സ്വര്‍ണ വില അങ്ങനെ 60,000 രൂപയും കടന്നു. വിവാഹ ആവശ്യത്തിനും മറ്റുമായി സ്വര്‍ണം വാങ്ങേണ്ട സാധാരണക്കാര്‍ക്കാണ് ഈ വിലകയറ്റം ആശങ്കയുണ്ടാക്കുന്നത്. പവന് 60,200 രൂപയും ഗ്രാമിന് രൂപയുമാണ് ഇന്നത്തെ വില. ഇന്നത്തെ വിലയില്‍ 10 ശതമാനം പണിക്കൂലിയില്‍ ഒരു പവന്‍ സ്വര്‍ണം വാങ്ങാന്‍ 68,000 രൂപയ്ക്ക് മുകളില്‍ കൊടുക്കണം. ഒരു ലക്ഷം രൂപയ്ക്ക് 1.47 പവന്‍ മാത്രമാണ് ഇന്ന് വാങ്ങാനാവുക.
സ്വർണത്തിന്‍റെ വില, പണിക്കൂലി, ഹാൾമാർക്ക് ചാർജ്, ജി.എസ്.ടി എന്നിവ ചേർത്തുള്ള വിലയാണ് സ്വര്‍ണാഭരണം വാങ്ങുമ്പോള്‍ നല്‍കേണ്ടി വരിക. സ്വർണാഭരണത്തിന്‍റെ ഡിസൈൻ അനുസരിച്ചാകും പണിക്കൂലി ചുമത്തുക. 5, 10 ശതമാനം പണിക്കൂലിയിൽ സാധാരണ സ്വർണാഭരണം ലഭിക്കും. 45 രൂപയാണ് ഹാൾമാർക്ക് ചാർജ്. ഇതിന് 18 ശതമാനം ജിഎസ്ടി സഹിതം 53.10 രൂപ നൽകണം. ഇതെല്ലാം ചേർത്ത തുകയ്ക്ക് മുകളിൽ മൂന്ന് ശതമാനം ജിഎസ്ടി നൽകണം.
പത്ത് ശതമാനം പണിക്കൂലിയുള്ള ആഭരണത്തിന് 6,020 രൂപ പണിക്കൂലി നല്‍കണം. ഹാള്‍മാര്‍ക്കിങ് ചാര്‍ജ് 53 രൂപ. ഇത് ചേര്‍ന്ന് 66,273 രൂപയ്ക്ക് മുകളില്‍ 1,988 രൂപ ജിഎസ്ടിയും ചേരും. ആകെ 68,261 രൂപയോളം നല്‍കേണ്ടി വരും.
പണിക്കൂലി അഞ്ച് ശതമാനമാണെങ്കില്‍ വില കുറച്ചുകൂടി കുറയും. 3,010 രൂപയാണ് പണിക്കൂലി വരിക. ഹാള്‍മാര്‍ക്കിങ് ചാര്‍ജ് 53 രൂപ. 63,210 രൂപ വരുമിത്. ഇതിനൊപ്പം 1,896 രൂപ ജിഎസ്ടി നല്‍കണം. അതായത് അഞ്ച് ശതമാനം പണിക്കൂലിയുള്ള സ്വര്‍ണാഭരണം വാങ്ങാന്‍ 65,106 രൂപ നല്‍കണം.