ഐപിഎല്‍ സീസണും അവധിക്കാലവുമെല്ലാം അരികില്‍ നില്‍ക്കേ വിപണിയില്‍ വീണ്ടും കോള യുദ്ധം. കോക്കകോള പുറത്തിറക്കിയ ‘ഹാഫ് ടൈം – കോക് ടൈം’ കാംപയ്ന് മറുപടിയായി പെപ്സി ‘എനി ടൈം – പെപ്സി ടൈം’ കാംപയ്ന്‍ പുറത്തിറക്കി. ടൈംസ് ഓഫ് ഇന്ത്യ ദിനപത്രത്തില്‍ മുഴുപേജ് പരസ്യം നല്‍കിയാണ് പെപ്സിയുടെ മറുപടി. പേര് തന്നെ ‘എനി ടൈം’ കാംപയ്നുമായി ചേര്‍ത്തുനിര്‍ത്തിയണ് 'ടൈംസ് ഓഫ് ഇന്ത്യ പരസ്യം നല്‍കിയത്.
ഇതിനൊപ്പം എനി ടൈം ഓഫര്‍ എന്ന പേരില്‍ 20 രൂപയ്ക്ക് 400 മില്ലിലീറ്റര്‍ ബോട്ടിലും പെപ്സി പുറത്തിറക്കി. 250 എംഎല്‍ ബോട്ടിലിന്‍റെ വിലയ്ക്കാണ് 400 എംഎല്‍ പെപ്സി നല്‍കുന്നത്. റഗുലര്‍ പെപ്സിയും സീറോ–ഷുഗര്‍ പെപ്സിയും ഇതേ വിലയ്ക്ക് ലഭിക്കും. ഇതോടെ മറ്റ് കോള ബ്രാന്‍ഡുകളും കടുത്ത മല്‍സരത്തിന് തയാറെടുക്കേണ്ട അവസ്ഥയായി.
‘യേ ദില്‍ മാംഗേ മോറി’നുശേഷം പെപ്സി മുന്നോട്ടുവയ്ക്കുന്ന ഏറ്റവും ശ്രദ്ധേയമായ ആഡ് കാംപയ്ന്‍ കൂടിയാകുകയാണ് ‘എനി ടൈം പെപ്സി ടൈം’ കാംപയ്ന്‍. ‘എനി വെതര്‍ ഈസ് പെപ്സി വെതര്‍’ എന്ന 1950കളിലെ പരസ്യവാചകത്തെ അനുസ്മരിപ്പിക്കുന്നതാണ് പുതിയ കാംപയ്ന്‍. ഹവസ് ക്രിയേറ്റിവ് മീഡിയ ആണ് പുതിയ കാംപയ്ന്‍ തയാറാക്കിയത്.
എക്കാലത്തും തല്‍സ്ഥിതിയെ രസകരമായ രീതികളില്‍ വെല്ലുവിളിക്കുന്ന ബ്രാന്‍ഡാണ് എക്കാലത്തും പെപ്സി എന്ന് ഹവസ് ചീഫ് ക്രിയേറ്റിവ് ഓഫിസര്‍ അനുപമ ഗോസ്വാമി പറഞ്ഞു. എല്ലാസമയത്തും ഊര്‍ജവും ആവേശവും പകരുന്ന ഉല്‍പ്പന്നം എന്ന പെപ്സിയുടെ പ്രശസ്തിക്കുതകുന്നതാണ് പുതിയ പരസ്യവാചകമെന്നും അവര്‍ അവകാശപ്പെട്ടു.
ഐപിഎല്ലിന്‍റെ ടൈറ്റില്‍ സ്പോണ്‍സറായി തംസ് അപ്പിന് പകരം കാംപ കോള എത്തിയതോടെ ഇന്ത്യന്‍ കോള വിപണിയില്‍ അതിശക്തമായ ത്രികോണ മല്‍സരത്തിനാണ് കളമൊരുങ്ങിയിരിക്കുന്നത്. കൂടുതല്‍ താരങ്ങളെയും സെലിബ്രിറ്റികളെയും അണിനിരത്തിയുള്ള കാംപയ്നുകളുമായി മറ്റ് ബ്രാന്‍ഡുകളും രംഗത്തെത്തുന്നതോടെ മല്‍സരം കൂടുതല്‍ കടുക്കും.