മ്യാന്‍മറില്‍ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 2,028 ആയെന്ന് അനൗദ്യോഗിക റിപ്പോര്‍ട്ട്. 3400 പേര്‍ക്ക് പരുക്കേറ്റെന്നും 300പേരെ കാണാനില്ലെന്നുമാണ് ഒൗദ്യോഗിക വിവരം. മ്യാന്‍മറിലെ ആഭ്യന്തരയുദ്ധം രക്ഷാപ്രവര്‍ത്തനത്തെ പ്രതിസന്ധിയിലാക്കി. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് വിലയിരുത്തല്‍. ബാങ്കോക്കില്‍ ഭൂകമ്പത്തില്‍ കെട്ടിടം തകര്‍ന്ന് മരണം 18 ആയി. ദുരന്തബാധിതര്‍ക്കായി ഇന്ത്യ ഇതുവരെ 137 ടണ്‍ അവശ്യവസ്തുക്കള്‍ എത്തിച്ചു.
മ്യാന്‍മറില്‍ ഭൂകമ്പത്തില്‍ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങളില്‍നിന്ന് ദുര്‍ഗന്ധം വമിക്കുകയാണ്. കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താമെന്ന പ്രതീക്ഷകള്‍ക്കാണ് ഇരുള്‍ വീഴുന്നത്. ഭൂകമ്പമുണ്ടായ മേഖലകളിലേയ്ക്ക് സൈന്യം വ്യോമാക്രമണം തുടരുന്നുവെന്നാണ് സൈനിക ഭരണകൂടത്തിനെതിരെ പോരാടുന്ന പ്രതിപക്ഷ സായുധസേനയുടെ ആരോപണം. സായുധസേനയുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലേയ്ക്കാണ് വ്യോമാക്രമണം. രണ്ടാഴ്ച ആഭ്യന്തരയുദ്ധം നിര്‍ത്തിവയ്ക്കുന്നുവെന്ന തങ്ങളുടെ പ്രഖ്യാപനം സൈനികഭരണകൂടം ചെവിക്കൊണ്ടില്ലെന്നും ആരോപിക്കുന്നു.
റോഡുകളും പാലങ്ങളും വിമാനത്താവളങ്ങളും തകര്‍ന്നതിനാല്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിയയില്‍ കുടുങ്ങിക്കിടക്കുന്ന ആളുകളെ രക്ഷിക്കാന്‍ പലയിടത്തും രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താനായിട്ടില്ല. വിമാനസര്‍വീസുകള്‍ ഇന്ന് പുനരാംഭിക്കുമെന്ന് സൈനിക മേധാവി അറിയിച്ചെങ്കിലും അത് നടപ്പാക്കാനായിട്ടില്ല. ട്രെയിന്‍ ഗതാഗതവും പുനഃസ്ഥാപിക്കാനായില്ല. ഇതുകൊണ്ട് തന്നെ ഇന്ത്യ, ചൈന, സിംഗപ്പൂര്‍, തായ്‍ലന്‍ഡ് എന്നിവിടങ്ങളില്‍നിന്നെത്തിയ രക്ഷാപ്രവര്‍ത്തകര്‍ക്ക് രാജ്യത്തിന്‍റെ പലഭാഗത്തും സഹായങ്ങള്‍ എത്തിക്കാനാകുന്നില്ല.
രക്ഷപ്പെട്ടവര്‍ക്ക് ചികില്‍സ അടക്കമുള്ള അടിയന്തരസൗകര്യങ്ങള്‍ പോലും ലഭിക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ഭൂകമ്പമുണ്ടായി 60 മണിക്കൂറിനുശേഷം മാന്‍ഡലെയിലെ ഗ്രേറ്റ് വാൾ ഹോട്ടലിന്റെ അവശിഷ്ടങ്ങളിൽനിന്ന് സ്ത്രീയെ അത്ഭുതകരമായി രക്ഷപ്പെടുത്തി. രക്ഷപ്പെട്ട സ്ത്രീയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ചൈനീസ് എംബസി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. ഭൂചലനമുണ്ടായ ബാങ്കോക്കിലും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.