അണ്ണാ സര്‍വകലാശാലയില്‍ വിദ്യാര്‍ഥിനി പീഡനത്തിനിരയായ സംഭവത്തില്‍ പ്രതിഷേധിച്ച ബിജെപി നേതാവും നടിയുമായ ഖുഷ്ബുവിന് ‘ആടുജീവിതം’. കഴിഞ്ഞ ദിവസമാണ് നിരോധനാജ്ഞ ലംഘിച്ച് ഖുഷ്ബുവിന്റെ നേതൃത്വത്തില്‍ നൂറോളം സ്ത്രീകള്‍ മധുരയില്‍ പ്രതിഷേധമാര്‍ച്ച് നടത്തിയത്. എന്നാല്‍ നിരോധനാജ്ഞ ലംഘിച്ചെന്നു കാണിച്ച് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത പൊലീസ് ഇവരെ പാര്‍പ്പിച്ചത് ആടുകള്‍ക്കൊപ്പമെന്ന് റിപ്പോര്‍ട്ട്.
അതിരൂക്ഷഗന്ധം താങ്ങാനാവാതെ ഇവരില്‍ പലര്‍ക്കും ദേഹാസ്വാസ്ഥ്യമുണ്ടായതായും സൂചനയുണ്ട്. ആടുകളെ വളര്‍ത്താനായി വാടകയ്ക്കെടുത്ത വളപ്പില്‍ ഏകദേശം 200ഓളം ആടുകളുണ്ടായിരുന്നു. ഇവിടെയാണ് പീഡനക്രൂരതയ്ക്കെതിരെ പ്രതിഷേധിച്ച സ്ത്രീകളെ തടവിലാക്കിയത്. എന്നാല്‍ ഇതിനെതിരെ പ്രതിഷേധിച്ചവരേയും പൊലീസ് തടയുകയായിരുന്നു.
വിദ്യാർഥിനി അതിക്രമത്തിനിരയായ സംഭവത്തിൽ പ്രതിഷേധിച്ച് ബിജെപി മധുരയിൽനിന്നു നീതി റാലി നടത്തുമെന്നു നേരത്തേ പ്രഖ്യാപിച്ചിരുന്നു. പൊലീസ് അനുമതി നിഷേധിച്ചതോടെയാണു സ്ത്രീകൾ സംഘമായെത്തിയത്. കണ്ണകിയുടെ വേഷം ധരിച്ചും കയ്യിൽ പന്തമേന്തിയും മുളകരച്ചും പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി. തുടർന്ന് ഇവരെ സമീപത്തെ വിവാഹമണ്ഡപത്തിലാണെത്തിച്ചത്.
അണ്ണാ സര്‍വകലാശാലയില്‍ ദിവസങ്ങള്‍ക്കുമുന്‍പാണ് വിദ്യാര്‍ഥിനി അതിക്രമത്തിനിരയായത്. പിടിയിലായ പ്രതി ഡിഎംകെ പ്രവര്‍ത്തകനാണ്. ഇതോടെ ഡിഎംകെ സര്‍ക്കാറിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. അണ്ണാഡിഎംകെ, ബിജെപി, പിഎംകെ, തമിഴക വെട്രികഴകം എന്നീ പാര്‍ട്ടികളെല്ലാം സര്‍ക്കാറിനെതിരെ തിരിഞ്ഞിട്ടുണ്ട്. മദ്രാസ് ഹൈക്കോടതി സ്വമേധയാ കേസെടുത്ത് അന്വേഷണകമ്മിഷനെ നിയോഗിച്ചതിനു പുറമെ മനുഷ്യവകാശ സംഘടനയും സംഭവത്തെ അപലപിച്ച് രംഗത്തെത്തി.