2024-25 സാമ്പത്തിക വര്‍ഷത്തേക്കുള്ള ഇപിഎഫ് വാര്‍ഷിക പലിശ നിരക്ക് 8.25 ശതമാനമായി നിലനിര്‍ത്താനാണ് തീരുമാനം എന്നാണ് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2023-24 സാമ്പത്തിക വര്‍ഷത്തേതിന് സമാനമായ നികുതിയാകും നിക്ഷേപകര്‍ക്ക് തുടര്‍ന്നും ലഭിക്കുക.
സാധാരണയായി സാമ്പത്തിക വര്‍ഷത്തിന്‍റെ അവസാനമാണ് അതാത് സാമ്പത്തിക വര്‍ഷത്തിലെ ഇപിഎഫ് പലിശ നിരക്ക് പ്രഖ്യാപിക്കുക. മാസത്തെ ബാലന്‍സിന് മുകളിലാണ് ഇപിഎഫ് പലിശ കണക്കാക്കുന്നതെങ്കിലും സാമ്പത്തിക വര്‍ഷാവസാനമാണ് പലിശ അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്യുക.
പുതിയ പലിശ നിരക്ക് പ്രകാരം 2024-25 സാമ്പത്തിക വര്‍ഷത്തിലെ ഇപിഎഫ് നിക്ഷേപത്തിന് എത്ര രൂപ പലിശയായി ലഭിക്കുമെന്ന് നോക്കാം.
* ഉദാഹരണമായി 2024 ഏപ്രില്‍ ഒന്നിന് രണ്ട് ലക്ഷം രൂപയാണ് ഇപിഎഫ് അക്കൗണ്ടിലെ ബാലന്‍സ് ആയി പരിഗണിക്കുന്നത്. അടിസ്ഥാന ശമ്പളം 40,000 രൂപയും.
* ഇപിഎഫ് നിയമപ്രകാരം തൊഴിലാളിയുടെ ശമ്പളത്തിന്‍റെ 12 ശതമാനം ഇപിഎഫ് അക്കൗണ്ടിലേക്ക് മാറ്റും. തുല്യ വിഹിതം തൊഴിലുടമയും നല്‍കണം. തൊഴിലുടമയുടെ 12 ശതമാനത്തില്‍ 8.67 ശതമാനമോ 1250 രൂപയോ എംപ്ലോയീസ് പെന്‍ഷന്‍ സ്കീമിലേക്ക് പോകും.
* 40,000 രൂപ അടിസ്ഥാന ശമ്പളമുള്ള വ്യക്തിയുടെ പ്രതിമാസ ഇപിഎഫ് വിഹിതം 4,800 രൂപയാണ്. തൊഴിലുടമയുടെ വിഹിതം 3,550 രൂപയായിരിക്കും. ആകെ 8,350 രൂപ മാസത്തില്‍ ഇപിഎഫ് അക്കൗണ്ടിലേക്ക് മാറ്റും.
*8.25 ശതമാനം എന്നത് വാര്‍ഷിക പലിശ നിരക്കാണ്. ഒരു മാസത്തില്‍ ലഭിക്കുന്ന പലിശ നിരക്ക് 8.25/12 അഥവാ 0.6875% ആകും.
* ഏപ്രില്‍ 2024 ലെ വിഹിതമായ 8,350 രൂപ അക്കൗണ്ട് ബാലന്‍സായ 2 ലക്ഷം രൂപയോടൊപ്പം ചേര്‍ന്നാല്‍ 2,08,350 രൂപയാകും അക്കൗണ്ട് ബാലന്‍സ്. ഒരു മാസത്തേക്കുള്ള പലിശ (2,08,350*0.6875/100) 1,432.41 രൂപയാകും.
* മേയ് മാസത്തിലെ അക്കൗണ്ട് ബാലന്‍സായ 2,16,700 രൂപ (8350+ 208350) യ്ക്ക് ലഭിക്കുന്ന പ്രതിമാസ പലിശ 1489 രൂപയായിരിക്കും. ഇത്തരത്തില്‍ 12 മാസത്തേക്ക് 20977.69 രൂപയായിരിക്കും പലിശയായി ലഭിക്കുക. ഈ തുക അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യും. ഈ തരത്തില്‍ ഓരോരുത്തരുടെയും അടിസ്ഥാന ശമ്പളം വെച്ച് പലിശ കണക്കാക്കാന്‍ സാധിക്കും.