യുഎസുമായുള്ള വ്യാപാര യുദ്ധം കനക്കുന്നതിനിടെ ചൈനയില്‍ താരിഫുമായി ബന്ധപ്പെട്ട ഹാഷ്ടാഗുകള്‍ക്ക് സെന്‍സറിങ് എന്ന് റിപ്പോര്‍ട്ട്. ചൈനീസ് സോഷ്യല്‍ മീഡിയ ആപ്പുകളായ വെയ്ബോ, വീചാറ്റ് എന്നിവയില്‍ ഇത്തരം കണ്ടന്‍റുകള്‍ക്കെതിരെ നടപടിയെടുക്കുന്നു എന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
നേരത്തെ ചൈനയ്ക്കെതിരെ യുഎസ് ചുമത്തിയ നികുതി നിരക്കാണ് 104 ശതമാനം. ഇന്നലെ രാത്രി മറ്റു രാജ്യങ്ങള്‍ക്ക് ഇളവ് പ്രഖ്യാപിക്കുകയും 90 ദിവസത്തെ സാവകാശം അനുവദിക്കുകയും ചെയ്ത ട്രംപ് ചൈനയ്ക്കുള്ള തീരുവ 125 ശതമാനമാക്കി ഉയര്‍ത്തുകയായിരുന്നു. 104 ശതമാനം തിരിച്ചടിത്തീരുവ ചുമത്തിയ യുഎസ് നടപടിക്കെതിരെ, ചൈന 84 ശതമാനം തീരുവ ചുമത്തി തിരിച്ചടിച്ചിരുന്നു.
ചൈനീസ് സോഷ്യല്‍മീഡിയ ആപ്പായ വെയ്ബോയില്‍ 104 എന്ന സംഖ്യയ്ക്ക് സെന്‍സര്‍ഷിപ്പ് എന്നാണ് ന്യൂയോര്‍ക്ക് പോസ്റ്റിലെ റിപ്പോര്‍ട്ട്. 104, 104 tarrif rate, America to impose 104 percent tariff on Chinese goods എന്നീ ഹാഷ്ടാഗുകള്‍ക്ക് എറര്‍ മേസേജാണ് ആപ്പില്‍ ലഭിക്കുന്നത്. 'ക്ഷമിക്കണം ഈ വിഷയത്തിലെ കണ്ടന്‍റുകള്‍ നല്‍കാന്‍ സാധിക്കില്ല' എന്നാണ് ആപ്പില്‍ നിന്നും ലഭിക്കുന്ന സന്ദേശം.
മറ്റൊരു ചൈനീസ് ആപ്പായ വീചാറ്റിലും ഈ സെന്‍സര്‍ഷിപ്പുണ്ടെന്നാണ് റോയിട്ടേഴ്സിന്‍റെ റിപ്പോര്‍ട്ട്. പുതിയ താരിഫ് ചൈനയ്ക്കുണ്ടാക്കുന്ന സാമ്പത്തിക ആഘാതങ്ങള്‍ വിശദമാക്കുന്ന നിരവധി പോസ്റ്റുകള്‍ കമ്പനികള്‍ വീചാറ്റില്‍ പങ്കുവച്ചിരുന്നു. ഇവ എടുത്തു കളഞ്ഞതായാണ് വിവരം. നിലവിലെ ചട്ടങ്ങള്‍, നയങ്ങള്‍ എന്നിവ ലംഘിക്കുന്ന കണ്ടന്‍റുകള്‍ എന്നാണ് ഇവയെ മാര്‍ക്ക് ചെയ്തിരിക്കുന്നത്.
എന്നാൽ അമേരിക്കയെ പരിഹസിക്കുന്ന ഹാഷ്‌ടാഗുകൾ ആപ്പില്‍ ട്രെൻഡ് ചെയ്യുന്നുണ്ട്. ചൈനീസ് സര്‍ക്കാറുമായി ചേര്‍ന്ന് നില്‍ക്കുന്ന മാധ്യമസ്ഥാപനങ്ങള്‍ ആരംഭിച്ച മുട്ടയ്ക്കായി യാചിക്കുമ്പോൾ അമേരിക്ക വ്യാപാര യുദ്ധം നടത്തുന്നു (#UShastradewarandaneggshortage) എന്ന ഹാഷ്ടാഗാണ് ഇതിലൊന്ന്. 'ഇയു സ്റ്റീലിനും അലൂമിനിയം ഉല്‍പ്പന്നങ്ങള്‍ക്കും ഉയര്‍ന്ന രീതിയില്‍ നികുതി ചുമത്തുക... ഇതിനൊപ്പം പതിഞ്ഞ സ്വരത്തില്‍ യൂറോപ്യന്‍ രാജ്യങ്ങളോട് മുട്ടയ്ക്കായി കത്തയക്കുക' എന്നാണ് സിസിടിവിയുടെ പോസ്റ്റ്.