എംപ്ലോയ്മെൻ്റ് പ്രൊവിഡൻ്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) അംഗങ്ങളള്‍ക്ക് തുക പിന്‍വലിക്കാന്‍ യുണൈറ്റഡ് പേയ്‌മെൻ്റ് ഇൻ്റർഫേസ് (യുപിഐ) സേവനം ഒരിക്കാനൊരുങ്ങി സര്‍ക്കാര്‍. മൂന്ന് മാസത്തിനുള്ളിൽ യുപിഐ പ്ലാറ്റ്‌ഫോമുകളിൽ ഈ സംവിധാനം ആരംഭിക്കുന്നതിനായി നാഷണൽ പേയ്‌മെൻ്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായി (എൻപിസിഐ) ചർച്ചകൾ നടത്തുകയാണെന്ന് ഫിനാൻഷ്യൽ എക്‌സ്‌പ്രസ് റിപ്പോർട്ട് ചെയ്യുന്നു. വേഗതയേറിയതും തടസ്സങ്ങളില്ലാത്തതുമായ ഫണ്ട് കൈമാറ്റം ലക്ഷ്യമിട്ടാണ് സർക്കാർ യുപിഐ സംവിധാനം നടപ്പാക്കുന്നത്.
ഇപിഎഫിനെ യുപിഐയുമായി ബന്ധിപ്പിക്കുന്നതിലൂടെ, സാമ്പത്തിക ഇടപാടുകൾ ലളിതമാക്കാനും അതുവഴി തടസ്സമില്ലാത്തതും വേഗതയേറിയതുമായ ക്ലെയിം പ്രോസസ്സിംഗ് ഉറപ്പാക്കാനും സർക്കാർ ലക്ഷ്യമിടുന്നു. പുതിയ മാറ്റത്തിലൂടെ ലക്ഷകണക്കിന് ഇപിഎഫ് അംഗങ്ങൾക്ക് അവരുടെ പണം വളരെ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ സാധിക്കും.
റെക്കോർഡ് നേട്ടവുമായി ഇപിഎഫ്ഒ2025 സാമ്പത്തിക വർഷത്തിൽ 50 ദശലക്ഷത്തിലധികം അംഗങ്ങളുടെ ക്ലെയിമുകൾ ഇപിഎഫ്ഒ പ്രോസസ്സ് ചെയ്തു, ഇത് എക്കാലത്തെയും ഉയർന്ന സെറ്റിൽമെൻ്റാണ്. കൂടാതെ 2.05 ലക്ഷം കോടി രൂപയിലധികം വിതരണം ചെയ്തു. 2024 സാമ്പത്തിക വർഷത്തിൽ ഇപിഎഫ്ഒ 44.5 ദശലക്ഷം ക്ലെയിം സെറ്റിൽമെൻ്റുകൾ നടത്തി, ഇത് 1.82 ലക്ഷം കോടി രൂപയായിരുന്നു.
കൂടാതെ, മൂന്ന് ദിവസത്തിനുള്ളിൽ ഓട്ടോ ക്ലെയിം സെറ്റിൽമെൻ്റുകൾ 2024 സാമ്പത്തിക വർഷത്തിലെ 8.95 ദശലക്ഷത്തിൽ നിന്ന് 2025 സാമ്പത്തിക വർഷത്തിൽ 18.7 ദശലക്ഷമായി ഉയർന്നു. പുതിയ മാറ്റം വരുന്നതോടെ ക്ലെയിം പ്രോസസ്സിംഗ് സമയം കുറയ്ക്കുകയും ഉപയോക്തൃ സൗഹൃദ അനുഭവം വർദ്ധിക്കുകയും ചെയ്യും.