Image Credit: Facebook.com/TataConsultancyServices
രാജ്യത്തെ ഏറ്റവും വലിയ സോഫ്റ്റ്‍വെയര്‍ സേവന കമ്പനിയായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസ് കൊച്ചിയില്‍ 37 ഏക്കറില്‍ ക്യാംപസ് നിര്‍മിക്കും. കിൻഫ്ര ഇലക്ട്രോണിക്സ് മാനുഫാക്ചറിങ്ങ് ക്ലസ്റ്ററില്‍ ഒരുങ്ങുന്ന ക്യാംപസിലൂടെ 10,000 തൊഴിലവസരങ്ങളാണ് തുറക്കുക. ആദ്യഘട്ടമായി 690 കോടി രൂപയുടെ നിക്ഷേപമാണ് ടിസിഎസ് കൊച്ചിയില്‍ നടത്തുക.
ക്യാംപസിന് പുറമെ കൊച്ചി ഇൻഫോപാർക്കിനകത്ത് 5000 സീറ്റുകളുള്ള ഓഫീസിനും ടിസിഎസ് പദ്ധതിയിടുന്നുണ്ട്. ഇന്‍ഫോപാര്‍ക്കിലെ പ്രധാന ഡെവലപര്‍മാരുമായി സംസാരിച്ച് കമ്പനിക്ക് ആവശ്യമായ സൗകര്യം ഒരുക്കാന്‍ ശ്രമിക്കുകയാണെന്ന് വ്യവസായ മന്ത്രി പി. രാജീവ് ഇക്കണോമിക് ടൈംസിനോട് പറഞ്ഞു.
മുംബൈയിൽ കേരളം സംഘടിപ്പിച്ച ഇൻവെസ്റ്റേഴ്സ് റോഡ്ഷോയിൽ ടാറ്റ ഗ്രൂപ്പ് ചെയർമാൻ എൻ. ചന്ദ്രശേഖരനെ മന്ത്രി നേരില്‍ കണ്ട് കേരളത്തിലെ പുതിയ നിക്ഷേപങ്ങളെക്കുറിച്ച് സംസാരിച്ചിരുന്നു. മികച്ച ടാലന്‍റ് പൂളുള്ള കേരളത്തിന് കൂടുതൽ മുന്നേറാനുള്ള സാധ്യതയാണ് ടിസിഎസിന്‍റെ നിക്ഷേപങ്ങൾ ഒരുക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം ടെക്നോപാർക്ക് ഫേസ് 4ൽ ടിസിഎസ് ആരംഭിക്കുന്ന പുതിയ ക്യാമ്പസിൻ്റെ പ്രവർത്തനോദ്ഘാടനം ഈ വർഷം തന്നെ ഉണ്ടാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
കൊച്ചി ഇൻഫോപാർക്ക് 500 ഏക്കറിലേക്ക് കൂടി വ്യാപിപ്പിക്കും. കോഴിക്കോട് സൈബര്‍ പാര്‍ക്കിന്‍റെ വിപുലീകരിക്കുന്നതിനായി സ്ഥലം ഏറ്റെടുപ്പ് ചർച്ചകൾ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ഐടി കമ്പനികള്‍ക്ക് ഉപയോഗിക്കാനായി കാക്കനാട് സ്മാര്‍ട്ട് സിറ്റി പദ്ധതി ഏറ്റെടുക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.