TOPICS COVERED

എൻഡിഎ സർക്കാറിന് ഭരണതുടർച്ചയുണ്ടാകുമെന്ന എക്സിറ്റ് പോൾ പ്രവചനങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിലുണ്ടായ കുതിപ്പിൽ വലിയ നേട്ടമുണ്ടാക്കി അദാനി ഗ്രൂപ്പ്. 16 ശതമാനം വരെയാണ് തിങ്കളാഴ്ച അദാനി ഗ്രൂപ്പ് ഓഹരികള്‍ നേട്ടമുണ്ടാക്കിയത്. ഗ്രൂപ്പിന് കീഴിലുള്ള 10 ലിസ്റ്റഡ് കമ്പനികളുടെ വിപണി മൂല്യം 1.40 ലക്ഷം കോടി ഉയർന്ന് 19.24 ലക്ഷം കോടി രൂപയായി. 

ആറു മാസത്തിനിടെ നിക്ഷേപം ഇരട്ടിയാക്കിയ അദാനി പവർ, തിങ്കളാഴ്ച 16 ശതമാനം ഉയർന്ന് 52 ആഴ്ചയിലെ ഉയർന്ന വിലയായ 875 രൂപയിലെത്തി. അദാനി പോർട്സ് 9 ശതമാനവും അദാനി എന്‍റര്‍പ്രൈസ് 7 ശതമാനവും നേട്ടമുണ്ടാക്കി. അദാനി ടോട്ടൽ ഗ്യാസ്, അദാനി എനർജി സൊല്യൂഷൻസ്, അദാനി ഗ്രീൻ എന്നി ഓഹരികൾ 7-8 ശതമാനം വരെ നേട്ടമുണ്ടാക്കി. അദാനി വിൽമർ 3.50 ശതമാനം ഉയർന്നു. 

സിമന്‍റ് കമ്പനികളായ അംബുജ സിമന്‍റ്സ് 4 ശതമാനവും എ.സി.സി സിമന്‍റ്സ് 3 ശതമാനവും നേട്ടമുണ്ടായി. ബിജെപിക്ക് മികച്ച ഭൂരിപക്ഷം പ്രവചിക്കുന്ന എക്സിറ്റ് പോളുകൾക്ക് പിന്നാലെ ഇന്ത്യൻ ഓഹരി വിപണിയിൽ വൻ കുതിപ്പ് രേഖപ്പെടുത്തി. സെൻസെക്സും നിഫ്റ്റിയും റെക്കോർഡ് ഉയരത്തിലാണ് വ്യാപാരം ആരംഭിച്ചത്. സെൻസെക്സ് 2,600 ലധികം പോയിന്റ് നേട്ടത്തിൽ 76,583.29 ലും നിഫ്റ്റി 808 പോയിന്റ് നേട്ടത്തിൽ 23,338.70 നിലവാരത്തിലുമാണ് വ്യാപാരം ആരംഭിച്ചത്. സെൻസെക്സ് 76,738.89 ൽ പുതിയ സർവകാല ഉയരവും കുറിച്ചു. 

മിഡ്‌കാപ്, സ്‌മോൾകാപ് സൂചികകളും പുതിയ റെക്കോർഡ് ഉയരങ്ങളിലാണ്. ബിഎസ്ഇ മിഡ്കാപ് സൂചിക നാല് ശതമാനം ഉയർന്ന് 44,560.97 ൽ സർവകാല ഉയരം കുറിച്ചു. സ്മോൾകാപ് സൂചിക 48,973.96 വരെ ഉയർന്നു. 3.6 ശതമാനമാണ് നേട്ടം. എസ്ബിഐ, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, ഭാരതി എയർടെൽ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എൻടിപിസി, അടക്കം 200 ഓളം ഓഹരികൾ 52 ആഴ്ചയിലെ ഉയർന്ന നിലവാരത്തിലെത്തി. 

ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച അനിശ്ചിതത്വത്തിനിടെ മേയ് മാസത്തിൽ കനത്ത ചാഞ്ചാട്ടമാണ് ഇന്ത്യൻ ഓഹരി വിപണിയിലുണ്ടായത്. പ്രധാന എക്സിറ്റ് പോളുകളെല്ലാ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎയ്ക്ക് സാധ്യത പ്രവചിച്ചതോടെയാണ് വിപണി കുതിച്ചത്. ഇന്ത്യ ടുഡേ- മൈ ആക്സിസ് ഇന്ത്യ, ഇന്ത്യ ടിവി- സിഎൻഎക്സ്, ന്യൂസ്24- ടുഡേയ്സ് ചാണക്യ എക്സിറ്റ് പോളുകൾ എൻഡിഎയ്ക്ക് 400 സീറ്റിന് മുകളിലാണ് പ്രവചിക്കുന്നത്. ഇന്ത്യ മുന്നണി 200 കടക്കില്ലെന്നുമാണ് പ്രവചനം.