ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള ബ്രാന്‍ഡ് എന്ന സ്ഥാനം നിലനിര്‍ത്തി ടാറ്റ ഗ്രൂപ്പ്. ഗ്ലോബല്‍ 500 റിപ്പോര്‍ട്ട് പ്രകാരം ടാറ്റ ഗ്രൂപ്പിന്‍റെ ബ്രാന്‍ഡ് വാല്യു 10 ശതമാനം ഉയര്‍ന്ന് 31.6 ബില്യണ്‍ ഡോളറായി. ആദ്യമായാണ് ഒരു ഇന്ത്യന്‍ ബ്രാന്‍ഡിന്‍റെ മൂല്യം 30 ബില്യണ്‍ ഡോളര്‍ കടക്കുന്നത്. ഏകദേശം 2.75 ലക്ഷം കോടി രൂപയോളം വരും. കഴിഞ്ഞ വര്‍ഷം ഇത് 28.6 ബില്യണ്‍ ഡോളറായിരുന്നു.
ടാറ്റ ഗ്രൂപ്പ് ഇന്ത്യയില്‍ നിന്നും പട്ടികയില്‍ മുന്നിലുള്ള ബ്രാന്‍ഡ്. ലോകത്ത് ആറുപതാമതാണ് ടാറ്റ. ഇന്‍ഫോസിസ് (132), എച്ച്ഡിഎഫ്സി(164) എല്‍ഐസി (177), റിലയന്‍സ് (237) എന്നിങ്ങനെയാണ് ബ്രാന്‍ഡ് മൂല്യത്തിന്‍റെ പട്ടിക. ലോകത്ത് ആപ്പിളാണ് ഏറ്റവും മൂല്യമുള്ള ബ്രാന്‍ഡ്. 574.5 ബില്യൺ ഡോളറാണ് കമ്പനിയുടെ മൂല്യം. മൈക്രോസോഫ്റ്റിന് 461 ബില്യൺ ഡോളർ മൂല്യമാണുള്ളത്.
ഇന്ത്യന്‍ കമ്പനികളില്‍ പലതും ബ്രാന്‍ഡ് മൂല്യത്തില്‍ വലിയ വര്‍ധന വരുത്തി. ഇന്ത്യന്‍ ബ്രാന്‍ഡുകളില്‍ ഏറ്റവും വേഗത്തില്‍ വളരുന്നത് എല്‍.ഐ.സിയാണ്. എല്‍ഐസിയുടെ ബ്രാന്‍ഡ് വാല്യു 36 ശതമാനം ഉയര്‍ന്ന് 13.3 ബില്യണ്‍ ഡോളറിലെത്തി. ബജാജ് ഗ്രൂപ്പിന്‍റെ മൂല്യം 23 ശതമാനം ഉയര്‍ന്ന് 6 ബില്യണ്‍ ഡോളറിലെത്തി. മഹീന്ദ്ര ഗ്രൂപ്പിന്‍റെ ബ്രാന്‍ഡ് വാല്യു ഒന്‍പത് ശതമാനം ഉയര്‍ന്ന് 7.2 ബില്യണ്‍ ഡോളറായി.
റിലയന്‍സ് ഗ്രൂപ്പിന്‍റെ ബ്രാന്‍ഡ് വാല്യു 17 ശതമാനം ഉയര്‍ന്ന് 9.8 ബില്യണ്‍ ഡോളറിലെത്തി. ഇന്‍ഫോസിസ് 15 ശതമാനം ഉയര്‍ന്ന് 16.3 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള കമ്പനിയായി. ലോകത്തെ ഏറ്റവും മൂല്യമുള്ള മൂന്നാമത്തെ ഐടി സേവന കമ്പനി കൂടിയാണ് ഇന്‍ഫോസിസ്. ഇന്ത്യന്‍ ബാങ്കിങ് സെക്ടറിലെ പ്രധാന കമ്പനികളെല്ലാം പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. എച്ച്ഡിഎഫ്സി ഗ്രൂപ്പിന് 14.2 ബില്യണ്‍ ഡോളറിന്‍റെ മൂല്യമാണുള്ളത്. എസ്ബിഐയുടെ ബ്രാന്‍ഡ് വാല്യു 9.6 ബില്യണ്‍ ഡോളറാണ്. ഐസിഐസിഐ ഗ്രൂപ്പിന്‍റെ മൂല്യം 6.4 ബില്യണ്‍ ഡോളറാണ്.