ആഗോള നിക്ഷേപക സംഗമം നടത്തുന്ന തിരക്കിലാണ് പലസംസ്ഥാനങ്ങളും. കേരളം കര്‍ണാടകയും മധ്യപ്രദേശും മുതല്‍ പലഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ വരെ പരമാവധി നിക്ഷേപം സ്വന്തം നാട്ടിലെത്തിക്കാനുള്ള തത്രപ്പാടിലാണ് . ഇത്തരം സംഗമങ്ങളിലുണ്ടാകുന്ന പ്രഖ്യാപനങ്ങള്‍ പ്രാവര്‍ത്തികമാവുന്നത് എത്രയെണ്ണത്തിനാണ്. നേരത്തെ കൊച്ചിയില്‍ നടന്ന ആഗോള നിക്ഷേപക സംഗമത്തിന്‍റെ മുഖമായി ചൂണ്ടികാണിച്ചിരുന്ന ആഴക്കടല്‍ മത്സബന്ധന പദ്ധതിയുമായി എത്തിയ കമ്പനി വ്യാജമാണന്നും ഓഫീസ് പോലുമില്ലെന്ന് പിന്നീട് തുറന്നുകാട്ടപ്പെട്ടിരുന്നു. പങ്കെടുക്കുന്ന കമ്പനികളെ കുറിച്ച് പരിശോധനകള്‍ വേണമെന്നതിലേക്കായിരുന്നു ഇത് വിരല്‍ ചൂണ്ടിയിരുന്നത്.
ഞൊടിയിടയില്‍ പദ്ധതി ; ഇത് കര്‍ണാടക സ്റ്റൈല്‍
ഫെബ്രുവരി 12 മുതല്‍ 14 വരെയാണ് ബെംഗളരുവില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ നേതൃത്വം നല്‍കിയ ആഗോള നിക്ഷേപക സംഗമം നടന്നത്. പത്തുലക്ഷം കോടിയുടെ നിക്ഷേപക വാഗ്ദാനങ്ങളെന്ന ടാര്‍ജറ്റായിരുന്നു സര്‍ക്കാരിനുണ്ടായിരുന്നത്. മൂന്നുദിവസത്തെ സംഗമം കഴിഞ്ഞപ്പോള്‍ ടാര്‍ജറ്റും കവിഞ്ഞിരുന്നു. 10.27 ലക്ഷം കോടി പദ്ധതികളുടെ ധാരണാ പത്രങ്ങളും നിക്ഷേപക വാഗ്ദാനങ്ങളുമാണ് കര്‍ണാടക ജിം –2024 ല്‍ ഉണ്ടായത്.
ജര്‍മന്‍ ഭക്ഷ്യ സംസ്കരണ ഉപകരണ നിര്‍മാതാക്കളായ ക്രോണ്‍സിന്‍റെ(Krones) ബോട്ടിലിങ് മെഷീന്‍ നിര്‍മാണ യൂണിറ്റിന്‍റെ നിര്‍മാണമാണ് ആദ്യം തുടങ്ങിയത്. കോലാറില്‍ സര്‍ക്കാര്‍ അനുവദിച്ച സ്ഥലത്താണ് 315 കോടിയുടെ പദ്ധതി റെയിലിലായത്. ഒരുമാസത്തിനുള്ളില്‍ എല്ലാതരം അനുമതികളും നല്‍കുന്നതില്‍ വിവിധ വകുപ്പുകള്‍ കാണിച്ച കണിശതയാണ് പദ്ധതി പ്രാവര്‍ത്തികമാവുന്നതില്‍ നിര്‍ണായകം. ബെംഗളുരു രാജ്യാന്തര വിമാനത്താവളത്തിനു സമീപം ദേവനഹള്ളിയില്‍ ഇന്റര്‍നാഷണല്‍ ബാറ്ററി കമ്പനിയുടെ ബാറ്ററി നിര്‍മാണ യൂണിറ്റിന്‍റെ പ്രവര്‍ത്തനങ്ങളും ആരംഭിച്ചു . അമേരിക്കയിലെ കാലിഫോര്‍ണിയ ആസ്ഥാനമാക്കിയുള്ള കമ്പനി വൈദ്യുതി വാഹനങ്ങള്‍ക്കാവശ്യമായ ലിതിയം അയണ്‍ ബാറ്ററിയാണ് നിര്‍മിക്കുക. 300 പേര്‍ക്ക് നേരിട്ട് തൊഴില്‍ ലഭിക്കുന്ന യൂണിറ്റിലെ ഉല്‍പാദനത്തിന്‍റെ 20 ശതമാനം അമേരിക്ക,യൂറോപ്പ് വിപണികളിലേക്ക് കയറ്റുമതി ചെയ്യും. ആഗോള വാഹന ബാറ്ററി നിര്‍മാണ രംഗത്തെ വമ്പന്‍റെ ഇന്ത്യയിലെ ആദ്യ പ്ലാന്‍റാണിത്. ജിമ്മില്‍ പദ്ധതിയുടെ ധാരണാപത്രം ഒപ്പിട്ടെങ്കിലും അതിനു മുന്‍പ് തന്നെ അടിസ്ഥാന ജോലികള്‍ ആരംഭിച്ചിരുന്നു. ജനുവരി 15നു ദേവനഹള്ളിയിലെ കര്‍ണാടക ഇന്‍ഡസ്ട്രിയല്‍ എരിയ ഡവല്പമെന്റ് ബോര്‍ഡിന്‍റെ പാര്‍ക്കില്‍ മണ്ണൊരുക്കല്‍ ചടങ്ങ് നടന്നു.
