പണം അമിതമായാലും പ്രശ്നമാണെന്ന് തെളിയിക്കുകയാണ് ഇന്ത്യൻ വംശജനായ സംരംഭകൻ വിനയ് ഹിരേമത്ത്. സഹസ്ഥാപകനായിരുന്ന ടെക്നോളജി കമ്പനി ഏകദേശം 8,349 കോടി രൂപയ്ക്ക് വിറ്റശേഷം എന്ത് ചെയ്യണമെന്ന് അറിയാതെ വിഷമിച്ചിരിക്കുകയാണ് അദ്ദേഹം. 2023 ലാണ് ടെക്നോളജി കമ്പനിയായ ലൂം 975 മില്യൺ ഡോളറിന് അറ്റ്ലാസിയന് വിറ്റത്. അതിസമ്പന്നനായതോടെ ഇനി ജീവിതത്തിൽ എന്തു ചെയ്യുമെന്നാണ് ഈ ചെറുപ്പക്കാരന്‍റെ ആശങ്ക.
'ഞാൻ സമ്പന്നനാണ്, ജീവിതത്തിൽ എന്ത് ചെയ്യണമെന്ന് ഒരു ഐഡിയയും ഇല്ല' എന്ന തലക്കെട്ടോടെയാണ് അദ്ദേഹം ബ്ലോഗിൽ ആശങ്ക കുറിക്കുന്നത്. പണത്തിനായി ഇനി ജോലി ചെയ്യേണ്ട ആവശ്യമില്ലെന്ന് മനസ്സിലാക്കിയ ശേഷം 60 മില്യൺ ഡോളറിന്‍റെ ജോലി കളഞ്ഞു, കാമുകിയുമായി പ്രണയം തകർന്നു, ഇലോൺ മസ്കിനൊപ്പമുള്ള ജോലി ഉപേക്ഷിച്ചു, എന്നിങ്ങനെ ജീവിതത്തിൽ നേരിട്ട പ്രതിസന്ധികൾ വിനയ് ബ്ലോഗിൽ എഴുതിയിട്ടുണ്ട്.
'കമ്പനി വിറ്റ ശേഷം ഇനിയൊരിക്കലും ജോലി ചെയ്യേണ്ടതില്ലെന്ന അവസ്ഥയിൽ എത്തി. ഇന്നെനിക്ക് അനന്തമായ സ്വാതന്ത്ര്യമുണ്ട്. എന്നിട്ടും എന്തുചെയ്യണമെന്ന് എനിക്കറിയുന്നില്ല. പൊങ്ങച്ചം പറയാനോ സഹതാപം നേടാനോ അല്ല ഈ പോസ്റ്റ്', വിനയ് കുറിക്കുന്നു. കമ്പനി വിൽപ്പന നടത്തിയ ശേഷം ഇവിടെ നിൽക്കേണ്ടി വന്നതിലെ ബുദ്ധിമുട്ടും അദ്ദേഹത്തിന്‍റെ ബ്ലോഗിലുണ്ട്. കമ്പനിയിൽ ചീഫ് ടെക്നിക്കൽ ഓഫീസർ തസ്തികയിൽ 60 ദശലക്ഷം ഡോളറിന്‍റെ ജോലി ഓഫറാണ് ലഭിച്ചത്. സ്വാതന്ത്ര്യമില്ലെങ്കിൽ പണം കൊണ്ട് എന്ത് കാര്യം എന്ന് പറഞ്ഞ് ജോലി ഓഫർ നിരസിച്ചു.
ഒരു പരിചയവുമില്ലാതെ ഹിമാലയത്തിലേക്കുള്ള ട്രെക്കിങായിരുന്നു അടുത്തത്. രോഗം ബാധിച്ച് ആ യാത്ര പെട്ടന്ന് അവസാനിച്ചു. ശേഷം ഇലോൺ മസ്കിനും വിവേക് രാമസ്വാമിക്കുമൊപ്പം ഗവ. എഫിഷ്യൻസി ഡിപ്പാർട്ട്മെന്റിൽ ജോലി ചെയ്യാനുള്ള അവസരവും ലഭിച്ചു. എന്നാൽ ഇത് തനിക്ക് ചേർന്നതല്ലെന്ന തോന്നലിൽ നാല് ആഴ്ചയ്ക്ക് ശേഷം ഈ ജോലിയും ഒഴിവാക്കി. നിലവിൽ യുഎസിലെ ഹവായിൽ ഭൗതികശാസ്ത്രത്തിൽ പഠനം തുടരുകയാണ് വിനയ്.
1991 ൽ ജനിച്ച വിനയ് ഹിരേമത്ത് ടെക്നോളജിക്കൽ കമ്പനിയായ ലൂമിന്‍റെ സഹസ്ഥാപകനായിരുന്നു. തുടക്കത്തിലെ പ്രതിസന്ധികൾക്കൊടുവിൽ 3 കോടിയിലധികം ഉപഭോക്താക്കളെ കമ്പനി സ്വന്തമാക്കി. 200 മില്യൺ ഡോളറിന്‍റെ നിക്ഷേപവും കമ്പനിക്ക് ലഭിച്ചു. 2023 ലാണ് കമ്പനിയുടെ ഏറ്റെടുക്കൽ നടക്കുന്നത്. 2018 ൽ ഫോർബ്സിന്‍റെ 30 അണ്ടർ 30 പട്ടികയിൽ ഉൾപ്പെട്ട വ്യക്തിയായിരുന്നു വിനയ്.