FILE PHOTO: A man speaks on his phone as he walks past the Reserve Bank of India (RBI) logo inside its headquarters in Mumbai, India, February 7, 2025. REUTERS/Francis Mascarenhas//File Photo
തുടര്‍ച്ചയായ രണ്ടാം തവണയും റീപ്പോ നിരക്ക് കാല്‍ ശതമാനം കുറച്ച് റിസര്‍വ് ബാങ്ക്. ഇന്ന് പ്രഖ്യാപിച്ച പണനയത്തിലാണ് റീപ്പോ നിരക്ക് ആറുശതമാനമാക്കിയത്. ഇതോടെ ഭവന,വാഹന,വ്യക്തിഗത വായ്പ നിരക്കുകള്‍ വീണ്ടും കുറയും. വിപണിയില്‍ പണലഭ്യത ഉറപ്പാക്കുന്നതിന്‍റെ ഭാഗമായാണ് നീക്കം. ട്രംപിന്‍റെ തിരിച്ചടിത്തീരുവ ഉള്‍പ്പടെയ ആഗോളതലത്തില്‍ ഉയരുന്ന നികുതി ഭീഷണികളെ മറികടക്കാന്‍ ഈ മാറ്റം അനിവാര്യമാണെന്നാണ് റിസര്‍വ് ബാങ്കിന്‍റെ വിലയിരുത്തല്‍.
അഞ്ചു വർഷത്തിനിടെ ആദ്യമായി അടിസ്ഥാന പലിശനിരക്ക് റിസർവ് ബാങ്ക് പണനയസമിതി ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് കാല്‍ ശതമാനം കുറച്ചത്. ഇതോടെ പുതിയ നിരക്ക് 6.25% ആയി. പിന്നാലെ ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശയും കുറഞ്ഞു. സ്ഥിരനിക്ഷേപ പലിശയും ആനുപാതികമായി കുറഞ്ഞിരുന്നു. തുടര്‍ച്ചയായ രണ്ടാം തവണയും കുറച്ചതോടെ ഈ സാമ്പത്തിക വര്‍ഷത്തില്‍ .75 ശതമാനം വരെ റീപ്പോ നിരക്ക് കുറച്ചേക്കുമെന്ന വിലയിരുത്തലിലാണ് സാമ്പത്തിക വിദഗ്ധര്‍.
2020 മേയിൽ കോവിഡ് കാലത്താണ് ഇതിനുമുൻപു പലിശ കുറച്ചത്. കോവിഡിനുശേഷം പണപ്പെരുപ്പം കൂടിയതോടെ ഘട്ടംഘട്ടമായി പലിശനിരക്ക് ഉയർത്തുകയും ചെയ്തു. വിലക്കയറ്റഭീഷണി ഒഴിഞ്ഞുതുടങ്ങിയ സാഹചര്യത്തിലാണ് സാമ്പത്തികവളർച്ചയ്ക്ക് ഉത്തേജനമേകാൻ പലിശനിരക്ക് കുറച്ചതെന്ന് ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്ര പറഞ്ഞു.