സെമി കണ്ടക്ടര്‍ വമ്പന്‍മാരായ അമേരിക്കയിലെ ലാം റിസര്‍ച്ചിന്‍റെ സെമി കണ്ടക്ടര്‍ പ്ലാന്‍റിനുള്ള നടപടിക്രമങ്ങളും ഇതിനകം പൂര്‍ത്തിയാട്ടുണ്ട്. 4000 കോടിയുടെ നിക്ഷേപമാണ് ലാം റിസര്‍ച്ച് നടത്തുന്നത്. ബെംഗളുരു ആസ്ഥാനമായുള്ള എം.വി എനര്‍ജിയുടെ (Emmvee energy)യുടെ സോളര്‍ പാനലും ദേവനഹള്ളിയിലെ വ്യവസായ പാര്‍ക്കില്‍ ഉടന്‍ തുടങ്ങും.15000 കോടിയാണ് നിക്ഷേപം. കൊപ്പലില്‍ ബല്‍ഡോട്ട ഗ്രൂപ്പിന്‍റെ സ്റ്റീല്‍ പ്ലാന്‍റിനും സര്‍ക്കാര്‍ അനുമതി നല്‍കി കഴിഞ്ഞു.54000 കോടിയുടെ പദ്ധതിക്കെതിരെ പരിസ്ഥിതി സംഘടനകളുടെയും പ്രദേശ വാസികളുടെയും പ്രതിഷേധം ശക്തമാണ്. ഇതിനെ തുടര്‍ന്ന് അനുവദിച്ച ഭൂമിയുടെ ചുറ്റുമതില്‍ നിര്‍മാണം താല്‍കാലികമായി നിര്‍ത്തിവച്ച് ചര്‍ച്ചകള്‍ തുടരുകയാണ്.
ബി.ജെ.പി സര്‍ക്കാരിന്‍റെ ജിമ്മിനു വേഗതയില്ല
ഇതിനു മുന്‍പ് കര്‍ണാടകയില്‍ ആഗോള നിക്ഷേപക സംഗമം നടന്നത് 2022 നവംബറിലാണ്.5.41 ലക്ഷം കോടിയുടെ നിക്ഷേപക വാഗ്ദാനങ്ങളാണ് അന്നുണ്ടായത്. അതില്‍20 പദ്ധതികള്‍ക്ക് ഇതുവരെ എല്ലാ അനുമതികളും നല്‍കി കഴിഞ്ഞു. രണ്ടു പദ്ധതികള്‍ മാത്രമാണ് നിര്‍മാണം തുടങ്ങിയത്. നിക്ഷേപങ്ങളേറെയും വന്‍കിട ഫാക്ടറികള്‍ക്കായതിനാലാണ് നിര്‍മാണം വൈകുന്നതെന്നാണ് വ്യവസായ മന്ത്രി എം.ബി. പാട്ടീല്‍ കഴിഞ്ഞ വെള്ളിയാഴ്ച നിയമസഭയില്‍ വ്യക്തമാക്കിയത്.
കേരളത്തിലെ നിക്ഷേപവും , കര്‍ണാടകയിലെ ജിമ്മും
കേരളത്തില്‍ പിണറായി വിജയന്‍ സര്‍ക്കാരിന്‍റെ കാലത്ത് വ്യവസായ സാഹചര്യങ്ങളില്‍ കാതലായ മാറ്റങ്ങളുണ്ടായെന്നും അത് അഭിനന്ദിക്കപ്പെടേണ്ടതാണെന്നും കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എം.പിയുമായ ശശി തരൂര്‍ ലേഖനം എഴുതിയത് വന്‍വിവാദമായിരുന്നല്ലോ. ഈ ലേഖനം ഒരു ഇംഗ്ലീഷ് പത്രത്തില്‍ പ്രസിദ്ധീകരിച്ചതിനു തലേദിവസം വൈകീട്ട് തരൂര്‍ ബെംഗളുരുവിലുണ്ടായിരുന്നു. ജിമ്മിന്റെ സമാപന സമ്മേളനത്തില്‍ മുഖ്യാഥിതികളില്‍ ഒരാളായിരുന്നു. തരൂരിന്റെ കൂടി സാക്ഷി നിര്‍ത്തിയായിരുന്നു കര്‍ണാടക വ്യവസായ മന്ത്രി എം.ബി. പാട്ടീല്‍ മൂന്നുദിവസത്തിനിടെ 10.27 ലക്ഷം കോടിയുടെ നിക്ഷേപക വാഗ്ദാനങ്ങളും എം.ഒ.യുകളും സംഗമത്തിലുണ്ടായെന്ന് പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ് സര്‍ക്കാരിന് ഇത്രയും വലിയ നിക്ഷേപക വാഗ്ദനങ്ങള്‍ കിട്ടിയിട്ടും അതും 80 ശതമാനവും ബെംഗളുരുവിനു പുറത്തുള്ള വമ്പന്‍ ഫാക്ടറികവുടെതായിട്ടും അതൊന്നും കാണാതെ കേരളത്തിലെ വ്യവസായ പുരോഗതിയെ പുകഴ്ത്തിയത് കോണ്‍ഗ്രസ് നേതാക്കളില്‍ വരെ അമര്‍ഷത്തിന് ഇടയാക്കിയിരുന്നു.