വരുന്ന കേന്ദ്ര ബജറ്റില്‍ പുതിയ ആദായ നികുതി വ്യവസ്ഥയില്‍ കാര്യമായ മാറ്റം കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍. പുതിയ നികുതി വ്യവസ്ഥ തിരഞ്ഞെടുക്കുന്നവര്‍ക്ക് വാര്‍ഷിക വരുമാനം 10 ലക്ഷം രൂപ വരെ ആദായ നികുതി ഒഴിവാക്കുന്നതാണ് സുപ്രധാന തീരുമാനം. 15 ലക്ഷത്തിനും 20 ലക്ഷത്തിനും ഇടയില്‍ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് 25 ശതമാനം ടാക്സ് സ്ലാബ് അവതരിപ്പിച്ചേക്കുമെന്നും ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. ഫെബ്രുവരി ഒന്നിനാണ് 2025-26 സാമ്പത്തിക വര്‍ഷത്തെ കേന്ദ്ര ബജറ്റ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിക്കുക.
നിലവില്‍ പുതിയ ആദായ നികുതി വ്യവസ്ഥ പ്രകാരം ശമ്പളക്കാരായ നികുതിദായകര്‍ക്ക് 7.75 ലക്ഷം രൂപ വരെ ആദായ നികുതി ബാധ്യത വരുന്നില്ല.
75,000 രൂപ സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ സഹിതമാണിത്. 15 ലക്ഷം രൂപയ്ക്ക് മുകളില്‍ വരുമാനമുള്ളവരാണ് നിലവില്‍ 30 ശതമാനത്തിന്‍റെ ഉയര്‍ന്ന ടാക്സ് സ്ലാബില്‍ വരുന്നത്. ഇതിന് പകരം 10 ലക്ഷം രൂപ വരെ നികുതി ഒഴിവാക്കി 15 ലക്ഷത്തിനും 25 ലക്ഷത്തിനും ഇടയില്‍ വരുമാനം ഉള്ളവര്‍ക്കായി 25 ശതമാനത്തിന്‍റെ പുതിയ നികുതി സ്ലാബ് ആണ് ആലോചിക്കുന്നത്.
ആദായനികുതി ഇളവുകള്‍ നല്‍കുകയാണെങ്കില്‍ കേന്ദ്ര സര്‍ക്കാറിന് 50,000 കോടി മുതല്‍ ഒരു ലക്ഷം കോടി രൂപ വരെ വരുമാന നഷ്ടം ഉണ്ടാകുമെന്നുമാണ് റിപ്പോര്‍ട്ട്.
പുതിയ നികുതി വ്യവസ്ഥ പ്രകാരം, നികുതിബാധകമായ വരുമാനമുള്ളവര്‍ക്ക് മൂന്ന് ലക്ഷം രൂപ വരെ ആദായ നികുതിയില്ല. മൂന്ന് ലക്ഷത്തിന് മുകളില്‍ ഏഴ് ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ക്ക് അഞ്ച് ശതമാനമാണ് നികുതി നിരക്ക്. ഏഴ് ലക്ഷം മുതൽ 10 ലക്ഷം രൂപവരെ 10 ശതമാനവും 10 ലക്ഷത്തിന് മുകളിൽ 12 ലക്ഷം രൂപവരെ 15 ശതമാനവും 12 ലക്ഷത്തിന് മുകളിൽ 15 ലക്ഷം രൂപവരെയുള്ളവർക്ക് 20 ശതമാനവുമാണ് നികുതി. 15 ലക്ഷത്തിന് മുകളിൽ വരുമാനകാര്‍ക്ക് 30 ശതമാനം നിരക്കിലാണ് നികുതി.