ഒരു വ്യക്തിയ്ക്ക് വായ്പയെടുക്കാന്‍ ശേഷിയുണ്ടോ എന്ന് കണക്കാക്കുന്ന മൂന്നക്ക സംഖ്യയാണ് ക്രെഡിറ്റ് സ്കോര്‍ അഥവാ സിബില്‍ സ്കോര്‍. പാന്‍ കാര്‍ഡ് വിവരങ്ങളില്‍ നിന്നാണ് ക്രെഡിറ്റ് സ്കോര്‍ വിവരങ്ങള്‍ കണക്കാക്കുന്നത്. ഇന്ന് മിക്ക സാമ്പത്തിക ഇടപാടുകള്‍ക്കും പാന്‍ കാര്‍ഡ‍് നിര്‍ബന്ധമാണെങ്കിലും പാന്‍ ഇല്ലാത്തവര്‍ക്കും ക്രെഡിറ്റ് സ്കോര്‍ പരിശോധിക്കാം.
വായ്പ തിരിച്ചടവിനെ അടിസ്ഥാനമാക്കി ക്രെഡിറ്റ് ബ്യൂറോകള്‍ ഓരോരുത്തര്‍ക്കും നിശ്ചയിക്കുന്ന 300 നും 900 നും ഇടയില്‍ വരുന്ന മൂന്നക്ക സംഖ്യയാണ് ക്രെഡിറ്റ് സ്കോര്‍. ക്രെഡിറ്റ് സ്കോര്‍ 750ന് മുകളിലാണെങ്കില്‍ പലിശയിലും കുറവ് പ്രതീക്ഷിക്കാം. വായ്പയ്ക്ക് അപേക്ഷിക്കുന്ന സമയത്ത് ബാങ്ക് ഉപഭോക്താവിന്‍റെ തിരിച്ചടവ് ശേഷി നിശ്ചയിക്കുന്നത് ക്രെഡിറ്റ് സ്കോര്‍ അടിസ്ഥാനമാക്കിയാണ്. അതിനാല്‍ ഭാവിയില്‍ വായ്പകളെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച ക്രെഡിറ്റ് സ്കോര്‍ ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. 2005-ലെ ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനീസ് (റെഗുലേഷൻ) ആക്ട് പ്രകാരം പാൻ കാർഡ് കൈവശമുണ്ടോ എന്നത് പരിഗണിക്കാതെ, ഓരോ വ്യക്തിക്കും ക്രെഡിറ്റ് സ്കോർ പരിശോധിക്കാന്‍ സാധിക്കും.
പാന്‍കാര്‍ഡ് ഇല്ലാത്തവര്‍ക്ക് ആധാര്‍ കാര്‍ഡ്, വോട്ടര്‍ ഐഡി, പാസ്‍പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ് എന്നീ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിക്കാം. ക്രെഡിറ്റ് ബ്യൂറോയുടെ വെബ്സൈറ്റില്‍ ആവശ്യമായ രേഖകള്‍ സമര്‍പ്പിച്ചാല്‍ രജിസ്ട്രേഡ് മൊബൈല്‍ നമ്പറില്‍ ഒടിപി ലഭിക്കും. ഈ ഒടിപി എന്റര്‍ ചെയ്താല്‍ ക്രെഡിറ്റ് റിപ്പോര്‍ട്ട് ലഭിക്കും.
ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ കമ്പനിയായ സിബിലില്‍ നിന്ന് എങ്ങനെ പാന്‍ കാര്‍ഡില്ലാതെ വിവരങ്ങള്‍ ലഭിക്കുമെന്ന് പരിശോധിക്കാം. വെബ്സൈറ്റിലുള്ള പേര്‍സണല്‍ സിബില്‍ സ്കോര്‍ എന്ന ഭാഗത്ത് Get your free CIBIL score എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യാം. ഇവിടെ ഇമെയില്‍ ഐഡിയും പാസ്‍വേര്‍ഡും എന്റര്‍ ചെയ്ത് അക്കൗണ്ട് എടുക്കാം. പേരും മേല്‍വിലാസവും അടക്കമുള്ള വിവരങ്ങള്‍ നല്‍കിയ ശേഷം തിരിച്ചറിയല്‍ രേഖയുടെ ഭാഗത്ത് പാന്‍ ഒഴികെ കയ്യിലുള്ള മറ്റു വിവരങ്ങള്‍ എന്റര്‍ ചെയ്യണം.
അടുത്ത ഘട്ടത്തില്‍ ജനനത്തീയതി, പിന്‍കോഡ്, സംസ്ഥാനം എന്നിവ തിരഞ്ഞെടുത്ത് മൊബൈല്‍ നമ്പറും നല്‍കി നടപടി പൂര്‍ത്തിയാക്കാം. ഇതില്‍ റജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ ലഭിക്കുന്ന ഒടിപി എന്റര്‍ ചെയ്ത് ഐഡന്‍റിറ്റി വെരിഫൈ ചെയ്യണം. തുടര്‍ന്ന് ലോഗിന്‍ ചെയ്ത് ഡാഷ്ബോര്‍ഡില്‍ സിബില്‍ സ്കോര്‍ പരിശോധിക്കാം. മാസത്തില്‍ ഒരു തവണ സിബില്‍ സ്കോര്‍ പരിശോധിക്കുന്നത് ക്രെഡിറ്റ് നിലയുടെ അവസ്ഥ മനസിലാക്കാന്‍ ഗുണകരമാണ്.