കൊച്ചി - തായ്‌ലൻഡ് വിമാന സർവീസ് തുടങ്ങി എയർ ഏഷ്യ. കൊച്ചിയിൽ നിന്ന് ഫുക്കറ്റിലേക്ക് നേരിട്ടുള്ള വിമാന സർവീസാണ് തുടങ്ങിയത്. തിങ്കൾ, വ്യാഴം, ശനി എന്നിങ്ങനെ ആഴ്ചയിൽ മൂന്ന് ദിവസങ്ങളിലായാണ് സർവീസ്. എയർ ബസ് A320 വിമാനങ്ങളാണ് സർവീസ് നടത്തുന്നത്. കൊച്ചിയിൽ നിന്നും പുലർച്ചെ 2:45ന് പുറപ്പെടുന്ന ഫ്ലൈറ്റ് രാവിലെ 8:05ന് ഫുക്കറ്റിൽ എത്തിച്ചേരും.
സിയാൽ മാനേജിങ് ഡയറക്ടർ എസ്. സുഹാസ് ഐ.എ.എസ് സർവീസ് ഉദ്ഘാടനം ചെയ്തു. എയർപോർട്ട് ഡയറക്ടർ മനു. ജി, എയർ ഏഷ്യ ജനറൽ മാനേജർ സുരേഷ് നായർ, എയർപോർട്ട് മാനേജർ പൂഭത് രാജ് എം., സി. ഐ. എസ്. എഫ്, ഇമിഗ്രേഷൻ, തുടങ്ങി വിവിധ ഡിപ്പാർട്മെന്റ് മേധാവികൾ, എയർലൈൻ പ്രതിനിധികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.