jio-coin-ai

TOPICS COVERED

കഴിഞ്ഞ ദിവസമാണ് റിയലന്‍സ് ജിയോ ക്രിപ്റ്റോ സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയുള്ള ജിയോ കോയിന്‍ പുറത്തിറക്കിയത്. ബ്ലോക്ക്ചെയിന്‍ സാങ്കേതികവിദ്യാ കമ്പനിയായ പോളിഗണ്‍ ലാബ്സുമായി റിലയന്‍സ് ജിയോ ഈയിടെ കരാറിലെത്തിയതിനാല്‍ ഇത് ക്രിപ്റ്റോ കറന്‍സിയാമെന്ന തരത്തില്‍ പ്രചാരമുണ്ടായിരുന്നു. എന്നാല്‍ ബിറ്റ്കോയിന്‍ പോലെ ക്ലാസിക്ക് ക്രിപ്റ്റോ കറന്‍സിയല്ല ജിയോ കോയിന്‍.

ഇത് ട്രേഡ് ചെയ്യാനോ വാങ്ങാനോ സാധിക്കില്ല. ഇതിന് വിപണി മൂല്യവുമില്ല. ഇതറീയം ലെയർ 2 സാങ്കേതികവിദ്യയില്‍ ബ്ലോക്ക്ചെയിന്‍ അടിസ്ഥാനമാക്കി നിര്‍മിച്ച റിവാര്‍ഡ് ടോക്കനാണ് ജിയോ കോയിന്‍. അതിനാല്‍ ജിയോ കോയിനെ ക്രിപ്റ്റോ ബേസഡ് റിവാര്‍ഡ് എന്ന് വിളിക്കുന്നതാകും ഉചിതം. 

ജിയോകോയിന്‍ നിലവില്‍ റിവാര്‍ഡ് പോയിന്‍റായാണ് പ്രവര്‍ത്തിക്കുന്നത്. ജിയോ സേവനങ്ങള്‍ ഉപയോഗിക്കുന്നതിലൂടെയാണ് ജിയോ കോയിന്‍ ലഭിക്കുക. ജിയോ ആപ്പ് അടക്കമുള്ള ഉപയോഗങ്ങള്‍ക്ക് നല്‍കുന്ന റിവാര്‍ഡ് ഉപഭോക്താക്കള്‍ക്ക് കൈമാറും. ഇവ പോളിഗോണ്‍ വാലറ്റില്‍ സ്വരൂപിക്കാനാകും. ജിയോ ഉപഭോക്താക്കള്‍ക്ക് സൗജന്യമായി ജിയോകോയിന്‍ നേടാനാകുമെന്നതാണ് പ്രത്യേകത. 

jio-coins

Image Credit: x.com/CryptooIndia

ജിയോ അവതരിപ്പിച്ച ജിയോ സ്ഫിയര്‍ വെബ് ബ്രൗസര്‍ ഉപയോഗിക്കുന്നവര്‍ക്കാണ് ജിയോകോയിന്‍ ലഭിക്കുക. മൈജിയോ,. ജിയോ സിനിമ, ജിയോ മാര്‍ട്ട് ഉപഭോക്താക്കള്‍ക്കും ഉടനെ ലഭിക്കും.  കോയിന്‍ ലഭിക്കാന്‍ ജിയോകോയിന്‍ പ്രോഗാമില്‍ സൈന്‍അപ്പ് ചെയ്യണം. ജിയോ സ്ഫിയര്‍ ആപ്പിലെ പ്രൊഫൈല്‍ സെക്ഷനില്‍ ഇതിനുള്ള സൗകര്യമുണ്ട്. ആപ്പ് ആന്‍ഡ്രോയിഡ്, ഐഒഎസ്, വിന്‍ഡോസ്, മാക് പ്ലാറ്റ്ഫോമുകളില്‍ ലഭക്കും. 

ജിയോ സ്ഫിയര്‍ ആപ്പ് ഉപയോഗിക്കുന്നവര്‍ക്കാണ് ജിയോ കോയിന്‍ ലഭിക്കുക. ആപ്പിലെ വെബ് ബ്രൗസിങ്, വിഡിയോ കാണല്‍ തുടങ്ങിയ ഉപയോഗങ്ങള്‍ക്ക് കോയിന്‍ ലഭിക്കും. ഇങ്ങനെ ലഭിക്കുന്ന ജിയോ കോയിന്‍ പിന്നീട് റെഡീം ചെയ്യാം. നിലവില്‍ റെഡീമിനെ പറ്റി ജിയോ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. റീചാര്‍ജ്, ജിയോ മാര്‍ട്ടിലെ പര്‍ച്ചേസുകള്‍, പെട്രോളടിക്കല്‍ തുടങ്ങിയ ജിയോ സേവനങ്ങള്‍ക്ക് ഇവ ഉപയോഗിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

ENGLISH SUMMARY:

Reliance Jio introduces Jio Coin, a reward token based on blockchain technology. Learn how to earn Jio Coin through Jio services and use it for recharges, purchases, and more.