അമേരിക്കന്‍ തീരുവ യുദ്ധത്തിന്‍റെ ആഘാതത്തില്‍ കൂട്ട തകര്‍ച്ച നേരിട്ട് ഇന്ത്യന്‍ ഓഹരി വിപണി. സെന്‍സെക്സ് മൂവായിരം പോയിന്‍റിലധികം താഴ്ന്നു. ആഗോള മാന്ദ്യ ഭീതിയെ തുടര്‍ന്ന് ഏഷ്യന്‍ വിപണികളില്‍ ഉണ്ടായ ഇടിവാണ് ഇന്ത്യന്‍ സൂചികകളിലും പ്രതിഫലിച്ചത്.
അമേരിക്കയുടെ പകരം നികുതിക്ക് ചൈന അതേനാണയത്തില്‍ തിരിച്ചടിച്ചത് ആഗോള വിപണികളെ ഉലച്ചു. യു.എസില്‍ മാന്ദ്യം ഉണ്ടായേക്കുമെന്ന ഭീതി പരന്നു. അമേരിക്കന്‍ സൂചികകള്‍ക്ക് പിന്നാലെ ചൈന, ജപ്പാന്‍, ഹോങ്ക് കോങ്ങ് തുടങ്ങി ഏഷ്യന്‍ വിപണികളിലെ തകര്‍ച്ചയാണ് ഇന്ത്യന്‍ സൂചികകളിലും പ്രതിഫലിച്ചത്. വ്യാപാരത്തിന്‍റെ തുടക്കത്തില്‍ സെന്‍സെക്സ് 3,183 പോയിന്‍റും നിഫ്റ്റി 1,727 പോയിന്‍റും ഇടിഞ്ഞു.
കഴിഞ്ഞ ജൂണ്‍ നാലിന് ലോക്സഭാ ഫല പ്രഖ്യാപനത്തില്‍ നേരിട്ട കൂറ്റന്‍ ഇടിവിന് ശേഷം ഇതാദ്യമാണ് വിപണിക്ക് ഇത്രയും തിരിച്ചടി ഉണ്ടാകുന്നത്. ഇന്ന് നിക്ഷേപകര്‍ക്ക് 19 ലക്ഷം കോടി രൂപ നഷ്ടമായി. ബാങ്കിങ്, ഓട്ടോ, എനര്‍ജി തുടങ്ങി എല്ലാ സെക്ടറുകളും നഷ്ടത്തിലാണ്. ഇരു സൂചികകളും ഒരുഘട്ടത്തില്‍ അഞ്ച് ശതമാനം വരെ ഇടിവ് നേരിട്ടു.
ഡോളറിനെതിരെ രൂപയുടെ മൂല്യത്തിലും 40 പൈസയില്‍ അധികം ഇടിവുണ്ടായി. അതേസമയം, ബുധനാഴ്ച പുറത്തുവരുന്ന റിസര്‍വ് ബാങ്കിന്‍റെ പുതിയ പണനയത്തില്‍ പലിശ നിരക്ക് കുറച്ചേക്കുന്ന സൂചനയുണ്ട്. അങ്ങനെയെങ്കില്‍ തകര്‍ന്നു നില്‍ക്കുന്ന വിപണിക്ക് അതൊരു ആശ്വാസമാകും.