സോഷ്യൽ മീഡിയയെ അമ്പരപ്പിച്ച് തമിഴ്‌നാട്ടിലെ പാനിപൂരി വിൽപ്പനക്കാരന് ചരക്ക് സേവന നികുതി (ജിഎസ്ടി) നോട്ടീസ്. 2023-24 വർഷത്തിൽ 40 ലക്ഷം രൂപ ഓൺലൈൻ പേയ്‌മെന്‍റായി എത്തിയതോടെയാണ് കച്ചവടക്കാരന് ജിഎസ്ടി നോട്ടീസ് ലഭിച്ചത്. ഇതിന്‍റെ പകര്‍പ്പ് സമൂഹമാധ്യമങ്ങളില്‍ തരംഗമായി. പിന്നാലെ ഓണ്‍ലൈനിലും ഇത് സജീവചര്‍ച്ചയായി.

ഡിസംബർ പതിനേഴിന് ലഭിച്ച സമൻസില്‍ കച്ചവടക്കാരനോട് നേരിട്ട് ഹാജരാകാനും രേഖകൾ ഹാജരാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. തമിഴ്‌നാട് ചരക്ക് സേവന നികുതി നിയമത്തിലെയും സെൻട്രൽ ജിഎസ്‌ടി നിയമത്തിലെയും വ്യവസ്ഥകൾ പ്രകാരമാണ് സമൻസ്. വിവിധ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ നിന്നുള്ള റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഓണ്‍ലൈന്‍ ഓര്‍ഡറുകളിലൂടെ ലഭിച്ച തുകയും സമന്‍സില്‍ ചേര്‍ത്തിട്ടുണ്ട്. ഇതനുസരിച്ച് 2023-24ൽ ലഭിച്ചത് 40 ലക്ഷം രൂപ. പരിധി കടന്നിട്ടും ജിഎസ്ടി രജിസ്ട്രേഷൻ നടത്താതെ വില്‍പ്പന തുടരുന്നത് കുറ്റകരമാണെന്നും നോട്ടീസിൽ പറയുന്നു.

നോട്ടീസിന്‍റെ ആധികാരികത എത്രത്തോളമാണെന്ന് വ്യക്തമല്ല. ജിഎസ്ടി വകുപ്പ് ഇതുവരെ പ്രതികരിച്ചിട്ടില്ല. എങ്കിലും ഓണ്‍ലൈനില്‍ സംഗതി ചൂടുപിടിച്ച വിഷയമാണ്. കരിയര്‍ മാറ്റാന്‍ സമയമായെന്നാണ് ചിലരുടെ കമന്‍റ്. 40 ലക്ഷം അയാള്‍ക്ക് ലഭിച്ചിട്ടുണ്ടാകാം, പക്ഷേ അത് വരുമാനം ആകാനും ആകാതിരിക്കാനും സാധ്യതയുണ്ട് എന്നാണ് ഒരു എക്സ് ഉപയോക്താവിന്‍റെ അഭിപ്രായം. 

പല മെഡിക്കൽ കോളേജുകളിലെയും പ്രഫസമാരുടെ ശമ്പളത്തേക്കാൾ കൂടുതലാണ് തുകയെന്ന് ചിലര്‍ ചൂണ്ടിക്കാട്ടി. നോട്ടിസ് ലഭിച്ചയാള്‍ ജിഎസ്ടി രജിസ്ട്രേഷന്‍ എടുക്കുന്നതാണ്  നല്ലതെന്നും നിര്‍ദേശമുണ്ട്. നികുതി അടയ്ക്കാത്ത, എന്നാല്‍ കൂടുതൽ വരുമാനം നേടുന്ന എല്ലാ കച്ചവടക്കാര്‍ക്കെതിരെയും സമാനമായ നടപടി വേണമെന്നും ആവശ്യമുയരുന്നുണ്ട്. 

ENGLISH SUMMARY:

A pani puri vendor in Tamil Nadu received a GST notice after earning ₹40 lakh through online payments in 2023-24. The story has taken social media by storm.