രാജ്യത്ത് കാറുകള്‍ക്കും സ്മാര്‍ട്ട് ഫോണിനും ഇലക്ട്രിക് വാഹനങ്ങള്‍ക്കും സ്മാര്‍ട്ട് എല്‍ഇഡി ടിവികള്‍ക്കും വൈകാതെ വില കുറഞ്ഞേക്കും. ഇവയുടെ ഉല്‍പ്പാദനത്തിനാവശ്യമായ ഘടകങ്ങളുടെ ഇറക്കുമതിത്തീരുവയില്‍ ഗണ്യമായ കുറവ് ധനമന്ത്രി പ്രഖ്യാപിച്ചതോടെയാണ് വില കുറയുക. ബാറ്ററി, കൊബാള്‍ട്ട്, പുനരുപയോഗിക്കാവുന്ന ലിഥിയം അയണ്‍ ബാറ്ററി മാലിന്യം, ലെഡ്, ഈയം എന്ന് തുടങ്ങി ബാറ്ററി നിര്‍മാണത്തിനാവശ്യമായ 12 ധാതുക്കളുടെ കസ്റ്റംസ് ഡ്യൂട്ടിയിലാണ് കുറവ് വരുത്തിയത്.
ഏകദേശം ഏഴ് ലക്ഷം രൂപ മുതല്‍ 34 ലക്ഷം രൂപ വരെ വില വരുന്ന സ്റ്റേഷന്‍ വാഗണ്‍ കാറുകള്‍, റേസിങ് കാറുകള്‍,സെക്കന്‍ഡ് ഹാന്‍ഡ് കാറുകള്‍, മോപ്പഡ് ഉള്‍പ്പെടെയുള്ള ബൈക്കുകള്‍, സെക്കന്‍ ഹാന്‍ഡ് ബൈക്കുകള്‍, മോട്ടോര്‍വാഹനങ്ങള്‍( യാത്രയ്ക്കുള്ളതും ചരക്കുവാഹനങ്ങളും), സൈക്കിളുകള്‍, ഉല്ലാസനൗകകള്‍, റോവിങ് ബോട്ടുകള്‍, സ്മാര്‍ട്ട് മീറ്ററുകള്‍, ചിലയിനം ഇലക്ട്രിക് കളിപ്പാട്ടങ്ങളില്‍ എന്നിവയാണ് വില കുറയുന്നവയില്‍ പ്രധാനമായുള്ളത്. ഇറക്കുമതി ചെയ്യുന്ന രത്നം പതിച്ച സ്വര്‍ണം, വെള്ളി, പ്ലാറ്റിനം ആഭരണങ്ങള്‍ എന്നിവയ്ക്കും വില കുറയും.
മെഡിക്കല്‍ ടൂറിസം പ്രോല്‍സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി വീസ ഫീസിലും കുറവു വരുത്തിയിട്ടുണ്ട്. 36തരം ജീവന്‍രക്ഷാമരുന്നുകള്‍ക്ക് കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കി. ഇതില്‍ കാന്‍സര്‍ ചികില്‍സയ്ക്ക് ഉപയോഗിക്കുന്നതും മറ്റ് അപൂര്‍വരോഗങ്ങള്‍ക്കുള്ളതുമായ മരുന്നുകള്‍ ഉള്‍പ്പെടും. ആറ് തരം ജീവന്‍രക്ഷാമരുന്നുകള്‍ക്ക് കസ്റ്റംസ്ഡ്യൂട്ടി അഞ്ചുശതമാനമാക്കി കുറച്ചു.
കാമറ മൊഡ്യൂളുകള്‍, കണക്ടറുകള്‍, കണക്ടര്‍ നിര്‍മാണത്തിനാവശ്യമായ അസംസ്കൃത വസ്തുക്കള്‍, ഉപഗ്രഹഭാഗങ്ങള്‍, മെഴുകുതിരികള്‍, പിവിസി ഫ്ലെക്സ് ഫിലിം, ചെരുപ്പ്, ചിലയിനം മാര്‍ബിള്‍ സ്ലാബുകള്‍, 0.5 മില്ലീമീറ്ററില്‍ താഴെ കനമുള്ള പ്ലേറ്റുകള്‍, ഷീറ്റുകള്‍, സ്ട്രിപ്പുകള്‍ , 600 മില്ലീ മീറ്റര്‍ വീതിയോ അതില്‍ കൂടുതലോ ഉള്ള സ്റ്റെയിന്‍ലസ് സ്റ്റീല്‍ ഉല്‍പ്പനങ്ങള്‍, സ്റ്റെയിന്‍ലസ് സ്റ്റീലിന്‍റെ ട്യൂബുകള്‍, പൈപ്പ് ഫിറ്റിങ്സുകള്‍, നട്ട്, ബോള്‍ട്ട്, സ്ക്രൂ, സോളാര്‍ സെല്ലുകള്‍, ഭക്ഷണത്തിലും ശീതള പാനീയങ്ങളിലും ഉപയോഗിക്കുന്ന കൃത്രിമ എസന്‍സുകള്‍, ബെഡുകളായി മാറ്റാന്‍ കഴിയുന്ന സീറ്റുകള്‍, മെത്തകള്‍, ഫര്‍ണിച്ചറുകള്‍, അലങ്കാര വിളക്കുകള്‍, ലാബുകളില്‍ ഉപയോഗിക്കുന്ന രാസവസ്തുക്കള്‍ എന്നിവയുടെ ഇറക്കുമതി തീരുവയിലും കുറവ് വരുത്തിയിട്ടുണ്ട്.