സ്വര്‍ണവില കൂടുന്നതും കുറയുന്നതും കണ്ട് ആശങ്കപ്പെടേണ്ട. സ്വര്‍ണം വാങ്ങാതെ തന്നെ സ്വര്‍ണത്തില്‍ നിക്ഷേപിക്കാം. പലിശയും ലാഭവും ഉറപ്പ്. കേന്ദ്രസര്‍ക്കാരിന്റെ സോവറിന്‍ ഗോള്‍ഡ് ബോണ്ട് പദ്ധതിയുടെ നാലാം സീരീസ് സബ്സ്ക്രിപ്ഷന്‍ തുടരുന്നു. ഈമാസം 16 ആണ് ബോണ്ട് വാങ്ങാവുന്ന അവസാന തീയതി. കേന്ദ്രസര്‍ക്കാരിനുവേണ്ടി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയാണ് ബോണ്ട് പുറത്തിറക്കുന്നതും നിക്ഷേപം സ്വീകരിക്കുന്നതും ആദായം നല്‍കുന്നതും.
എന്താണ് സോവറിന്‍ ഗോള്‍ഡ് ബോണ്ട് പദ്ധതി ?
സ്വര്‍ണം ആഭരണമായോ നാണയമായോ മറ്റേതെങ്കിലും രൂപത്തിലോ വാങ്ങി കൈവശം വയ്ക്കുന്നതിന് പകരം സ്വര്‍ണത്തിന്റെ വില ട്രാക്ക് ചെയ്യുന്ന നിക്ഷേപ മാര്‍ഗമാണ് സോവറിന്‍ ഗോള്‍ഡ് ബോണ്ട്. ഇന്ത്യയില്‍ താമസിക്കുന്ന വ്യക്തികള്‍, അവിഭജിത ഹിന്ദു കുടുംബങ്ങള്‍ (HUFs), ട്രസ്റ്റുകള്‍, സര്‍വകലാശാലകള്‍, ചാരിറ്റബിള്‍ സ്ഥാപനങ്ങള്‍ എന്നിവയ്ക്കാണ് ഈ ബോണ്ടുകള്‍ വാങ്ങാന്‍ അര്‍ഹതയുള്ളത്. എട്ടുവര്‍ഷമാണ് ബോണ്ടിന്റെ കാലാവധി.
ഗോള്‍ഡ് ബോണ്ടിന്റെ വില
ഒരു ഗ്രാം സ്വര്‍ണത്തിന് ഒരു ബോണ്ട് എന്ന രീതിയിലാണ് സബ്സ്ക്രിപ്ഷന്‍. 24 കാരറ്റ് സ്വര്‍ണം ഗ്രാമിന് 6,263 രൂപ എന്ന നിരക്കിലാണ് ഇക്കുറി ബോണ്ട് വില്‍ക്കുന്നത്. സബ്സ്ക്രിപ്ഷന്‍ തുടങ്ങുന്നതിന് തൊട്ടുമുന്‍പുള്ള ആഴ്ചയിലെ അവസാന മൂന്ന് ട്രേഡിങ് ദിനങ്ങളിലെ സ്വര്‍ണവിലയുടെ ശരാശരി കണക്കാക്കിയാണ് ബോണ്ട് വില നിശ്ചയിക്കുക. അതായത് നാലാം സീരീസ് ബോണ്ട് വില്‍പന തുടങ്ങിയത് ഫെബ്രുവരി 12നാണ്. അതിന് മുന്‍പുള്ള ആഴ്ചയിലെ അവസാന മൂന്ന് പ്രവൃത്തിദിനങ്ങളിലെ (ഫെബ്രുവരി 7, 8, 9) സ്വര്‍ണവിലയുടെ ശരാശരിയാണ് 6,263 രൂപ. ഓണ്‍ലൈനായി വാങ്ങിയാല്‍ ഗ്രാമിന് 50 രൂപ കുറച്ചുനല്‍കിയാല്‍ മതി.
ഒരാള്‍ക്ക് എത്ര വാങ്ങാം?
ഒരു വ്യക്തിക്ക് ഒരു സാമ്പത്തികവര്‍ഷം 4 കിലോ സ്വര്‍ണത്തിനുള്ള ബോണ്ട് വാങ്ങാം. ഹിന്ദു അണ്‍ഡിവൈഡഡ് ഫാമിലി വിഭാഗത്തില്‍പ്പെട്ട കൂട്ടുകുടുംബങ്ങള്‍ക്കും ഒരു സാമ്പത്തികവര്‍ഷം 4 കിലോ സ്വര്‍ണത്തില്‍ മാത്രമേ ഗോള്‍ഡ് ബോണ്ട് നിക്ഷേപം നടത്താന്‍ കഴിയൂ. ട്രസ്റ്റുകളും മറ്റ് അര്‍ഹരായ സ്ഥാപനങ്ങള്‍ക്കും ഒരുവര്‍ഷം 20 കിലോ സ്വര്‍ണം വരെ ബോണ്ട് ആയി വാങ്ങാന്‍ അനുമതിയുണ്ട്.
