AI Generated Image
മാര്‍ച്ച് എന്നത് സാമ്പത്തിക വര്‍ഷത്തിന്‍റെ അവസാന മാസമായതുകൊണ്ടുതന്നെ ബാങ്ക് ഇടപാടുകള്‍ക്കും മറ്റുമായി ആളുകള്‍ ഓടിനടക്കുന്ന മാസം കൂടിയാണ്. അതുകൊണ്ടു തന്നെ മാര്‍ച്ചിലെ ബാങ്കവധി ദിവസങ്ങള്‍ എല്ലാവരും ശ്രദ്ധയോടെ നിരീക്ഷിക്കാറുമുണ്ട്. ഇവിടെ ഇതാ മാര്‍ച്ച് മാസം അവസാനിക്കാനിരിക്കെ ചെറിയ പെരുന്നാള്‍ കൂടി വരുന്നതിനാല്‍ അവധി ദിവസങ്ങളില്‍ ആശങ്കയുണ്ടാകാനിടയുണ്ട്. മാര്‍ച്ച് 30 ഞായറാഴ്ചയും, മാര്‍ച്ച് 31 ഈദുൽ ഫിത്‌ര്‍ പ്രമാണിച്ച് കലണ്ടറവധിയും ഏപ്രില്‍ ഒന്നിന് പുതിയ സാമ്പത്തികവര്‍ഷമായതിനാല്‍ കണക്കെടുപ്പിന് ബാങ്ക് അവധിയുമാണ്. എന്നാല്‍ തുടര്‍ച്ചയായി ഈ മൂന്നു ദിവസങ്ങള്‍ ബാങ്കുകള്‍ അടഞ്ഞുകടക്കുമെന്ന് കരുതിയെങ്കില്‍ തെറ്റി. ബാങ്ക് അവധികളിലും ചെറിയൊരുമാറ്റമുണ്ട്.
മാര്‍ച്ച് 29 ശനിയാഴ്ച മാസത്തിലെ അഞ്ചാം ശനിയാഴ്ചയായതിനാല്‍ ബാങ്കുകള്‍ പതിവുപോലെ തുറന്നു പ്രവര്‍ത്തിച്ചിരുന്നു. മാസത്തില്‍ രണ്ടാം ശനിയും നാലാം ശനിയും മാത്രമാണ് ബാങ്ക് അവധിയെന്ന് ഓര്‍ക്കുക. തുടര്‍ന്ന് വരുന്ന മാര്‍ച്ച് 30 ഞായറാഴ്ചയായതിനാല്‍ പൊതുഅവധിയാണ്. അതിനാല്‍ ബാങ്കുകള്‍ അടഞ്ഞുകിടക്കും. തുടര്‍ന്ന് മാര്‍ച്ച് 31 തിങ്കളാഴ്ച കലണ്ടര്‍ പ്രകാരം അവധിയാണ്. കലണ്ടറുകളില്‍ ബാങ്ക് അവധിയെന്ന് രേഖപ്പെടുത്തിയതും കാണാം. എന്നാല്‍ ഈ അവധിയില്‍ മാറ്റമുണ്ട്.
മാർച്ച് 31 ഞായറാഴ്ച റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ആദ്യം ബാങ്ക് അവധി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഈ അവധി റദ്ദാക്കിയിരിക്കുകയാണ്. 2024-25 സാമ്പത്തിക വർഷത്തിന്റെ അവസാന ദിവസമായതിനാൽ സാമ്പത്തിക ഇടപാടുകളിൽ തടസ്സങ്ങൾ ഉണ്ടാകാതിരിക്കാനും മറ്റുമായി ഈ ദിവസം ബാങ്കുകൾ പ്രവർത്തനക്ഷമമായിരിക്കും. ഈദുല്‍ ഫിത്റിന്‍റെ പൊതുഅവധിയാണെങ്കിലും ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് സാരം. മാര്‍ച്ച് 31ന് ശേഷം ഏപ്രില്‍ ഒന്ന് ചൊവ്വാഴ്ചയാണ്. പുതിയ സാമ്പത്തിക വര്‍ഷത്തിന്‍റെ ആരംഭമാണെന്ന് ഓര്‍ക്കുമല്ലോ, അതിനാല്‍ തന്നെ വാര്‍ഷിക കണക്കെടുപ്പിന് ബാങ്ക് അവധിയായിരിക്കും.
അതേസമയം, അവധി ദിവസങ്ങളിലും ദൈനംദിന ഇടപാടുകൾക്കായി എടിഎമ്മുകൾ, മൊബൈൽ ബാങ്കിങ്, ഓൺലൈൻ ബാങ്കിങ്, ബാങ്കിങ് ആപ്പുകൾ എന്നിവ തടസം കൂടാതെ ഉപയോഗിക്കാന്‍ സാധിക്കും.