എലോൺ മസ്‌കിന്റെ AI കമ്പനി xAIയുടെ പുത്തന്‍ ചാറ്റ് ബോട്ടായ ഗ്രോക്ക് 3യാണ് ഇപ്പോള്‍ ടെക് ലോകത്തെ ചര്‍ച്ചാവിഷയം. ഓപ്പണ്‍ എഐയുടെ ചാറ്റ് ജി.പി.ടി , ചൈനയുടെ ഡീപ് സീക്ക് എന്നിവയ്ക്ക് എതിരാളിയായി കണക്കാക്കപ്പെടുന്ന ഗ്രോക് 3പ്രകടനത്തില്‍ മറ്റ് ഏത് ചാറ്റ്ബോട്ടുകളെക്കാവും മികച്ചതാണെന്നാണ് മസ്കിന്‍റെ അവകാശവാദം.
ഗെയിമുകൾ സൃഷ്ടിക്കാനും കോഡിംഗിൽ സഹായിക്കാനും പിഎച്ച്ഡി-ലെവൽ സയൻസ് ചോദ്യങ്ങൾ കൈകാര്യം ചെയ്യാനും ഗ്രോക്ക്3 യ്ക്ക് സാധിക്കുമെന്ന് മസ്ക് അവകാശപ്പെടുന്നു. കോഡിംഗ് ജോലികളിൽ മണിക്കൂറുകള്‍ ലാഭിക്കാനും ഗ്രോക്ക് 3 സഹായിക്കും.
ഗ്രോക്ക് 3 പുറത്തിറക്കിയതിനു പിന്നാലെ മസ്കിന്‍റെ പോസ്റ്റും ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ ടെക് ലോകത്തെ ചര്‍ച്ച. ചാറ്റ് ബോട്ടിന്‍റെ പ്രവര്‍ത്തനക്ഷമതയെക്കുറിച്ചുള്ള് അഭിപ്രായങ്ങള്‍ അറിയാനും പ്രശ്നങ്ങള്‍ കണ്ടെത്താനുമായാണ് മസ്ക് എക്സിൽ പോസ്റ്റിട്ടത്. ‘ഈ ആഴ്ചയിലെ ഓരോ ദിവസവും ഗ്രോക്ക് 3 മെച്ചപ്പെടുത്തികൊണ്ടേയിരിക്കും. എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ പോസ്റ്റിനു മറുപടിയായി റിപ്പോർട്ട് ചെയ്യണം’’ എന്നായിരുന്നു മസ്കിന്‍റെ കുറിപ്പ്.
ഇതിനു മറുപടിയുമായാണ് സുന്ദർ പിച്ചൈ എത്തിയത്. ‘‘പുരോഗതിക്ക് അഭിനന്ദനങ്ങൾ! പരീക്ഷിക്കാൻ കാത്തിരിക്കുന്നു.’’ – എന്നാണ് സുന്ദർ പിച്ചൈ പോസ്റ്റിനു മറുപടി നൽകിയത്. മസ്കിന്‍റെ എഐ ബോട്ടിനെക്കുറിച്ച് ഗൂഗിള്‍ സിഇഒ മറുപടി നല്‍കിയതോടെ ടെക് ലോകം പലവിധ ചര്‍ച്ചകളിലേക്ക് കടന്നുകഴിഞ്ഞു.
വെറുമൊരു പോസ്റ്റും അതിനുള്ള മറുപടിയുമായല്ല ടെക് ലോകം ഈ സംഭവത്തെ കാണുന്നത്. മസ്കിന്‍റെ എഐ ബോട്ടായ ഗ്രോക്ക് 3 ഗൂഗിള്‍ ഉപയോഗിക്കുമോ? ഭാവിയില്‍ രണ്ട് കമ്പനികളും സഹകരിക്കുന്ന സാഹചര്യം ഉണ്ടാകുമോ? ഗൂഗിള്‍ ജെമിനിയുടെ പരിഷ്കരിച്ച പതിപ്പ് എത്തിക്കുമോ എന്നിങ്ങനെ നിരവധി ചോദ്യങ്ങളാണ് ഉയരുന്നത്.