പുസ്തകവും, ക്ലാസ് മുറിയും വിട്ട് പയ്യന്നൂര്‍ കോളജിലെ ബോട്ടണി വിദ്യാര്‍ഥികളുടെ കൂണ്‍ കൃഷി മാര്‍ക്കറ്റിലുമെത്തി. സിലബസിന്‍റെ ഭാഗമായി ഉണ്ടാക്കിത്തുടങ്ങിയ മെറി മഷ്റൂം എന്ന് പേരിട്ട കൂണുകളാണ് വരുമാന മാര്‍ഗം കൂടിയായി മാറിയത്. കൂണിന് പുറമെ വിത്തുല്‍പാദനം കൂടി തുടങ്ങിയതോടെ ക്ലാസ് മുറിയില്‍ ഇപ്പോള്‍ നല്ല തിരക്കാണ്.
ടീച്ചറും കുട്ടികളും ക്ലാസ് മുറിയില്‍ അല്‍പം ബിസിയാണ്.. കൂണ്‍ വിത്തുകള്‍ അടുത്ത കൃഷിയ്ക്കായി ഒരുക്കുന്ന തിരക്ക്. പ്ലാസ്റ്റിക് കവറുകളില്‍ മഷ് പെല്ലറ്റുകള്‍ നിറച്ച് തിളച്ചവെള്ളമൊഴിച്ച് കുതിര്‍ത്ത് വിത്തുകള്‍ പാകും.. ദിവസങ്ങളോളം സൂര്യപ്രകാശം തട്ടാതെ സൂക്ഷിച്ച് കൂണ്‍ പൊട്ടിമുളയ്ക്കുന്നത് കാത്തിരിക്കും. പിന്നെ വിളവെടുപ്പും പാക്കിങ്ങും.
സിലബസിലെ പാഠം കൃഷിയായി ചെയ്തുതുടങ്ങിയപ്പോഴാണ് വിപണിമൂല്യം മനസിലായത്. എന്നാല്‍ അത് കുട്ടികള്‍ക്കൊരു വരുമാനമാകട്ടെ എന്നായി അടുത്ത ചിന്ത.. അങ്ങനെ ക്യാമ്പസിലെ കൂണ്‍ കമ്പോളത്തിലേക്ക്.. ദീപ ടീച്ചറുടെ ഐഡിയ കുട്ടികള്‍ക്ക് നന്നേ ബോധിച്ചു. അവരെല്ലാം ഒറ്റക്കെട്ടാണ്.
വിദ്യാര്‍ഥികളുടെ മികച്ച ആശയത്തിന് കോളജിന്‍റെ അകമഴിഞ്ഞ പിന്തുണയുണ്ട്. ബോട്ടണിക്കാരുടെ മഷ്റൂമിന് മാനേജ്മെന്‍റ് സ്റ്റഡീസുകാരുടെ മാര്‍ക്കറ്റിങ് കൂടി ആയതോടെയാണ് സംഗതി ക്ലിക്കായത്. മെറി മഷ്റൂം എന്ന് പേരിട്ടത് അങ്ങനെയത്രേ.. ഇപ്പോള്‍ സൂപ്പര്‍മാര്‍ക്കറ്റുകളിലേക്ക് ഇറങ്ങുന്ന മെറി മഷ്റൂമിനൊപ്പം വിത്ത് വില്‍പയും വിദ്യാര്‍ഥികള്‍ ചെയ്യുന്നുണ്ട്.