15 മാസമായി തുടരുന്ന യുദ്ധത്തില്‍ ഗാസയിലെ ബാങ്കിങ് സേവനങ്ങള്‍ തകര്‍ത്ത് തരിപ്പണമാക്കി ഇസ്രയേല്‍. ഗാസയില്‍ പ്രവര്‍ത്തിച്ചിരുന്ന ബാങ്ക് ബ്രാഞ്ചുകളില്‍ 93 ശതമാനവും ബോംബിങ്ങില്‍ തകര്‍ന്നു. ഏഴ് ശതമാനം മാത്രമേ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുള്ളുവെന്ന് ലോകബാങ്ക് റിപ്പോര്‍ട്ട് ചെയ്തു. പലസ്തീനിലെ 88 ശതമാനം മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളും ഒട്ടുമിക്ക മണി എക്സ്ചേഞ്ചുകളും ഇല്ലാതായി.
ഗാസ മുനമ്പില്‍ ഉണ്ടായിരുന്ന 94 എടിഎമ്മുകളില്‍ മൂന്നെണ്ണം മാത്രമാണ് അവശേഷിക്കുന്നതെന്ന് ലോകബാങ്ക് റിപ്പോര്‍ട്ടില്‍ പറയുന്നു. ബാങ്കിങ് സംവിധാനങ്ങളുടെയും സേവനങ്ങളുടെയും തകര്‍ച്ച ഗാസയിലെ പലസ്തീന്‍കാരുടെ ജീവിതം തീര്‍ത്തും ദുരിതപൂര്‍ണമാക്കിയിരിക്കുകയാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഭക്ഷണവും മരുന്നും അത്യാവശ്യ സേവനങ്ങള്‍ക്കും പണമെടുക്കാനോ അടയ്ക്കാനോ കഴിയാത്ത സ്ഥിതിയാണ്. ബാങ്കുകള്‍ ഇല്ലാത്തതിനാല്‍ വാണിജ്യ സംരംഭങ്ങളും ഉല്‍പാദന മേഖലയും സ്തംഭനാവസ്ഥയിലായെന്നും ജീവനക്കാരുടെ ശമ്പളം നല്‍കാന്‍ കഴിയാത്ത സ്ഥിതിയാണെന്നും ലോകബാങ്ക് വ്യക്തമാക്കുന്നു.
ആശുപത്രിയില്‍ ബോംബിട്ടു
വെടിനിര്‍ത്തല്‍ നീക്കങ്ങള്‍ പുരോഗമിക്കുന്നതിനിടെ ഇസ്രയേല്‍ ഗാസയിലെ കമാല്‍ അദ്‍വാന്‍ ആശുപത്രിക്കടുത്ത് ബോംബിട്ടു. സ്ഫോടനത്തില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു. ഒട്ടേറെപ്പേര്‍ക്ക് പരുക്കേറ്റു. ഇസ്രയേല്‍ ആക്രമണത്തില്‍ കിടപ്പാടം നഷ്ടമായവരാണ് കൊല്ലപ്പെട്ടതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ദെയ്‍ര്‍ എല്‍–ബലായില്‍ ടെന്‍റില്‍ ബോംബ് വീണ് രണ്ടുപേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റു. അതേസമയം ഇസ്രയേലുമായി വെടിനിര്‍ത്തല്‍ കരാറിനുള്ള സാധ്യത മുന്‍പെന്നത്തേക്കാളും സജീവമായെന്ന് ഹമാസും ഇസ്രയേല്‍ പ്രതിരോധവകുപ്പും വ്യക്തമാക്കി.