TOPICS COVERED

ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവരുടെ എണ്ണം 10.38 കോടിയും കടന്ന് മുന്നോട്ട് കുതിക്കുകയാണ്. എന്നാല്‍ ക്രെ‍ഡിറ്റ് കാര്‍ഡ് കയ്യിലുള്ളവരെല്ലാം ഇത് നന്നായി ഉപയോഗിക്കുന്നുണ്ടോ എന്നതാണ് സംശയം.

കയ്യിലുള്ള ക്രെഡിറ്റ് കാര്‍ഡിന്‍റെ ഉപയോഗവും അതില്‍ വരാന്‍ സാധ്യതയുള്ള ഫീസുകളും അറിഞ്ഞ് ഉപയോഗിച്ചാല്‍ മാത്രമേ ക്രെഡിറ്റ് കാര്‍ഡിനെ വരുതിയിലാക്കാന്‍ സാധിക്കുകയുള്ളൂ. ലേറ്റ് പേയ്മെന്‍റ് ഫീസ് കൂടാതെ പലതരത്തിലുള്ള ചാര്‍ജുകള്‍ ക്രെഡിറ്റ് കാര്‍ഡിലുണ്ട്. ഓരോന്നായി നോക്കാം. 

വാര്‍ഷിക ചാര്‍ജ്

ക്രെഡിറ്റ് കാര്‍ഡ് അപേക്ഷയ്ക്ക് ശേഷം സൈന്‍–അപ്പ് ഫീസായി തുക ബാങ്കുകള്‍ ഈടാക്കാറുണ്ട്. വര്‍ഷന്തോറും അനുവല്‍ യൂസേജ് മെയിന്‍റനന്‍സ് ചാര്‍ജ് എന്ന പേരിലും ക്രെഡിറ്റ് കാര്‍ഡുകള്‍ തുക ഈടാക്കും. ഉപയോഗിക്കുന്ന ക്രെഡിറ്റ് കാര്‍ഡ്, ലഭിക്കുന്ന റിവാര്‍ഡ് തുടങ്ങിയ കാര്യങ്ങള്‍ അനുസരിച്ച് ഈ ചാര്‍ജില്‍ വ്യത്യാസമുണ്ടാകും. മികച്ച ഓഫറുകളുള്ള കാര്‍ഡുകള്‍ക്ക് ഉയര്‍ന്ന ചാര്‍ജ് നല്‍കേണ്ടി വന്നേക്കാം. 

ഇന്‍ററസ്റ്റ് ചാര്‍ജ്, ലേറ്റ് ചാര്‍ജ് ഫീസ്

ക്രെഡിറ്റ് കാര്‍ഡിലെ ബിലിലെ മുഴുവന്‍ തുകയും നിശ്ചിത ഡേറ്റിന് മുന്‍പായി അടച്ചുതീര്‍ത്തില്ലെങ്കില്‍ ബാങ്ക് ഇന്‍ററസ്റ്റ് ചാര്‍ജ്  ഈടാക്കും. ക്രെഡിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്കുള്ള സൗകര്യമാണ് മിനിമം എമൗണ്ട് ഡ്യൂ. കൃത്യസമയത്ത് ഈ തുക അടച്ചില്ലെങ്കില്‍ ലേറ്റ് ചാര്‍ജ് ഫീസ് ഈടാക്കും. 

ഓവര്‍ ലിമിറ്റ് ഫീസ്

എല്ലാ ക്രെഡിറ്റ് കാര്‍ഡുകളിലും ചിലവാക്കല്‍ പരിധിയുണ്ടാകും. ചെലവാക്കുന്ന തുക ഈ പരിധി കഴിയുകയാണെങ്കില്‍ ബാങ്കുകള്‍ ഓവര്‍ ലിമിറ്റ് ഫീസ് ഈടാക്കും. ബാങ്കിന്‍റെ പോളിസി അനുസരിച്ച് ഈ തുകയില്‍ വ്യത്യാസം വരും. 

ക്യാഷ് അഡ്വാന്‍സ് ഫീസ്

ക്രെ‍ഡിറ്റ് കാര്‍ഡുകളിലെ ലിമിറ്റില്‍ നിന്നും ഒരു പരിധി വരെ തുക പിന്‍വലിക്കാന്‍ ബാങ്കുകള്‍ അനുവദിക്കും. സാധാരണഗതിയില്‍ പിന്‍വലിക്കുന്ന തുകയുടെ 2.50 ശതമാനം എന്ന നിരക്കില്‍ ബാങ്കുകള്‍ ക്യാഷ് അഡ്വാന്‍സ് ഫീസ് ഈടാക്കും. പിന്‍വലിക്കുന്ന ദിവസം മുതല്‍ ഈ ഫീസ് ഈടാക്കും.  

ഫോറിന്‍ ട്രാന്‍സാക്ഷന്‍ ഫീസ്

വിദേശത്ത് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് നടക്കുന്ന ഇടപാടിനും രാജ്യാന്തര ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്കും ഫോറിന്‍ ട്രാന്‍സാക്ഷന്‍ ഫീസ് ഈടാക്കും. വിദേശത്ത് ചെലവാക്കുന്ന തുക ഇന്ത്യന്‍ കറന്‍സിയിലേക്ക് മാറ്റുന്നതിനുള്ള ചെലവാണ് ഫോറിന്‍ ട്രാന്‍സാക്ഷന്‍ ഫീസ്. 

കാര്‍ഡ് റീപ്ലെയ്സ്മെന്‍റ് ഫീസ് 

ക്രെ‍ഡിറ്റ് കാര്‍ഡ് സുരക്ഷിതമായി ഉപയോഗിക്കേണ്ടതുണ്ട്. അല്ലെങ്കില്‍ അതിനും ചിലവുണ്ട്. ക്രെഡിറ്റ് കാര്‍ഡ് നഷ്ടപ്പെട്ടാലോ കേടുപാട് സംഭവിച്ചാലോ ബാങ്ക് പുതിയ കാര്‍ഡ് അനുവദിക്കും. ഇതിന് കാര്‍ഡ് റീപ്ലെയ്സ്മെന്‍റ് ഫീസ് ഈടാക്കും. 

ജിഎസ്ടി

ക്രെഡിറ്റ് കാര്‍ഡ് ചാര്‍ജുകള്‍ക്ക് മുകളില്‍ ജിഎസ്ടി ഈടാക്കും. വാര്‍ഷിക ഫീസ്, ഇഎംഐ പ്രൊസസിങ് ഫീസ് തുടങ്ങിയവയ്ക്ക് ജിഎസ്ടി നല്‍കേണ്ടതുണ്ട്. 

ENGLISH SUMMARY:

How to use credit card wisely; Know basic credit card charges.