വരുമാനം എങ്ങനെ?
നിക്ഷേപത്തിന് റിസര്‍വ് ബാങ്ക് 2.5 ശതമാനം പലിശ നല്‍കും. നിക്ഷേപകന്റെ ബാങ്ക് അക്കൗണ്ടിലേക്ക് ആറുമാസം കൂടുമ്പോള്‍ പലിശ എത്തും. ഇതിന് നികുതിയും നല്‍കണം. എന്നാല്‍ പലിശയല്ല സോവറിന്‍ ഗോള്‍ഡ് ബോണ്ടിന്റെ പ്രധാന ആകര്‍ഷണം. സ്വര്‍ണത്തിന്റെ മൂല്യംവര്‍ധിക്കുന്നത് വഴിയുണ്ടാകുന്ന അധികലാഭമാണ്. 2016ല്‍ പുറത്തിറക്കിയ ആദ്യ സോവറിന്‍ ഗോള്‍ഡ് ബോണ്ട് ഈമാസം എട്ടിന് മെച്വര്‍ ആയപ്പോള്‍ നിക്ഷേപകര്‍ക്ക് ലഭിച്ച അറ്റാദായം 163 ശതമാനമാണ്. ഒന്നര ഇരട്ടിയിലേറെ ലാഭം. എക്സ്റ്റന്‍ഡഡ് ഇന്റേണല്‍ റേറ്റ് ഓഫ് റിട്ടേണ്‍ (XIRR) ആകട്ടെ 13.6 ശതമാനവും. നിക്ഷേപത്തിന് സര്‍ക്കാര്‍ നല്‍കുന്ന പലിശയ്ക്ക് മാത്രമേ നികുതി നല്‍കേണ്ടതുള്ളു. നിക്ഷേപകാലാവധി പൂര്‍ത്തിയാകുമ്പോള്‍ ലഭിക്കുന്ന വലിയ തുകയ്ക്ക് (ക്യാപ്പിറ്റല്‍ അപ്രീസിയേഷന്‍) നികുതി നല്‍കേണ്ട.
ഗോള്‍ഡ് ബോണ്ട് എവിടെ കിട്ടും?
സ്മോള്‍ ഫിനാന്‍സ് ബാങ്കുകള്‍, പേയ്മെന്റ് ബാങ്കുകള്‍, റീജണല്‍ റൂറല്‍ ബാങ്കുകള്‍ എന്നിവ ഒഴികെയുള്ള വാണിജ്യബാങ്കുകളില്‍ നിന്ന് സോവറിന്‍ ഗോള്‍ഡ് ബോണ്ട് വാങ്ങാം. സ്റ്റോക്ക് ഹോള്‍ഡിങ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (SHCIL),, ക്ലിയറിങ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (CCIL), തിരഞ്ഞെടുത്ത പോസ്റ്റ് ഓഫിസുകള്‍, അംഗീകൃത സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍ എന്നിവ വഴിയും അംഗീകൃത ഏജന്റുമാര്‍ വഴിയും ഗോള്‍ഡ് ബോണ്ടില്‍ നിക്ഷേപം നടത്താം. ഇവ കൂടാതെയാണ് ഓണ്‍ലൈന്‍ നിക്ഷേപസൗകര്യം.
നേരിയ ഏറ്റക്കുറച്ചിലുകളൊഴിച്ചാല്‍ സ്വര്‍ണത്തിന്റെ വില മുന്നോട്ടുതന്നെയാണ് എന്നത് സോവറിന്‍ ഗോള്‍ഡ് ബോണ്ടിന്റെ സ്ഥിരതയും വിശ്വാസ്യതയും വര്‍ധിപ്പിക്കുന്നു. ഹൃസ്വകാല നിക്ഷേപത്തിന് യോജിച്ചതല്ല എന്നതുമാത്രമാണ് പോരായ്മ. എട്ടുവര്‍ഷം എന്ന കാലാവധി പൂര്‍ത്തിയാക്കാന്‍ തയാറുള്ളവര്‍ക്ക് മികച്ച നേട്ടം തന്നെയാണ് ഈ ബോണ്ട് എന്നതില്‍ തര്‍ക്കമില്ല.
New Issue Of Sovereign Gold Bond Opens