TOPICS COVERED

ഇഎംഐയില്‍ സാധനം വാങ്ങുന്നവരുടെ എണ്ണം ദിനംപ്രതി ഉയരുകയാണ്. ഫോണും ഇലക്ട്രോണിക്സ് ഉപകരണങ്ങളും തുടങ്ങി എന്തും ഇഎംഐയില്‍ കിട്ടുന്ന കാലത്ത് തിരിച്ചടവിലും പ്രത്യേക ശ്രദ്ധ കൊടുക്കേണ്ടതുണ്ട്. ഇഎംഐയില്‍ വരുന്ന ഒരു നിമിഷത്തെ അശ്രദ്ധ വര്‍ഷങ്ങളായി മിനുക്കിയെടുത്ത ക്രെഡിറ്റ് സ്കോറിനെയാണ് കാര്യമായി ബാധിക്കുന്നത്. നഷ്ടപ്പെടുത്തിയ ക്രെഡിറ്റ് സ്കോര്‍ തിരിച്ചെടുക്കാന്‍ നീണ്ട പരിശ്രമവും ആവശ്യമാണ്. ക്രെഡിറ്റ് സ്കോറിനെ ബാധിക്കുന്ന ചില ഇടപാടുകള്‍ നോക്കാം.

എന്താണ് ക്രെഡിറ്റ് സ്കോര്‍

ക്രെഡിറ്റ് ചരിത്രത്തെ അടിസ്ഥാനമാക്കി, ക്രെഡിറ്റ് യോഗ്യത കാണിക്കുന്ന മൂന്നക്ക സംഖ്യയാണ് ക്രെഡിറ്റ് സ്‌കോര്‍. സാധാരണയായി 300 നും 900 നും ഇടയിലായിരിക്കും ക്രെഡിറ്റ് സ്കോര്‍. ഉയര്‍ന്ന സ്‌കോര്‍ മെച്ചപ്പെട്ട സാമ്പത്തിക ഉത്തരവാദിത്തത്തെ സൂചിപ്പിക്കുന്നു. തിരിച്ചടവ് ചരിത്രം, ക്രെഡിറ്റ് വിനിയോഗം, ക്രെഡിറ്റ് ചരിത്രത്തിന്റെ ദൈര്‍ഘ്യം തുടങ്ങിയ ഘടകങ്ങള്‍ കണക്കിലെടുക്കുന്നതാണ് വിവിധ ക്രെഡിറ്റ് ബ്യൂറോകള്‍ സ്‌കോര്‍ കണക്കാക്കുന്നത്. 

വായ്പ തിരിച്ചടവ് മുടങ്ങിയാലും ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍ കൃത്യസമയത്ത് അടയ്ക്കാതിരുന്നാലും ക്രെഡിറ്റ് സ്കോര്‍ വീഴും. അതോടൊപ്പം ഉയർന്ന അളവിലുള്ള വായ്പ, ക്രെഡിറ്റ് കാര്‍ഡ്, ക്രെഡിറ്റ് റിപ്പോര്‍ട്ടിലെ പിഴവുകൾ എന്നിവ ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കും.

നഷ്ടങ്ങള്‍ എന്തൊക്കെ

ക്രെഡിറ്റ് സ്കോര്‍ മോശമാവുകയാണെങ്കില്‍ ഉയര്‍ന്ന പലിശ കൊടുക്കേണ്ടി വരുമെന്നതാണ് അര്‍ഥം. ഉദാഹരണമായി സിബില്‍ സ്കോര്‍ 760 ഉള്ള വ്യക്തിക്ക് എസ്ബിഐയില്‍ മികച്ച പലിശ നിരക്കായ 9.10 ശതമാനത്തില്‍ ഭവന വായ്പ ലഭിക്കും. എന്നാല്‍ ക്രെഡിറ്റ് സ്കോര്‍ 760 ന് താഴെയാണെങ്കില്‍ പലിശ നിരക്ക് 9.30 ശതമാനമായി ഉയരും. ക്രെഡിറ്റ് കാര്‍ഡ് ബില്‍ കൃത്യമായി അടയ്ക്കുന്നവരാണെങ്കില്‍ ക്രെഡിറ്റ് സ്‌കോര്‍ ഉയര്‍ന്നതായിരിക്കും. ക്രെഡിറ്റ് കാര്‍ഡിലെ മിനിമം തുക മാത്രം അടയ്ക്കുന്നവരാണങ്കിലും ക്രെഡിറ്റ് സ്‌കോറിനെ മോശമായി ബാധിക്കും. ക്രെഡിറ്റ് ഉപയോഗ അനുപാതമാണ് മറ്റൊന്ന്. അനുവദിച്ച ക്രെഡിറ്റ് ലിമിറ്റില്‍ ഉപയോഗിക്കുന്നതിന്‍റെ അളവാണിത്. ഇത് 30 ശതമാനത്തില്‍ കൂടുന്നത് ക്രെഡിറ്റ് സ്കോറിനെ ബാധിക്കും. 

തിരിച്ചെടുക്കാന്‍ എത്രകാലം

ക്രെഡിറ്റ് സ്കോർ വീണ്ടെടുക്കാൻ എടുക്കുന്ന സമയം എത്ര ക്രെഡിറ്റ് സ്കോര്‍ നഷ്ടപ്പെട്ടു എന്നതിനെ ആശ്രയിച്ചിരിക്കും. എത്ര തുക അടയ്ക്കാതിരുന്നു, എത്ര തവണ ഇഎംഐ മുടക്കി, ഇഎംഐ മുടങ്ങിയതിന് ശേഷമുള്ള ഇടപാട് രീതി എന്നിവ അടിസ്ഥാനമാക്കി ഒരു മാസത്തിനും ഒരു വർഷത്തിനും ഇടയിൽ സമയം ആവശ്യമായി വന്നേക്കാം. 

ENGLISH SUMMARY:

Impact of missing one EMI on credit score.