യുഎസ് നിക്ഷേപ റിസർച്ച് സ്ഥാപനമായ ഹിൻഡൻബർഗ് റിസർച്ച് പിരിച്ചുവിടുന്നതായി സ്ഥപകൻ നാഥൻ ആൻഡേഴ്സൻ. അദാനി ഗ്രൂപ്പിനെതിരായ ഹിൻഡൻബെർഗ് ആരോപണങ്ങൾ കോടിക്കണക്കിന് രൂപയുടെ നഷ്ടം ഇന്ത്യൻ ഓഹരി വിപണിയിലുണ്ടാക്കിയിരുന്നു. 2017 ലാണ് ഹിൻഡൻബെർഗ് ആരംഭിച്ചത്.
Also Read: ലക്ഷ്യമിട്ട 63 കമ്പനികളിൽ 51 ലും ലാഭം; മൂന്നെണ്ണം പാപ്പരായി; അറിയാം ഹിൻഡൻബർഗിനെ
കഴിഞ്ഞ വർഷം അവസാനം മുതൽ കുടുംബവുമായും സുഹൃത്തുക്കളുമായും ടീമുമായും സംസാരിച്ചത് പോലെ ഹിൻഡൻബർഗ് റിസർച്ച് പിരിച്ചുവിടാൻ തീരുമാനിച്ചു എന്നാണ് നാഥൻ ആൻഡേഴ്സൻ വെബ്സൈറ്റിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നത്. 'ഞങ്ങൾ പ്രവർത്തിച്ചുവന്ന പ്രൊജക്ടും ആശയങ്ങളും പൂർത്തിയാക്കിയതിന് ശേഷമാണ് അവസാനിപ്പിക്കാനുള്ള തീരുമാനം. അവസാന കേസ് പൂർത്തിയാക്കി, ആ ദിവസം ഇന്നാണ്' എന്നാണ് കുറിപ്പിലുള്ളത്.
ബൈഡൻ ഭരണകാലത്ത് അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട അന്വേഷണങ്ങളുടെ രേഖകൾ സൂക്ഷിക്കണമെന്ന് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റിനോട് ഹൗസ് ജുഡീഷ്യറി കമ്മിറ്റിയിലുള്ള റിപ്പബ്ലിക്കൻ കോൺഗ്രസ് അംഗം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഹിൻഡൻബർഗ് പിരിച്ചുവിടാനുള്ള തീരുമാനം വന്നത്. എന്നാൽ ഇത്തരം സൂചനകളൊന്നും ആൻഡേഴ്സൻ നൽകുന്നില്ല.
'സന്തോഷത്തോടെയാണിത് എഴുതുന്നത്, ഹിൻഡൻബർഗ് സ്ഥാപിക്കുക എന്നത് ജീവിതത്തിലെ സ്വപ്നമായിരുന്നു. ഒരു പ്രത്യേക കാര്യമില്ല, പ്രത്യേകിച്ച് ഭീഷണിയില്ല, ആരോഗ്യപ്രശ്നമില്ല, വലിയ വ്യക്തിപരമായ പ്രശ്‌നങ്ങളൊന്നുമില്ല' എന്നാണ് ആൻഡേഴ്സൺ എഴുതിയത്.
2017 ഡിസംബറിലാണ് ഹിൻഡൻബർഗിന്റെ തുടക്കം. വിരലിലെണ്ണാവുന്ന സാമ്പത്തിക ഗവേഷകരുടെ പിന്തുണയോടെയാണ് നാഥൻ ആൻഡേഴ്സൻ ഹിഡൻബർഗ് നടത്തികൊണ്ടുപോയത്. "കോർപ്പറേറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിയാണ്" എന്ന മുഖവുരയോടെ അദാനി ഗ്രൂപ്പിനെതിരായ റിപ്പോർട്ട് 2023 ലാണ് കമ്പനി പ്രസിദ്ധീകരിച്ചത്. പിന്നീട് തുടർ അന്വേഷണമായി സെബി അധ്യക്ഷ മാധവി പുരി ബുച്ചിനെതിരെയും ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവന്നിരുന്നു.
വാർത്തയോട് അദാനി ഓഹരികൾ നേട്ടത്തിലാണ് പ്രതികരിച്ചത്. അദാനി ഗ്രീൻ എനർജി ഓഹരി 8.80 ശതമാനം വരെ ഉയർന്നു. അദാനി എന്റർപ്രൈസ് 7.70 ശതമാനവും അദാനി ടോട്ടൽ ഗ്യാസ് 7 ശതമാനവും നേട്ടമുണ്ടാക്കി. അദാനി എനർജി സൊല്യൂഷൻസ് 6.60 ശതമാനത്തോളം ഉയർന്നു.