ഏറ്റവും കൂടുതല്‍ നേരെ വെറുതെ നിന്നതിന് ഗിന്നസ് റെക്കോഡിലേക്ക് ഓസ്ട്രേലിയന്‍ യൂട്യൂബര്‍. 38 മണിക്കൂറാണ് നോറം എന്ന യൂട്യൂബര്‍ തെരുവില്‍ ഒന്നും ചെയ്യാതെ നിന്നത്. തന്‍റെ റെക്കോഡിനായുള്ള പരിശ്രമം നോറം യൂട്യൂബില്‍ ലൈവ് സ്ട്രീമും ചെയ്തിരുന്നു. ലൈവിനിടെ നോറത്തിനെ ആളുകള്‍ ചുംബിക്കുന്നതും മുട്ട കൊണ്ടെറിയുന്നതും വ്യക്തമാണ്.
കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ ഏറ്റവും കൂടുതല്‍ നേരം ഉറങ്ങാതിരുന്നതിനുള്ള റെക്കോഡ് നേടാനും നോറം ശ്രമിച്ചിരുന്നു. 260 മണിക്കൂറുകളാണ് ഉറങ്ങാത്തതിനുള്ള റെക്കോഡെന്നിരിക്കെ നോറം 264 മണിക്കൂര്‍ ഉറങ്ങാതിരുന്നു. ലൈവ് സ്ട്രീമിങ്ങിനിടെ നോറം കുഴഞ്ഞു വീഴുകയും മതിഭ്രമം കാണിക്കുകയും ചെയ്തിരുന്നു. നോറത്തിന്‍റെ ആരോഗ്യനിലയില്‍ ആശങ്ക പ്രകടിപ്പിച്ച യൂട്യൂബ് തുടര്‍ന്ന് ഈ ലൈവ് നിര്‍ത്തുകയും വിഡിയോ ബാന്‍ ചെയ്യുകയുമായിരുന്നു.
തുടര്‍ന്ന് ഈ വര്‍ഷമാണ് ഏറ്റവും കൂടുതല്‍ നേരം വെറുതെ നില്‍ക്കുന്നതിനുള്ള റെക്കോഡ് നേടാന്‍ നോറം തീരുമാനിച്ചത്. ഒരു തെരുവില്‍ ക്യാമറയ്ക്ക് മുന്നില്‍ നോറം വെറുതെ നില്‍ക്കുകയായിരുന്നു. ടൈം ലാപ്സായി പ്രസിദ്ധീകരിച്ച വിഡിയോയില്‍ ആളുകള്‍ നോറത്തിന്‍റെ മുഖത്ത് മീശ വരയ്ക്കുന്നതും മുട്ട എറിയുന്നതും വസ്ത്രത്തില്‍ സ്പ്രേ പെയിന്‍റ് ചെയ്യുന്നതും, മസ്റ്റാര്‍ഡ് സോസ് മുഖത്ത് ഒഴിക്കുന്നതും കവിളില്‍ ചുംബിക്കുന്നതും കാണാന്‍ സാധിക്കും. ഇവയെല്ലാം കൂടാതെ യുവാവിനെതിരെ ആളുകള്‍ പൊതുശല്യം എന്ന പേരില്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.
38 മണിക്കൂറിന് ശേഷമാണ് നോറം തന്‍റെ നിശ്ചലത അവസാനിപ്പിച്ചത്. നോറത്തിന്‍റെ വിഡിയോ പുരസ്കാരത്തിനായി ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡ്സ് പരിശോധിച്ചുകൊണ്ടിരിക്കുകയാണ്.
അടുത്തതായി ലോകത്തില്‍ ഏറ്റവുമധികം എരിവുള്ള മുളക് തിന്നതിനുള്ള റെക്കോഡും യാചനയിലൂടെ കോടീശ്വരനാകാനുള്ള റെക്കോഡിനും പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ് നോറം.