Image Credit: instagram.com/ratantata
ടാറ്റ ഗ്രൂപ്പ് ചെയര്‍മാനായിരുന്ന രത്തന്‍ ടാറ്റയുടെ സ്വത്തില്‍ ജീവനക്കാരും അയല്‍ക്കാരനും എന്തിന് സ്വന്തം നായ പോലും അവകാശി. കോടികളാണ് ഇവര്‍ക്കായി മാറ്റിവച്ചിരിക്കുന്നത്. വീട്ടിലെ സഹായിക്കും ഓഫീസ് സ്റ്റാഫിനുമായി മാറ്റിവച്ചത് 3.50 കോടി രൂപയാണ്. കാര്‍ കഴുകാനെത്തിയ ജീവനക്കാരന്‍ മുതല്‍ പ്യൂണ്‍ അടക്കമുള്ളവര്‍ക്കാണ് ഈ തുക ലഭിക്കുക. രത്തന്‍ ടാറ്റയുടെ വില്‍പത്രത്തില്‍ അയല്‍ക്കാരനും പരിഗണനയുണ്ട്. വിദ്യാഭ്യാസ ആവശ്യത്തിന് അയല്‍ക്കാരന് നല്‍കിയ ലക്ഷങ്ങളുടെ വായ്പ എഴുതി തള്ളണമെന്നാണ് രത്തന്‍ ടാറ്റ വില്‍പത്രത്തില്‍ വ്യക്തമാക്കുന്നത്. 2024 ഒക്ടോബര്‍ പത്തിനാണ് രത്തന്‍ ടാറ്റ അന്തരിച്ചത്.
നേരത്തെ രത്തന്‍ ടാറ്റയുടെ വില്‍പത്രത്തില്‍ ആര്‍ക്കൊക്കെ വിഹിതം ലഭിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ തുകയുടെ വിശദാംശങ്ങള്‍ പുറത്തുവരുന്നത് ഇതാദ്യമായാണ്. എഴു വര്‍ഷത്തിന് മുകളില്‍ സഹായിയിരുന്നവര്‍ക്ക് സേവനത്തിന് അനുസൃതമായി 15 ലക്ഷം രൂപ നല്‍കാനാണ് രത്തന്‍ ടാറ്റ വില്‍പത്രം നടപ്പിക്കുന്നവര്‍ക്ക് നല്‍കിയ നിര്‍ദ്ദേശം. പാര്‍ട് ടൈം ജീവനക്കാര്‍ക്കും കാര്‍ കഴുകാനെത്തുന്നവര്‍ക്കും ഒരു ലക്ഷം രൂപാ വീതം നല്‍കണം.
ദീര്‍ഘകാലം ഒപ്പമുണ്ടായിരുന്ന പാചരക്കാരന്‍ രാജന്‍ ഷായ്ക്ക് ഒരു കോടി രൂപയിലധികം ലഭിക്കും. ഇതില്‍ 51 ലക്ഷം രൂപ അദ്ദേഹത്തിന് നല്‍കിയ വായ്പ എഴുതിതള്ളാനാണ്. കലവറക്കാരന്‍ സുബ്ബയ കൊനാറിന് വായ്പ എഴുതുതള്ളാനുള്ള 36 ലക്ഷം അടക്കം 66 ലക്ഷം രൂപയും സെക്രട്ടറി ഡെല്‍നസ് ഗില്‍ഡറിന് 10 ലക്ഷം രൂപയും വില്‍പത്രത്തില്‍ രത്തന്‍ ടാറ്റ എഴുതിവച്ചിട്ടുണ്ട്.
രത്തന്‍ ടാറ്റയുടെ അരുമയായ ടിറ്റോ എന്ന പട്ടിക്ക് 12 ലക്ഷം രൂപ ലഭിക്കും. ജര്‍മന്‍ ഷെപ്പേര്‍ഡ് ഇനത്തില്‍പ്പെട്ട നായയെ അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് രത്തന്‍ ടാറ്റ ദത്തെടുക്കുന്നത്. നായയുടെ ആവശ്യങ്ങള്‍ക്കായി 12 ലക്ഷം രൂപയില്‍ നിന്നും മൂന്നുമാസം കൂടുമ്പോള്‍ 30,000 രൂപ വീതം പിന്‍വലിക്കാന്‍ സാധിക്കും. നിലവില്‍ രാജന്‍ ഷായുടെ പരിചരണത്തിലാണ് ടിറ്റോ. ഡാക്സ്, പോളോ, ബ്രൂക്സ് ബ്രദേഴ്സ്, ബ്രിയോണി സ്യൂട്ടുകൾ, ഹെർമിസ് ടൈകൾ തുടങ്ങിയ ബ്രാൻഡുകൾ ധരിച്ചിരുന്ന അദ്ദേഹത്തിന്റെ എല്ലാ വസ്ത്രങ്ങളും ആവശ്യക്കാര്‍ക്ക് നല്‍കാനായി എൻജിഒകൾക്ക് നൽകും.
19.50 ലക്ഷം രൂപ സെക്രട്ടറിക്കും 5 ലക്ഷം രൂപ ടാറ്റ ട്രസ്റ്റിലെ കണ്‍സള്‍ട്ടന്‍റിനും ലഭിക്കുപം. അലിഭാഗിലെ വീടിന്‍റെ ചുതലക്കാരന് രണ്ട് ലക്ഷവും സഹായിക്ക് 1.50 ലക്ഷവുമാണ് ലഭിക്കുക. വില്‍പത്രം നടപ്പിലാക്കുന്ന അര്‍ധസഹോദരിമാരായ ഷിറീന്‍ ജിജാഭോയ്, ഡിയന ജിജാഭോയ് മെഹ്ലി മിസ്ത്രി, അബിഭാഷകന്‍ ഡാരിയസ് കംബാട്ട എന്നിവര്‍ക്ക് അഞ്ച് ലക്ഷം വീതമാണ് വില്‍പത്രത്തില്‍ പറയുന്നത്.
രത്തന്‍ ടാറ്റയുടെ എക്‌സിക്യൂട്ടീവ് അസിസ്റ്റന്റായിരുന്ന ശാന്തനു നായിഡുവിന് കോർണൽ യൂണിവേഴ്‌സിറ്റിയിൽ എംബിഎ പഠനത്തിനായി നൽകിയ ഒരു കോടി രൂപയുടെ വായ്പയും എഴുതി തള്ളിയിട്ടുണ്ട്. ഡ്രൈവർ രാജു ലിയോണിന് 1.5 ലക്ഷം രൂപ നല്‍കുകയും 18 ലക്ഷം രൂപയുടെ വായ്പ എഴുതിത്തള്ളുകയും ചെയ്തിട്ടുണ്ട്.
അയല്‍വാസിയായ ജേക്ക് മാലിറ്റിന്‍റെ എംബിഎ പഠനത്തിന് 23.7 ലക്ഷം രൂപയാണ് രത്തന്‍ ടാറ്റ വായ്പ നല്‍കിയത്. ഈ തുക എഴുതി തള്ളനും വില്‍പത്രത്തില്‍ പറയുന്നുണ്ട്. യുകെ യിലെ വാര്‍വിക് ബിസിനസ് സ്കൂളില്‍ നിന്നും എംബിഎ പൂര്‍ത്തിയാക്കിയ ജേക്ക് മാലിറ്റ് നിസലവില്‍ യുഎസ് എയറോസ്പേസ് നിര്‍മാണ കമ്പനിയുടെ ഭാഗമായി സ്വിറ്റസര്‍ലാന്‍ഡിലാണെന്നാണ് വിവരം.