ബാങ്ക് അക്കൗണ്ടില്ലാത്തവർ ഇന്ന് വളരെ ചുരുക്കമാണ്. ഉപഭോക്താക്കളുടെ എണ്ണവും ഇടപാടുകളും വന്‍തോതില്‍ വര്‍ധിക്കുമ്പോള്‍ നിക്ഷേപിക്കുന്ന പണത്തിന്റെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കയും സ്വാഭാവികമാണ്. പ്രത്യേകിച്ച് സഹകരണബാങ്കുകളിലെ ക്രമക്കേടുകളെയും തകര്‍ച്ചയെയും കുറിച്ചുള്ള വാര്‍ത്തകള്‍ വര്‍ധിക്കുമ്പോള്‍. വാണിജ്യ ബാങ്കുകളിലെ നിക്ഷേപം എത്രത്തോളം സുരക്ഷിതമാണ്? നിക്ഷേപിക്കുന്ന മുഴുവന്‍ തുകയ്ക്കും സുരക്ഷയുണ്ടോ? ചോദ്യങ്ങള്‍ നിരവധിയാണ്.
രാജ്യത്തെ എല്ലാ വാണിജ്യ ബാങ്കുകളിലെയും നിക്ഷേപങ്ങള്‍ അഞ്ച് ലക്ഷം രൂപ വരെ ഇൻഷുർ ചെയ്തവയാണ്. റിസർവ് ബാങ്കിന്റെ സബ്സിഡിയറിയായ ഡെപ്പോസിറ്റ് ഇൻഷുറൻസ് ആൻഡ് ക്രെഡിറ്റ് ഗ്യാരന്‍റി കോർപ്പറേഷൻ (ഡിഐസിജിസി) ആണ് വാണിജ്യ ബാങ്കുകളിലെ വ്യക്തിഗത നിക്ഷേപങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ നൽകുന്നത്. റിസർവ് ബാങ്ക് അംഗീകാരമുള്ള ബാങ്കുകൾ ഡിഐസിജിസിയിൽ രജിസ്റ്റർ ചെയ്യണമെന്ന നിബന്ധനയുമുണ്ട്.
രാജ്യത്ത് പ്രവർത്തിക്കുന്ന എല്ലാ വാണിജ്യ ബാങ്കുകളിലെയും നിക്ഷേപത്തിന് ഇൻഷുറൻസ് ഉണ്ട്. വിദേശ ബാങ്കുകളുടെ ഇന്ത്യയിലെ ബ്രാഞ്ചുകൾ, ലോക്കൽ ഏരിയ ബാങ്കുകൾ, റീജിയണൽ റൂറൽ ബാങ്കുകൾ, അർബൻ സഹകരണ ബാങ്കുകൾ, പേയ്മെന്റ് ബാങ്കുകൾ തുടങ്ങിയവയ്ക്കും ഇൻഷുറൻസുണ്ട്. എന്നാൽ സഹകരണ സംഘങ്ങൾക്ക് ഈ പരിരക്ഷ ലഭിക്കില്ല.
ഇൻഷുറൻസിൽ നിക്ഷേപവും പലിശയും സഹിതമാണ് അഞ്ച് ലക്ഷം രൂപ കണക്കാക്കുന്നത്. അതായത്, നാല് ലക്ഷം നിക്ഷേപിച്ച വ്യക്തിക്ക് ഒരു ലക്ഷം രൂപ പലിശയായി ലഭിച്ചാൽ മുഴുവൻ തുകയും ഇൻഷുറൻസ് പരിധിയിൽ വരും. എന്നാൽ 1.20 ലക്ഷം രൂപയാണ് പലിശ വരുമാനമെങ്കിൽ 20,000 രൂപയ്ക്ക് ഇൻഷൂറൻസ് ലഭിക്കല്ല. അതോടൊപ്പം ഒരു ബാങ്കിന്റെ വിവിധ ശാഖകളിൽ അക്കൗണ്ടുള്ള വ്യക്തിക്ക് എല്ലാ അക്കൗണ്ടിലെയും നിക്ഷേപം സംയോജിപ്പിച്ചാണ് അഞ്ച് ലക്ഷത്തിന്റെ ഇൻഷുറൻസ് ലഭിക്കുക.