AI Generated Image
തുടര്‍ച്ചയായ രണ്ട് പണനയ യോഗത്തിലും റിസര്‍വ് ബാങ്ക് അടിസ്ഥാന പലിശ നിരക്കായ റീപ്പോ നിരക്ക് കുറച്ചതോടെ ഭവന വായ്പക്കാര്‍ക്ക് നേട്ടം. ഫെബ്രുവരിയില്‍ കാല്‍ ശതമാനം (0.25%) പലിശ കുറച്ചതിന് പുറമേയാണ് ഇന്നും സമാനമായ നിരക്ക് കുറവ്. അര ശതമാനം കുറഞ്ഞതോടെ നിലവിലെ റീപ്പോ നിരക്ക് ആറു ശതമാനമായി കുറഞ്ഞു.
നിരക്ക് കുറവിന്‍റെ പ്രയോജനം ബാങ്കുകള്‍ ഉപഭോക്താക്കളിലേക്ക് കൈമാറുന്നതോടെ ഫ്ലോട്ടിങ് റേറ്റില്‍ ഭവന വായ്പയെടുത്തവര്‍ക്ക് ഇഎംഐ കുറയുമെന്നതാണ് ഒരു ആശ്വാസം. പണനയ നിലപാട് ന്യൂട്രലില്‍ നിന്നും അക്കോമഡേറ്റിവിലേക്ക് മാറ്റിയതോടെ ഭാവിയിൽ കൂടുതൽ റിപ്പോ നിരക്ക് കുറയാനും ഭവനവായ്പയുടെ പലിശ നിരക്ക് കുറയുന്നതും ഇടവരുത്തും..
ആര്‍ബിഐ വാണിജ്യബാങ്കുകള്‍ക്ക് നല്‍കുന്ന വായ്പയുടെ പലിശനിരക്കാണ് റീപ്പോ. അടിസ്ഥാന പലിശ നിരക്ക് കുറയുന്നതോടെ റീപ്പോ നിരക്കുമായി ബന്ധപ്പെടുത്തിയ വായ്പ പലിശ നിരക്കുകളും കുറയും. ഇത് ഇംഎംഐ അടയ്ക്കുന്നവര്‍ക്ക് വലിയ ആശ്വാസമാകും. 2019 ഒക്ടോബറിന് ശേഷം അനുവദിച്ച എല്ലാ റീട്ടെയില്‍ ഫ്ലോട്ടിംഗ്-റേറ്റ് വായ്പകളും എക്സ്റ്റേണല്‍ ബെഞ്ച്‌മാർക്കുമായി ലിങ്ക് ചെയ്‌തവയാണ്.
മിക്ക വായ്പകളും റിപ്പോ നിരക്കാണ് ബെഞ്ച്മാര്‍ക്കായി പിന്തുടരുന്നത് എന്നതിനാല്‍ നിരക്ക് കുറയ്ക്കൽ വായ്പയുള്ളവര്‍ക്ക് നേട്ടമാകും. ഭവന, വാഹന, വിദ്യാഭ്യാസ, കാർഷിക, സ്വർണപ്പണയ, വ്യക്തിഗത വായ്പകളുടെ പലിശനിരക്കും ആനുപാതികമായി കുറയും. ഇന്ത്യയിലെ ഭൂരിഭാഗം ഭവന വായ്പകളും ഫ്ലോട്ടിംഗ് പലിശ നിരക്കാണ് പിന്തുടരുന്നത്. അതിനാല്‍ പലിശഭാരം കുറയുന്നത് ഭവന വായ്പയെടുത്ത വലിയൊരു വിഭാഗത്തിന് ഇത് ആശ്വാസം നൽകും.
എത്രത്തോളം ലാഭം
ഒന്‍പത് ശതമാനം പലിശ നിരക്കില്‍ 50 ലക്ഷം രൂപയുടെ ഭവന വായ്പ (20 വര്‍ഷത്തെ തിരിച്ചടവ്) എടുത്തയാള്‍ക്ക് 44,986 രൂപയാണ് പ്രതിമാസം തിരിച്ചടവ് (ഇഎംഐ) വരുന്നത്. വായ്പ കാലയളവില്‍ 58 ലക്ഷം രൂപ പലിശയായി അടയ്ക്കേണ്ടി വരും. പുതിയ സാഹചര്യത്തില്‍ മൊത്തം പലിശ ഭാരം 53.6 ലക്ഷം രൂപയായി കുറയും. കാല്‍ ശതമാനം പലിശ കുറയുമ്പോള്‍ ഭവന വായ്പെടുത്തയാള്‍ക്ക് 4.40 ലക്ഷം രൂപയോളം ലാഭം വരും. അതോടൊപ്പം വായ്പ കാലയളവ് 230 മാസമായി ചുരുങ്ങുകയും ചെയ്യും.
30 ലക്ഷം രൂപ 20 വര്‍ഷത്തേക്ക് ഒന്‍പത് ശതമാനം പലിശ നിരക്കില്‍ ഭവന വായ്പയെടുത്ത വ്യക്തിക്ക് നിലവിലെ ഇഎംഐ 26247 രൂപയായിരിക്കും. പലിശ നിരക്കില്‍ അര ശതമാനം കുറയുന്നതോടെ പ്രതിമാസം 1176 രൂപ കുറഞ്ഞ് 25071 രൂപയാകും ഇഎംഐ. വായ്പ അടച്ചുതീരുമ്പോള്‍ ഫലത്തില്‍ 2.8 ലക്ഷം രൂപയുടെ ലാഭം ഇതിലൂടെ ലഭിക്കും.