കാശുള്ളവനേ അതിന്‍റെ വിഷമം അറിയുകയുള്ളൂ എന്ന് പറഞ്ഞത് പോലെയാണ് ഗൗതം അദാനിയുടെ കാര്യം. ഒരു ഭാഗത്ത് ഇന്ത്യയിലെ രണ്ടാമത്തെ സമ്പന്നന്‍. അതേസമയം ലോകത്ത് സമ്പത്ത് നഷ്ടപ്പെടുന്നതില്‍ രണ്ടാമന്‍. രണ്ട് മാസം കൊണ്ട് ഏകദേശം ഒരു ലക്ഷം കോടി രൂപയാണ് ഗൗതം അദാനിയുടെ ആസ്തിയിലുണ്ടായ ഇടിവ്.
ബ്ലൂംബെര്‍ഗ് ബില്യണയര്‍ സൂചിക പ്രകാരം, ഗൗതം അദാനിയുടെ ആസ്തി 11.9 ബില്യണ്‍ ഡോളര്‍ ഇടിഞ്ഞ് 66.8 ബില്യണ്‍ ഡോളറിലേക്ക് എത്തി. നിലവില്‍ ലോക സമ്പന്നരില്‍ 23-ാം സ്ഥാനത്താണ് ഗൗതം അദാനി. 2025 ന്‍റെ തുടക്കം മുതല്‍ 13 ശതമാനം ഇടിവാണ് അദാനി ഗ്രൂപ്പ് ഓഹരികളിലുണ്ടായത്. ഇതുതന്നെയാണ് ആസ്തിയിലെ ഇടിവിനും കാരണം.
ലോകത്ത് സമ്പത്തില്‍ ഏറ്റവും കൂടുതല്‍ ഇടിവ് നേരിട്ടത് മറ്റാര്‍ക്കുമല്ല, ലോകസമ്പന്നനായ ഇലോണ്‍ മസ്കിന് തന്നെ. 35.2 ബില്യണ്‍ ഡോളര്‍ അഥവാ 2,76,800 കോടി രൂപയുടെ നഷ്ടമാണ് ഇലോണ്‍ മസ്കിന്. 397.3 ബില്യണ്‍ ഡോളറാണ് അദ്ദേഹത്തിന്‍റെ ആസ്തി.
ഓഹരികള്‍ സമീപകാലത്തുണ്ടായ കനത്ത ഇടിവാണ് അദാനിയുടെ ആസ്തിയെ ബാധിച്ചത്. അദാനി എന്‍റര്‍പ്രൈസിന്‍റെ ഓഹരികള്‍ 15 ശതമാനമാണ് 2025 ല്‍ ഇടിഞ്ഞത്. അദാനി പോര്‍ട്ട് 11 ശതമാനവും അദാനി പവര്‍ 8.66 ശതമാനവും അദാനി ഗ്രീന്‍ എനര്‍ജി 18 ശതമാനവും ഇടിഞ്ഞു. അദാനിയുടെ ആസ്തിയുടെ മൂന്നിലൊന്നും അദാനി എന്‍റര്‍പ്രൈസില്‍ നിന്നാണ്. കമ്പനിയില്‍ 74 ശതമാനം ഓഹരി പങ്കാളിത്തമാണ് അദാനിക്കുള്ളത്. അദാനി പോർട്ട്‌സ്, അദാനി പവർ എന്നിവയിലെ അദ്ദേഹത്തിന്‍റെ ഓഹരി പങ്കാളിത്തം 18.1 ബില്യൺ ഡോളറും 15.9 ബില്യൺ ഡോളറുമാണ്.
ഇന്ത്യന്‍ ശതകോടീശ്വരനായ എച്ച്‍സിഎല്‍ ടെക് ചെയര്‍മാന്‍ ശിവ നാടാരാണ് കനത്ത നഷ്ടം സംഭവിച്ച മറ്റൊരാള്‍. 38,993 കോടി രൂപ (4.5 ബില്യണ്‍ ഡോളര്‍)യാണ് ശിവ നാടാരുടെ ആസ്തിയില്‍ നിന്നുള്ള ഇടിവ്. ഈ വര്‍ഷം ഇതുവരെ 11.31 ശതമാനം ഇടിവാണ് എച്ച്സിഎല്‍ ടെക് നേരിട്ടത്. ഇന്ത്യയിലെ സമ്പന്നനായ മുകേഷ് അംബാനിക്ക് 2.9 ബില്യണ്‍ ഡോളറിന്‍റെ നഷ്ടമാണ് രണ്ടു മാസത്തിനിടെ ഉണ്ടായത്. നിലവില്‍ 87.77 ബില്യണ്‍ ഡോളറാണ് അദ്ദേഹത്തിന്‍റെ ആസ്തി. അതായത് 25,129 കോടി രൂപയുടെ ഇടിവോടെ അംബാനിയുടെ ആസ്തി 7,60,130 കോടി രൂപയിലെത്തി.
വിപണിയില്‍ തുടരുന്ന വിറ്റഴിക്കലാണ് സമ്പന്നന്‍മാരെയും പിടിച്ചുകുലുക്കിയത്. ഉയര്‍ന്ന വാല്യുവേഷനും കുറഞ്ഞ വളര്‍ച്ച നിരക്കും അടക്കമുള്ള കാരണങ്ങളില്‍ വിപണിയില്‍ ഇടിവ് തുടരുകയാണ്. ഇതുവരെ നിഫ്റ്റി 3.99 ശതമാനമാണ് ഇടിവ്. കാര്യം അങ്ങനെയൊണെങ്കിലും ഇന്ത്യന്‍ സമ്പന്നരില്‍ മുകേഷ് അംബാനിക്കും ഗൗതം അദാനിക്കും സ്ഥാന ചലനമില്ല. ഇരുവരും തന്നെയാണ് ഒന്നും രണ്ടും സ്ഥാനത്ത് തുടരുന്നത്.