ആദായ നികുതി റിട്ടേൺ സമർപ്പിച്ച് റീഫണ്ടിനായി കാത്തിരിക്കുന്നവരാണോ? റിട്ടേൺ ഫയൽ ചെയ്തത് കൊണ്ടു മാത്രം റീഫണ്ട് തുക ലഭിക്കില്ല. റിട്ടേൺ വെരിഫൈ ചെയ്തതിന് ശേഷം മാത്രമെ ആദായ നികുതി വകുപ്പ് റീഫണ്ട് നടപടികളിലേക്ക് കടക്കുകയുള്ളൂ. ഇ-ഫയലിംഗ് പോർട്ടലിൽ ആധാർ ഒടിപി, നെറ്റ് ബാങ്കിംഗ് എനിവ വഴി ഇ-വെരിഫിക്കേഷൻ നടത്താം. ഒപ്പിട്ട റിട്ടേൺ ആദായ നികുതി വകുപ്പിന് അയച്ചു കൊടുത്തും വെരിഫിക്കേഷൻ പൂർത്തിയാക്കാം.
വെരിഫിക്കേഷന് ശേഷമാണ് ആദായ നികുതി വകുപ്പ് റീഫണ്ട് നടപടികളിലേക്ക് കടക്കുക. ഇതിന് സാധാരണ 4-5 ആഴ്ച വരെ എടുക്കും. റിട്ടേണിലെ സങ്കീർണത അനുസരിച്ച് പ്രോസസിംഗിന് നീളും. റീഫണ്ട് വൈകാനുള്ള കാരണങ്ങളിലൊന്ന് തിരഞ്ഞെടുത്ത ഐടിആർ ഫോം ആണ്. ഐടിആർ–1, ഐടിആർ-4 പോലുള്ള എളുപ്പമുള്ള ഫോം പ്രോസസ് ചെയ്യുന്നതിനേക്കാൾ സമയം ഐടിആർ–2, ഐടിആർ–3 എന്നിവയ്ക്ക് ആവശ്യമാണ്. ഉയർന്ന തുക റീഫണ്ടായി ലഭിക്കാനുള്ള അവസരത്തിലും സമയമെടുത്തുള്ള പരിശോധന നടക്കും.
നിയമപരമായി 2024-25 സാമ്പത്തിക വർഷത്തെ ആദായ നികുതി റിട്ടേണുകൾ പ്രോസസ് ചെയ്യാൻ 2025 ഡിസംബർ വരെ സമയമുണ്ട്. എന്നാൽ മികച്ച സാങ്കേതികവിദ്യയുള്ളതിനാൽ നിലവിൽ വേഗത്തിൽ പ്രോസസിംഗ് പൂർത്തിയാക്കാറുണ്ട്. റിട്ടേൺ സമർപ്പിച്ചവര്‍ക്ക് റീഫണ്ട് വൈകുന്നതിന് അനുസരിച്ച് പലിശ ലഭിക്കും. 0.50 ശതമാനമാണ് മാസ പലിശ. കൃത്യസമയത്ത് റിട്ടേൺ ഫയൽ ചെയ്തവരാണെങ്കിൽ ഏപ്രിൽ ഒന്ന് മുതൽ ലഭിക്കുന്ന ദിവസം വരെ പലിശ ലഭിക്കും. റിട്ടേൺ ഫയൽ ചെയ്യാൻ വൈകിയവരാണെങ്കിൽ സമർപ്പിച്ച ദിവസം മുതൽ പലിശ ലഭിക്കും. റീഫണ്ട് തുക യഥാർത്ഥ ആദായ നികുതി ബാധ്യതയുടെ 10 ശതമാനത്തിൽ കുറവാണെങ്കിൽ പലിശ ലഭിക്കില്ല.
റീഫണ്ട് സ്റ്റാറ്റസ് പരിശോധിക്കാം
ഓൺലൈനായി ആദായ നികുതി റിട്ടേൺ റീഫണ്ട് സ്റ്റാറ്റസ് പരിശോധിക്കാൻ ഇ-ഫയലിംഗ് പോർട്ടലിന്റെ ഐഡി, പാസ്‍വേർഡ് ആവശ്യമാണ്. പാൻ-ആധാർ ലിങ്ക് ചെയ്തിരിക്കണം. ഫയൽ ചെയ്ത ആദായ നികുതി റിട്ടേണിന്റെ എക്നോളജ്മെന്റ് നമ്പറും അറിയണം. ഇ-ഫയലിംഗ് പോർട്ടലിലേക്ക് ലോഗിൻ ചെയത് ശേഷം ഇ-ഫയൽ ടാബിൽ നിന്നും ഇൻകം ടാക്സ് റിട്ടേൺ സെലക്ട് ചെയ്യുക. ഇവിടെ View Filed Returns എന്ന ഭാഗത്ത് ക്ലിക്ക് ചെയ്താൽ അസസ്മെന്റ് വർഷം അനുസരിച്ച് റീഫണ്ട് സ്റ്റാറ്റസ് അറിയാൻ സാധിക്കും.