TOPICS COVERED

ചായക്കടയിലെ ചില്ലുകൂട്ടില്‍ ഒട്ടിയിരുന്ന അടയും വടയും ഉണ്ണിയപ്പവും പഴംപൊരിക്ക് നേരെ രൂക്ഷമായൊന്ന് നോക്കി, ഈ ഇത്രയും വലിയ ആളാണോ എന്ന മട്ടില്‍. ഞാനൊന്നും അറിഞ്ഞില്ലേ എന്ന മട്ടില്‍ പഴംപൊരി നിസ്സഹായനായെങ്കിലും വലുപ്പച്ചെറുപ്പം ചില്ലുകൂട്ടില്‍ പ്രകടമാണ്. ഉണ്ണിയപ്പമൊക്കെ 5 ശതമാനം ജിഎസ്ടി എടുക്കുമ്പോൾ പഴംപൊരിക്ക് 18 ശതമാനം ജിഎസ്ടിയാണ് വരുന്നത്. 

പഴംപൊരി ഉണ്ടാക്കി വില്‍ക്കുന്ന ചെറുകിട മൈക്രോ യൂണിറ്റുകള്‍ക്ക് ജിഎസ്ടി 18 ശതമാനമായി വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഈയിടെ ജിഎസ്ടി വകുപ്പ് നോട്ടീസ് നല്‍കിയിരുന്നു. ഉണ്ണിയപ്പവും നെയ്യപ്പവും അടയും വടയും കുറഞ്ഞ നിരക്കില്‍ വില്‍ക്കപ്പെടുമ്പോള്‍ എന്തുകൊണ്ടാണ് പഴംപൊരിയോട് ഈ അനീതി? 

പഴംപൊരി, വട, അട, കൊഴുക്കട്ട എന്നിങ്ങനെ ഓരോ വിഭവത്തിനും വ്യത്യസ്ത ജിഎസ്ടിയാണ് ഈടാക്കുന്നത്. ഓരോ ഉൽപന്നത്തിനും വ്യത്യസ്ത ഹാര്‍മണൈസ്ഡ് സിസ്റ്റം ഓഫ് നൊമെന്‍ക്ലേചര്‍ അഥവാ എച്ച്എസ്‍എന്‍ കോഡാണ് എന്നതിനാലാണ് ഇത്. എച്ച്എസ്എന്‍ അടിസ്ഥാനമാക്കിയത് നികുതി നിരക്ക് നിശ്ചയിക്കുന്നത്.

ലോക കസ്റ്റംസ് ഓര്‍ഗനൈസേഷന്‍ രാജ്യാന്തര തലത്തില്‍ അംഗീകരിച്ചവയാണ് എച്ച്എസ്എന്‍ കോഡ്. ഓരോ കോഡിനും രാജ്യങ്ങള്‍ക്ക് അവരുടെ നികുതി നിരക്കുകള്‍ നിശ്ചയിക്കാനാകും. ഇന്ത്യയില്‍ ജിഎസ്ടി കൗണ്‍സിലിനാണ് ഇതിന്‍റെ ഉത്തരവാദിത്വം. പല മധുരപലഹാരങ്ങളും വിഭവങ്ങളും ചെറിയ നികുതി ഘടനയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ചേരുവയിലെയും നിര്‍മാണത്തിലെയും വ്യത്യാസമാണ് പഴംപൊരി അടക്കമുള്ളവയെ കുടുക്കിയത്. 

പൊറോട്ടയുമായി ബന്ധപ്പെട്ട ജിഎസ്ടി കേസിലും ചേരുവകളായിരുന്നു തിരിച്ചടിയായത്. പൊറോട്ടയുടെയും റൊട്ടിയുടെയും ചേരുവകൾ, നിര്‍മാണ പ്രക്രിയ, ബേക്കിംഗ് രീതി എന്നിവ വ്യത്യസ്തമാണെന്നും അതിനാല്‍ പൊറോട്ടയെ റൊട്ടി ഇനമായി തരംതിരിക്കരുതെന്നുമാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചിരുന്നത്.  

പഴംപൊരിയില്‍ നിന്ന് വ്യത്യസ്തമായി ഉണ്ണിയപ്പം, നെയ്യപ്പം, കലത്തപ്പം, അരിയുണ്ട, അവില്‍ വിളയിച്ചത് എന്നിവയ്ക്ക് 18 ശതമാനമായിരുന്ന ജിഎസ്ടി നിരക്ക് നേരത്തെ അഞ്ച് ശതമാനമാക്കി കുറച്ചിരുന്നു. വറുത്ത അരിയും ശർക്കരയും ഉപയോഗിച്ച് നിര്‍മിക്കുന്ന മധുര പലഹാരങ്ങള്‍ എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയാണ് അതോറിറ്റി ഫോര്‍ അഡ്വാന്‍സ് റൂളിങ് നികുതി അഞ്ച് ശതമാനമായി കുറച്ചത്. 

ബേക്കറികള്‍ക്കാണ് ഉയര്‍ന്ന ജിഎസ്ടി നിരക്ക് പ്രതിസന്ധിയുണ്ടാക്കുകയെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു. സാധാരണയായി കുടുംബശ്രീ പോലുള്ള മൈക്രോ യൂണിറ്റുകളാണ് ഇത്തരം ഉത്പ്പന്നങ്ങള്‍ നിര്‍മിക്കുന്നതും ബേക്കറികൾ വഴി വിൽക്കുകയും ചെയ്യുന്നത്. ചെറിയ ഷെൽഫ് ലൈഫ് ഉള്ള ഇത്തരം ലഘുഭക്ഷണങ്ങൾ വിൽക്കപ്പെടാത്തവ നിരസിക്കപ്പെട്ടാല്‍ ഇൻപുട്ട് ക്ലെയിമുകൾ നിഷേധിക്കപ്പെടുകയും ഗണ്യമായ സാമ്പത്തിക നഷ്ടം സംഭവിക്കുകയും ചെയ്യും.

പഴംപൊരിക്ക് 18 ശതമാനം ജിഎസ്ടി ചുമത്താനുള്ള നീക്കത്തില്‍ മലയാളികള്‍ പ്രതിഷേധിക്കണമെന്ന് പ്രമുഖ ഫുഡ് ബ്ലോഗറായ ബല്‍റാം മേനോന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഇതിനെ പിന്തുണച്ച് നിരവധി പ്രതികരണങ്ങളാണ് പോസ്റ്റിന് ലഭിക്കുന്നത്.

ENGLISH SUMMARY:

Proposed levy of 18% Goods and Services Tax on Pazhampori