യുഎസിലേയ്ക്കുള്ള ഇറക്കുമതിക്ക് ചുമത്തിയ തിരിച്ചടിത്തീരുവ 90 ദിവസത്തേക്ക് മരവിപ്പിച്ച ഡോണള്‍ഡ് ട്രംപിന്‍റെ അപ്രതീക്ഷിത പ്രഖ്യാപനത്തിന് പിന്നാലെ കുതിച്ചുയര്‍ന്ന് യുഎസ് ഏഷ്യന്‍ ഓഹരിവിപണി. ചൈനയുടെ തീരുവ 125 ശതമാനമാക്കിയ ട്രംപിന്‍റെ നീക്കത്തിന് ബെയ്ജിംങ്ങിന്‍റെ മറുപടി കാത്തിരിക്കുകയാണ് ലോകം.
തിരിച്ചടി ചുങ്കത്തില്‍ ആര്‍ക്കും ഒരിളവും ഉണ്ടാവില്ലെന്ന മുന്‍ പ്രഖ്യാപനത്തില്‍ നിന്ന് ട്രംപ് പിന്നോട്ട് പോയതെന്തുകൊണ്ട്? രണ്ടുകാരണങ്ങളിലൂന്നിയാണ് ചര്‍ച്ചകള്‍. ഒന്ന് യുഎസ് ഓഹരിവിപണികള്‍ ചരിത്രത്തിലെ വലിയ തകര്‍ച്ച നേരിട്ട സാഹചര്യത്തില്‍ സ്ഥിതി തല്‍ക്കാലം പിടിച്ചുനിര്‍ത്തുക. ഇതിനിടെ മറ്റ് രാജ്യങ്ങളുമായുള്ള ചര്‍ച്ചകള്‍ മുന്നോട്ടുകൊണ്ടുപോകുക. വലിയ വിലക്കയറ്റവും സാമ്പത്തിക മാന്ദ്യവുമുണ്ടായേക്കാമെന്ന വാര്‍ത്തകള്‍ യുഎസില്‍ തന്നെ വലിയ വിമര്‍ശനമുയര്‍ത്തുന്നത് മറ്റൊരു കാരണം. നികുതി മരവിപ്പിച്ചതോടെ അമേരിക്കന്‍ ഓഹരി വിപണി കുതിച്ചുയര്‍ന്നു. ഡൗ ജോണ്‍സ് 2900 പോയിന്‍റ് ഉയര്‍ന്നു. സമ്മര്‍ദതന്ത്രം മുന്നോട്ടുവച്ച് സാഹചര്യം നേരിടുകയാണ് ലക്ഷ്യമെങ്കിലും മാധ്യമങ്ങളോട് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി പറഞ്ഞത്, മറ്റ് രാജ്യങ്ങള്‍ തീരുവ കുറയ്ക്കാന്‍ യുഎസിനോട് കെഞ്ചുന്നു, അവര്‍ക്കൊരവസരത്തിനാണ് ഈ 90 ദിവസപരിധി എന്നാണ്.
ഇനി വരാനിരിക്കുന്നത് ബെയ്ജിങ്ങില്‍ നിന്നുള്ള മറുപടിയാണ്. ചൈനയില്‍ നിന്നുള്ള ഇറക്കുമതിക്ക് 125 ശതമാനം തീരുവ ചുമത്തിയ നടപടിക്ക് ഇതുവരെ കണ്ടതുപോലെ ചൈന വീണ്ടും പകരം ചോദിച്ചാല്‍ കാര്യങ്ങള്‍ കൈവിട്ടു പോകും. യുഎസ് ചൈന വ്യാപാര യുദ്ധം മറ്റ് വിപണികളെയും പിടിച്ചു കുലുക്കിയേക്കാം.