സാമ്പത്തിക ആസൂത്രണത്തില്‍ പ്രധാനപ്പെട്ട ഘടകമാണ് ആരോഗ്യ ഇൻഷുറൻസ്. ഇടയ്ക്കിടെയുള്ള ആരോഗ്യ പ്രശ്നങ്ങള്‍ വലയ്ക്കുന്ന മുതിര്‍ന്നവരാണെങ്കില്‍ ആശുപത്രി ചിലവ് വലിയ തുകയാകും. ഈ പ്രതിസന്ധിക്ക് പരിഹാരമാവുകയാണ് ആയുഷ്മാൻ ഭാരത് സ്കീമിന് കീഴിലുള്ള പുതിയ ആരോഗ്യ ഇന്‍ഷൂറന്‍സ്. പദ്ധതി പ്രകാരം ഇത് 70 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് മറ്റു മാനദണ്ഡങ്ങളില്ലാതെ സൗജന്യ ചികിത്സ ലഭിക്കും. അഞ്ച് ലക്ഷം രൂപ വരെയാണ് ഇന്‍ഷൂറന്‍സ് പരിരക്ഷ.
വരുമാനവും മറ്റ് മാനദണ്ഡങ്ങളും അടിസ്ഥാനമാക്കി എല്ലാ പ്രായത്തിലുമുള്ള പൗരന്മാർക്കായി അഞ്ച് ലക്ഷം രൂപയുടെ ആയുഷ്മാൻ ഭാരത് ഇന്‍ഷൂറന്‍സ് നിലവിലുണ്ട്. പുതിയ പദ്ധതി പ്രകാരം, 70 വയസും അതിൽ കൂടുതലുമുള്ള മുതിർന്ന പൗരന്മാർക്കാണ് പരിരക്ഷ ലഭിക്കുക. ഈ പ്രായ പരിധിയിലുള്ളവര്‍ക്ക് മാത്രമായി അഞ്ച് ലക്ഷം രൂപയുടെ അധിക ആരോഗ്യ പരിരക്ഷയും ലഭിക്കും.
കുടുംബാടിസ്ഥാനത്തിലാണ് ഈ ആരോഗ്യ ഇൻഷൂറൻസ് പോളിസി ലഭിക്കുക. ഒരു കുടുംബത്തിൽ 70 വയസിന് മുകളിൽ പ്രായമുള്ള ഒന്നിലധികം പേർ കുടുംബത്തിലുണ്ടെങ്കിൽ അഞ്ച് ലക്ഷം രൂപയുടെ പരിരക്ഷ വീതിക്കപ്പെടും. ഓരോരുത്തർക്കും അഞ്ച് ലക്ഷം രൂപയുടെ പരിരക്ഷ ലഭിക്കില്ല. വരുമാന പരിധിയില്ലെന്നതാണ് പദ്ധതിയുടെ ഗുണം. എല്ലാ വരുമാന ഗ്രൂപ്പിൽപ്പെട്ടവർക്കും പോളിസി ലഭിക്കും.
പദ്ധതി തിരഞ്ഞെടുത്തതിന്‍റെ ആദ്യ ദിവസം മുതൽ അഞ്ച് ലക്ഷം രൂപയുടെ മെഡിക്കൽ കവറേജ് ലഭിക്കും. നേരത്തെയുള്ള രോഗങ്ങൾക്ക് പോലും ചികിത്സയ്ക്കായി കാത്തിരിപ്പ് കാലയളവില്ലെന്നതാണ് പ്രത്യേകത. ആയുഷ്മാൻ ഭാരത് പദ്ധതിക്ക് കീഴില്‍ ചികിത്സകൾക്കായി പണരഹിത സെറ്റിൽമെന്‍റുള്ള നെറ്റ്‌വർക്ക് ആശുപത്രികളുടെ പട്ടിക ആയുഷ്മാൻ രജിസ്ട്രേഷൻ പോർട്ടലിൽ ലഭ്യമാണ്.
എങ്ങനെയാണ് രജിസ്ട്രേഷന്‍
ആയുഷ്മാൻ ഭാരത് സീനിയർ സിറ്റിസൺ സ്‌കീമിന്‍റെ ഗുണഭോക്താക്കളാകാന്‍ വെബ്സൈറ്റിലൂടെയും ആപ്പിലൂടെയും അപേക്ഷിക്കാം. ആധാർ കാർഡ്, മൊബൈൽ നമ്പർ, ഇമെയിൽ ഐഡി എന്നിവ തയ്യാറാക്കി വച്ച് അപേക്ഷിക്കാന്‍ തുടങ്ങാം.
ആദ്യം NHA പോർട്ടൽ (abdm.gov.in) സന്ദർശിക്കണം. ഫോണ്‍ നമ്പര്‍ നല്‍കി ലോഗിന്‍ ചെയ്യണം. ക്യാപ്‌ച നൽകി OTP സ്ഥിരീകരിക്കുക.
എൻറോൾമെന്‍റ് ബാനറിൽ ക്ലിക്ക് ചെയ്താണ് രജിസ്ട്രേഷന്‍ തുടങ്ങേണ്ടത്. ചോദിക്കുന്ന വിശദാംശങ്ങൾ പൂരിപ്പിക്കുക. സംസ്ഥാനം, ജില്ല, ആധാർ നമ്പർ എന്നിവ നൽകുക. തുടര്‍ന്ന് കെവൈസി പൂർത്തിയാക്കുക. കെവൈസി സ്ഥിരീകരണത്തിനായി ആധാർ ഒടിപി ഉപയോഗിക്കുകയും ഫോട്ടോ അപ്‌ലോഡ് ചെയ്യുകയും വേണം. 15 മിനിറ്റിനുള്ളിൽ ആയുഷ്മാൻ വയ വന്ദന കാർഡ് ഡൗൺലോഡ് ചെയ്യാം.