calender-july

പ്രതീകാത്മക ചിത്രം

2025 സാമ്പത്തിക വർഷത്തിൻറെ ആദ്യ പാദം അവസാനിക്കുകയാണ്. പുതിയ പാദത്തിലേക്ക് കടക്കുന്നതോടെ ധനകാര്യ സ്ഥാപനങ്ങൾ വിവിധ മാറ്റങ്ങളാണ് ജൂലൈയിൽ പ്ലാൻ ചെയ്തിരിക്കുന്നത്. ജൂലൈ മാസം ആരംഭിക്കാനിരിക്കെ പ്രധാന ശ്രദ്ധ നൽകേണ്ടത് ആദായ നികുതി റിട്ടേണിലാണ്. ജൂലായ് 31 ന് വ്യക്തിഗത നികുതിദായകരുടെ റിട്ടേൺ സമർപ്പിക്കേണ്ട അവസാന ദിവസമാണ്. ജൂലൈയിലേക്ക് കടക്കുന്നതോടെ അടുത്ത പാദത്തിലേക്കുള്ള പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക് ധനകാര്യ മന്ത്രാലയം പ്രഖ്യാപിക്കും. ഇതടക്കം നിരവധി സാമ്പത്തിക കാര്യങ്ങൾ ജൂലൈ മാസത്തിൽ ശ്രദ്ധിക്കാനുണ്ട്. 

പേടിഎം വാലറ്റ്

ഒരു വർഷത്തിൽ കൂടുതലായി ഇടപാടുകൾ നടക്കാത്തതോ പണമില്ലാത്തതോ ആയ വാലറ്റുകൾ ക്ലോസ് ചെയ്യാൻ പേടിഎം പേയ്മെൻറ് ബാങ്ക് തീരുമാനിച്ചിട്ടുണ്ട്. 2024 ജൂലായ് 20 ന് ശേഷം ഇവ ക്ലോസ് ചെയ്യുമെന്നാണ് പേടിഎം പേയ്മെൻറ് ബാങ്ക് വ്യക്തമാക്കിയിട്ടുള്ളത്. ഇത്തരത്തിലുള്ള വാലറ്റുള്ള ഉപഭോക്താക്കൾക്ക് വിവരം കൈമാറിയിട്ടുണ്ടെന്നും 30 ദിവസ നോട്ടിസ് പിരിയഡ് നൽകിയിട്ടുണ്ടെന്നും പേടിഎം പെയ്മെൻറ് ബാങ്ക് വെബ്സൈറ്റിലൂടെ അറിയിക്കുന്നു.  

എസ്ബിഐ കാർഡ് ക്രെഡിറ്റ് കാർഡ്

വിവിധ എസ്ബിഐ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് നടത്തുന്ന സർക്കാർ ഇടപാടുകൾക്ക് ഇനി മുതൽ റിവാർഡ് പോയിൻറുകൾ ലഭിക്കില്ല. എസ്ബിഐ കാർഡിൻറെ തീരുമാനം ജൂലായ് ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. 

ഐസിഐസിഐ ക്രെഡിറ്റ് കാർഡ് ചാർജ്

വിവിധ ക്രെ‍ഡിറ്റ് കാർഡ് സേവനങ്ങൾക്ക് ഈടാക്കുന്ന ചാർജുകളിൽ ഐസിഐസിഐ ക്രെ‍ഡിറ്റ് കാർഡ് പരിഷ്കരണം വരുത്തിയിട്ടുണ്ട്. കാർഡ് റീപ്ലെയ്സ്മെൻറ് ഫീസ് 100 രൂപയിൽ നിന്ന് 200 രൂപയാക്കി. മാറ്റങ്ങൾ ജൂലായ് 1 മുതൽ പ്രാബല്യത്തിൽ വരും. 

ആദായ നികുതി റിട്ടേൺ 

വ്യക്തിഗത നികുതിദായകർക്ക് 2023-24 സാമ്പത്തിക വർഷത്തെ ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തീയതി ജൂലായ് 31 ആണ്. സമയപരിധിക്കുള്ളിൽ റിട്ടേൺ സമർപ്പിക്കാൻ സാധിക്കാത്തവർക്ക് 2024 ഡിസംബർ 31 വരെ സമയമുണ്ട്. 

ലോഞ്ച് ആക്സസിൽ മാറ്റം

പഞ്ചാബ് നാഷണൽ ബാങ്കിൻറെ എല്ലാ റുപേ പ്ലാറ്റിനം ഡെബിറ്റ് കാർഡുകളിലും ലോഞ്ച് ആക്സസിൽ ജൂലായ് ഒന്ന് മുതൽ മാറ്റം വരും. സാമ്പത്തിക വർഷത്തിൻറെ ഓരോ പാദത്തിലും ഓരോ ആഭ്യന്തര എയർപോർട്ട്, റെയിൽ ലോഞ്ചുകളാണ് ലഭിക്കുക. വർഷത്തിൽ രണ്ട് അന്താരാഷ്ട്ര എയർപോർട്ട് ലോഞ്ച് ഉപയോഗിക്കാം. 

സിറ്റി ബാങ്ക് ക്രെഡിറ്റ് കാർഡ് 

സിറ്റി ബാങ്കിൻറെ ഇന്ത്യയിലെ ഉപഭോക്തൃ പ്രവർത്തനങ്ങൾ ഏറ്റെടുത്ത ആക്സിസ് ബാങ്ക് ജൂലായ് 15 ഓടെ സിറ്റി ബാങ്ക് ക്രെഡിറ്റ് കാർഡ് അക്കൗണ്ട് പ്രവർത്തനങ്ങൾ പൂർത്തിയാക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. ഉപഭോക്താക്കൾക്ക് പുതിയ ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ലഭിക്കും വരെ സിറ്റി ബാങ്ക് കാർഡുകൾ ഉപയോഗിക്കാമെന്നാണ് ബാങ്ക് വ്യക്തമാക്കിയിട്ടുള്ളത്. 

ENGLISH SUMMARY:

Income Tax To Credit Card; Know The Financial Changes In July