ഓരോ കേന്ദ്ര ബജറ്റിലും ഇടത്തരക്കാരായ ശമ്പളക്കാര്‍ പ്രതീക്ഷ വെയ്ക്കുന്ന ഒരുഭാഗമാണ് ആദായ നികുതി. 2024 ലെ കേന്ദ്ര ബജറ്റില്‍ പുതിയ നികുതി വ്യവസ്ഥയില്‍ ചില്ലറമാറ്റങ്ങള്‍ വരുത്തിയത് ഒഴിച്ചാല്‍ ആദായ നികുതിയില്‍ സാധാരണക്കാര്‍ക്ക് നിരാശയായിരുന്നു ഫലം. ഈ ബജറ്റിലെങ്കിലും ശമ്പളത്തില്‍മേലുള്ള നികുതി ചെലവ് കുറയുമെന്ന പ്രതീക്ഷ ഈ വിഭാഗം വച്ചുപുലര്‍ത്തുന്നുണ്ട്. 

2024-25 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ പ്രതീക്ഷിക്കുന്ന വളര്‍ച്ച 6.4 ശതമാനമാണ്. നാല് വര്‍ഷത്തിനിടയിലെ കുറഞ്ഞ വളര്‍ച്ച. ഇതിനൊപ്പം സമ്പദ്‍വ്യവസ്ഥയുടെ 58 ശതമാനമായ സ്വകാര്യ ഉപഭോഗം സമ്മര്‍ദ്ദത്തിലാണ്. ഇടത്തരക്കാരുടെ ചെലവാക്കല്‍ രീതി കുറഞ്ഞതാണ് ഇതിന് കാരണം. നികുതി കുറയ്ക്കുന്നത് വഴി ജനങ്ങളുടെ കയ്യില്‍ കൂടുതല്‍ പണമെത്തുകയും മൊത്തം സാമ്പത്തിക പ്രവര്‍ത്തനത്തെ ഉത്തേജിപ്പിക്കുകയും ചെയ്യും. 

പണപ്പെരുപ്പ‌ം വില്ലനായി തുടരുകയാണ്. മൊത്തത്തിലുള്ള പണപ്പെരുപ്പം കുറയുന്നുണ്ടെങ്കിലും ഭക്ഷവസ്തുക്കളുടെ വില കയറ്റം 8.39 ശതമാനത്തിലാണ്. പച്ചക്കറി വില 26 ശതമാനമാണ് ഉയര്‍ന്നത്. ഈ ഘട്ടത്തില്‍ ആദായ നികുതി സ്ലാബ് കുറയ്ക്കുന്നത് കുടുംബങ്ങള്‍ക്ക് ആശ്വാസമാകും. ഇക്കാരണങ്ങളാല്‍ നികുതി പരിഷ്കാരത്തിലേക്ക് സര്‍ക്കാര്‍ കടക്കുമെന്നാണ് വിലയിരുത്തല്‍. 

പുതിയ നികുതി വ്യവസ്ഥ തിരഞ്ഞെടുക്കുന്നവര്‍ക്ക് വാര്‍ഷിക വരുമാനം 10 ലക്ഷം രൂപ വരെ ആദായ നികുതി ഒഴിവാക്കിയേക്കാം എന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ പുതിയ ആദായ നികുതി വ്യവസ്ഥ പ്രകാരം ശമ്പളക്കാരായ നികുതിദായകര്‍ക്ക് 7.75 ലക്ഷം രൂപ വരെ ആദായ നികുതി ബാധ്യത വരുന്നില്ല. ഈ പരിധി 10 ലക്ഷമാക്കി ഉയര്‍ത്തുമെന്നാണ് പ്രതീക്ഷ. 

15 ലക്ഷത്തിനും 20 ലക്ഷത്തിനും ഇടയില്‍ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് 25 ശതമാനം ടാക്സ് സ്ലാബ് അവതരിപ്പിക്കാനും സാധ്യതയുണ്ട്. 

മറ്റൊന്ന് അടിസ്ഥാന ഇളവ് പരിധിയാണ്. പുതിയ നികുതി വ്യവസ്ഥയില്‍ 3 ലക്ഷം രൂപ വരുമാനമുള്ളവര്‍ക്ക് മുതല്‍ നികുതി ബാധ്യത വരുന്നുണ്ട്. നേരത്തെ 2.50 ലക്ഷമായിരുന്ന ഇളവ് പരിധി 2024 ബജറ്റിലാണ് ഉയര്‍ത്തിയത്. 3 ലക്ഷത്തില്‍ നിന്നും 5 ലക്ഷം രൂപയാക്കി ഉയര്‍ത്തിയേക്കും എന്നാണ് ഒരു പ്രതീക്ഷ. 

പുതിയ നികുതിദായകര്‍ക്ക് കുറഞ്ഞ പലിശ നിരക്കിലുള്ള പുതിയ നികുതി വ്യവസ്ഥ ആകര്‍ഷകമാക്കിയതോടെ ഇളവുകള്‍ നല്‍കുന്ന പഴയ നികുതി സമ്പ്രദായത്തില്‍ നിന്നും പലരും പിന്മാറി. ഔദ്യോഗിക കണക്ക് അനുസരിച്ച് 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 72 ശതമാനം നികുതിദായകരും പുതിയ നികുതി സമ്പ്രദായത്തിലേക്ക് മാറി.

കഴിഞ്ഞ ബജറ്റില്‍ പുതിയ നികുതി വ്യവസ്ഥയിലായിരുന്നു ഇളവുകള്‍ ഭൂരിഭാഗവും. പുതിയ വ്യവസ്ഥയില്‍ കൂടുതല്‍‍ ഇളവുകള്‍ നല്‍കി പഴയ നികുതി വ്യവസ്ഥയെ അപ്രസക്തമാക്കുന്ന തീരുമാനം വന്നേക്കാം. 

കഴിഞ്ഞ ബജറ്റിലാണ് സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ 50,000 രൂപയില്‍ നിന്നും 75,000 രൂപയാക്കി ഉയര്‍ത്തിയത്. ഇത് ഒരു ലക്ഷം രൂപയാക്കി ഉയര്‍ത്താനും 80 സി നികുതി ഇളവ്  പുതിയ നികുതി വ്യവസ്ഥയിലേക്ക് കൂടി വ്യാപിപ്പിക്കാനും സാധ്യതയുണ്ട്. 

ഫെബ്രുവരി ഒന്നിനാണ് 2025-26 സാമ്പത്തിക വര്‍ഷത്തെ കേന്ദ്ര ബജറ്റ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിക്കുക.

ENGLISH SUMMARY:

Union Budget 2025 may bring major income tax reforms, including raising the exemption limit to ₹5 lakh and tax-free income up to Rs 10 lakh under the new regime. Find out the expected tax changes and their impact.