രിയേറ്റർമാരുടെ സ്വന്തമായിരുന്നെങ്കിലും പകർപ്പവകാശമുള്ള കണ്ടന്‍റുകളും സൈറ്റിലുണ്ടായിരുന്നു. ഇതുകാരണം നിയമനടപടികളിലൂടെ കമ്പനിക്ക് തന്നെ അവസാനമാകുമെന്ന വിലയിരുത്തലും അന്നുണ്ടായിരുന്നു. എന്നാൽ ഇവിടെ നിന്നാണ് 50 ബില്യൺ ഡോളർ എന്ന നാഴികകല്ലിലേക്ക് യൂട്യൂബിന്‍റെ വരുമാനം വളർന്നത്.
2024 സാമ്പത്തിക വർഷത്തിന്‍റെ മൂന്നാം പാദത്തിലാണ് ഈ നേട്ടം കമ്പനി കൈവരിച്ചത്. 2023 ൽ 31.5 ബില്യൺ ഡോളറിന്‍റെ വരുമാനമുണ്ടാക്കിയ കമ്പനി 1.30 ശതമാനം വരുമാന വളർച്ച നേടിയിട്ടുണ്ട്.
യൂട്യൂബിന്‍റെ വരുമാന വഴി
പരസ്യം തന്നെയാണ് ട്യൂബിന്‍റെ പ്രധാന വരുമാന സ്രോതസ്. യൂട്യൂബ് പ്രീമിയം പോലുള്ള പ്രതിമാസ സബ്‌സ്‌ക്രിപ്‌ഷൻ ബിസിനസുകളിൽ നിന്നും കമ്പനി പണമുണ്ടാക്കുന്നുണ്ട്. 2024 ൽ യൂട്യൂബ് പ്രീമിയം 100 മില്യൺ ഉപഭോക്താക്കളെ സ്വന്തമാക്കി. സൂപ്പർ ചാറ്റ്, ചാനൽ മെമ്പർഷിപ്പ്, മർച്ചൻഡൈസ് എന്നിവ പോലെ മറ്റ് പല വഴികളിലൂടെയും ക്രിയേറ്റർമാർക്ക് പണമുണ്ടാക്കാൻ സഹായിക്കുന്ന ടൂളുകളും യൂട്യൂബ് വികസിപ്പിച്ചിട്ടുണ്ട്. മിക്ക സന്ദർഭങ്ങളിലും ക്രിയേറ്റർമാരും യൂട്യൂബും ഈ ചാനലുകളിൽ നിന്ന് ലഭിക്കുന്ന വരുമാനം പങ്കിടുന്നു.
പങ്കിടുന്ന വരുമാനം
യൂട്യൂബ് ഇന്ത്യയിൽ മാത്രം കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 70 ബില്യൺ ഡോളറാണ് (5.88 ലക്ഷം കോടി രൂപ) ക്രിയേറ്റർമാർക്ക് വീതിച്ചു നൽകിയത്. യൂട്യൂബിലെ ക്രിയേറ്റർ ഇക്കോണമി ഇന്ത്യയിൽ 7.50 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിച്ചുകൊണ്ട് ഏകദേശം 16,000 കോടി രൂപയുടെ സാമ്പത്തിക പ്രവർത്തനങ്ങൾ സൃഷ്ടിച്ചതായാണ് ഏകദേശം കണക്ക്. ലോകത്ത് മിസ്റ്റർ ബീസ്റ്റ് എന്ന അക്കൗണ്ടിനാണ് 2023ൽ ഏറ്റവും കൂടുതൽ വരുമാനം ലഭിച്ചതെന്ന് റിപ്പോർട്ട്.
മിനുറ്റിൽ 500 മണിക്കൂർ ദൈർഘ്യമുള്ള കണ്ടന്റ് യൂട്യൂബിൽ എത്തുന്നുണ്ട്. പ്രതിദിനം രണ്ട് മില്യൺ വിഡിയോകാളാണ് യൂട്യൂബിലെത്തുന്നത്. ദിവസം 20 ദശലക്ഷം ആക്ടീവ് യൂസേഴ്സ് യൂട്യൂബിലെത്തുന്നു. നിലവിൽ ആൽഫബെറ്റിന് കീഴിലാണ് യൂട്യൂബ്. സ്വന്തമായി കമ്പനിയായി മാറുകയാണെങ്കിൽ 300 ബില്യൺ ഡോളറിന് അടുത്ത് മൂല്യം യൂട്യൂബിന് ഉണ്ടാകുമെന്നാണ് കണക്ക്.