ഓഹരി വിപണി തിങ്കളാഴ്ചയുണ്ടായ കുത്തൊഴുക്കിൽ വലിയ നഷ്ടമാണ് സൂചികകളിലുണ്ടായത്. സെൻസെക്സ് തുടക്ക വ്യാപാരത്തിൽ ഏകദേശം 4,000 പോയിന്റുകൾ ഇടിഞ്ഞു, 71,500 മാർക്കിന് താഴെയായി. നിഫ്റ്റി അഞ്ച് ശതമാനം ഇടിഞ്ഞു. 2024 ജൂൺ നാലിന് ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം ഇന്ത്യൻ വിപണി നേരിടുന്ന ഏറ്റവും വലിയ ഇടിവാണിത്.
കോവിഡിലെ തകർച്ചയ്ക്ക് ശേഷം ഒറ്റദിവസം കൊണ്ട് വിപണി അഞ്ച് ശതമാനം ഇടിയുന്നത് ഇത് രണ്ടാം തവണയാണ്. നിഫ്റ്റിയൽ 1000 പോയിൻറ് നഷ്ടമായതോടെ വിപണി ബെയർ മാർക്കറ്റിന്‍റെ വാതില്‍ക്കലെത്തി. വ്യാപാരാന്ത്യത്തില്‍ നിഫ്റ്റി നഷ്ടം 742 പോയിന്‍റായി കുറച്ചു. 22,161.60 നിലവാരത്തിലാണ് ക്ലോസിങ്. സെന്‍സെക്സ് 2226 പോയിന്‍റ് ഇടിവില്‍ 73,137.90 ലും വ്യാപാരം അവസാനിപ്പിച്ചു. ഇതുമാത്രമല്ല വിപണിയിലെ പ്രധാന ഇടിവുകള്‍, ചരിത്രത്തിലെ വിപണി തകര്‍ച്ചകളറിയാം.
ഹർഷത് മെഹ്ത തട്ടിപ്പ്
1992 ൽ ഹർഷത് മെഹ്തയുടെ തട്ടിപ്പ് പിടിക്കപ്പെട്ട സമയത്താണ് സെൻസെക്സ് വലിയ തകർച്ച നേരിട്ടത്. 4,000 കോടി രൂപയുടെ തട്ടിപ്പ് കണ്ടെത്തിയ ദിവസം, 1992 ഏപ്രിൽ 28 ന് അന്നത്തെ ഏറ്റവും വലിയ തകർച്ചയാണ് ഓഹരി വിപണി നേരിട്ടത്. സെൻസെക്സ് 570 പോയിൻറ് അഥവാ 12.7 ശതമാനമാണ് ഇടിഞ്ഞത്. ഇതിനു പിന്നാലെയാണ് സെബിയുടെ നിയന്ത്രണ അധികാരങ്ങൾ ശക്തിപ്പെടുത്തുന്നതുൾപ്പെടെയുള്ള പരിഷ്കരണങ്ങള് ഇന്ത്യൻ വിപണിയിൽ നടന്നത്.
കേതൻ പരേഖ് തട്ടിപ്പ്
2001-ൽ, ബ്രോക്കർ കേതൻ പരേഖ് ഉൾപ്പെട്ട മറ്റൊരു അഴിമതി ഓഹരി വിപണിയെ പിടിച്ചുകുലുക്കി. ഈ തട്ടിപ്പ് പുറത്തുവന്ന 2001 മാർച്ച് 2-ന് സെൻസെക്സ് 176 പോയിന്റ് (4.13%) ഇടിഞ്ഞു. ഗുജറാത്ത് ഭൂകമ്പവും ദുർബലമായ ആഗോള സാഹചര്യവും ചേർന്ന കാലഘട്ടമായതിനാൽ ഇത് വിൽപ്പനയെ കൂടുതൽ വഷളാക്കി.
2004 ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം
2004 ൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ മുന്നണിയെ തോൽപ്പിച്ച് യുപിഎ നേടിയ അപ്രതീക്ഷിത വിജയം വിപണിയിൽ ചാഞ്ചാട്ടമുണ്ടാക്കി. സാമ്പത്തിക പരിഷ്കാര നടപടികള് തുടരുമോ എന്ന ആശങ്ക കാരണം 2004 മേയ് 17 ന് ഏറ്റവും വലിയ പ്രതിദിന തളർച്ച ഓഹരി വിപണിിലുണ്ടായി. 11.1 ശതമാനം ഇടിവാണ് അന്നേ ദിവസം സെൻസെക്സിലുണ്ടായത്.
നിക്ഷേപകർ ഒന്നടങ്കം വിൽപ്പന തുടങ്ങിയതോടെ വ്യാപാര സമയത്ത് രണ്ടുതവണ ഓഹരി വിപണി നിർത്തിവയ്ക്കേണ്ടിവന്നു. വ്യാപാര ആരംഭത്തിൻരെ ആദ്യ 20 മിനുറ്റിനുള്ളിൽ സെൻസെക്സ് 10 ശതമാനം ഇടിഞ്ഞു. സെൻസെക്സ് 10.9 ശതമാനം ഇടിവിൽ 4516.6 നിലവാരത്തിലാണ് വ്യാപാരം തുടങ്ങിയത്. നിഫ്റ്റി 11.5 ശതമാനം വരെ ഇടിഞ്ഞു. ഇതിനെ തുടർന്നാണ് സെബി ഒരു മണിക്കൂർ നേരത്തേക്ക് ഓഹരി വ്യാപാരം നിർത്തിവച്ചത്.
2008 ലെ മാന്ദ്യം
യുഎസിലെ ലെഹ്മാൻ ബ്രദേഴ്‌സിന്റെ തകർച്ചയെത്തുടർന്നുണ്ടായ ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ ഭാഗമായിരുന്നു 2008 ലെ തകർച്ച. ആഗോള മാന്ദ്യം ഉണ്ടാകുമെന്ന ഭയവും വിദേശ നിക്ഷേപകരുടെ (എഫ്‌ഐഐ) വൻതോതിലുള്ള വിറ്റഴിക്കലും കാരണം 2008 ജനുവരി 21 ന് സെൻസെക്സ് 1,408 പോയിന്റ് (7.4%) ഇടിഞ്ഞു. തുടർന്നുള്ള മാസങ്ങളിൽ, സെൻസെക്സ് സർവകാല ഉയരത്തിൽ നിന്ന് ഏകദേശം 60 ശതമാനമാണ് ഇടിഞ്ഞത്. ഇത് ഇന്ത്യൻ വിപണി ചരിത്രത്തിലെ ഏറ്റവും മോശം സമയങ്ങളിലൊന്നായാണ് അടയാളപ്പെടുത്തുന്നത്.
കോവിഡ്
കോവിഡ് സമയത്താണ് ഇന്ത്യൻ ഓഹരി വിപണിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഒറ്റ ദിവസത്തെ തകർച്ച നേരിട്ടത്. രാജ്യവ്യാപകമായി ലോക്ക്ഡൗൺ പ്രഖ്യാപിച്ച 2020 മാർച്ച് 23 ന് സെൻസെക്സ് 3,935 പോയിന്റ് (13.2%) ഇടിഞ്ഞു